
ദില്ലി : കോടതി വിധിക്ക് പിന്നാലെ സൂറത്തിൽ നിന്നും മടങ്ങിയെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ദില്ലി വിമാനത്താവളത്തിൽ നേതാക്കളുടെയും പ്രവർത്തകരുടെ സ്വീകരണം. നൂറുകണക്കിന് പാർട്ടി പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. വിമാനത്താവളത്തിന്റെ ടെർമിനലിന്റെ ഭാഗത്തേക്ക് പ്രവർത്തകരെ കൂടുതലായി എത്തിച്ചേരാൻ പൊലീസ് അനുവദിച്ചില്ല. ഇവിടെ ബാരിക്കേഡ് വച്ച് തടഞ്ഞു. അർധസൈനികരെയടക്കം വിന്യസിച്ച് കർശന സുരക്ഷയാണ് വിമാനത്താവളത്തിന്റെ പരിസരത്ത് ഒരുക്കിയിരുന്നത്. രാഹുലിനെ സ്വീകരിക്കാൻ കേരളത്തിൽ നിന്നുള്ള എംപിമാരും എത്തിയിരുന്നു.
2019 ൽ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരായ പരാതിയിലാണ് സൂറത്ത് കോടതി രാഹുൽ ഗാന്ധിയ്ക്ക് 2വർഷം തടവ് ശിക്ഷ വിധിച്ചത്. മോദി സമുദായത്തെ ആകെ അപമാനിക്കുന്നതാണ് പരാമർശമെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ പൂർണേഷ് മോദി നൽകിയ പരാതിയിലാണ് വിധി. കോടതിയിലെത്തിയപ്പോൾ മാപ്പ് പറഞ്ഞ് കേസ് തീർക്കാൻ രാഹുലും തയ്യാറായില്ല. നാല് വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്എച്ച് വർമ്മ ശിക്ഷ വിധിച്ചത്.
നിയമ നിർമ്മാണ സഭയിലെ അംഗം തന്നെയാണ് നിയമലംഘനം നടത്തിയതെന്നും പരമാവധി ശിക്ഷ നൽകണമെന്നുമുള്ള ആവശ്യമാണ് ശിക്ഷാ വിധിക്ക് മുന്നോടിയായുള്ള വാദത്തിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. നീരവ് മോദിയുടേയും ലളിത് മോദിയുടേയും നരേന്ദ്രമോദിയുടേയും പേരെടുത്ത് പറഞ്ഞ പ്രസംഗം മോദി സമുദായത്തിനാകെ എതിരല്ലെന്ന് രാഹുലിന്‍റെ അഭിഭാഷകനും വാദിച്ചു. എംപിയെന്ന നിലയിൽ രാഹുലിന്‍റെ വാക്കുകൾ വലിയ സ്വാധീനമുണ്ടെന്നും ചെറിയ ശിക്ഷ നൽകിയാൽ അത് നൽകുന്ന സന്ദേശം തെറ്റാവുമെന്നും കോടതി നിരീക്ഷിച്ചു. നൽകുന്ന ശിക്ഷ കുറഞ്ഞ് പോയാൽ അത് തെറ്റുചെയ്യുന്നവർക്കുള്ള പ്രോത്സാഹനമാവുമെന്നും വിധിയിലുണ്ട്. ജാമ്യം ലഭിച്ച രാഹുൽ ഇനി മേൽക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യും. അതിനായി ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്ക് കോടതി മരവിപ്പിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിക്കൊപ്പം സംസ്ഥാനത്തെയും ദേശീയ നേതൃത്വത്തിലെയും നേതാക്കളും കോടതിയിലേക്ക് എത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam