
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെ ബഹുമാനത്തോടെയും, സർ എന്നും അഭിസംബോധന ചെയ്തില്ല എന്നും അതിന്റെ പേരിൽ മിമിക്രി താരം മഹേഷ് കുഞ്ഞുമോനെതിരെ സൈബർ ആക്രമണം നടന്നതുമായുള്ള വാർത്ത അലോസരപ്പെടുത്തുന്നതാണെന്ന് കോൺഗ്രസ് നേതാവ് രാജു പി നായർ. ഹേഷ് കുഞ്ഞുമോനെതിരെ അത്തരത്തിൽ ഏതെങ്കിലും വിമർശനം ഉണ്ടായിട്ടുണ്ടെങ്കിൽ അത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. മഹേഷിന് അതിന്റെ പേരിൽ മാപ്പ് പറയേണ്ടി വന്നിട്ടുണ്ടെങ്കിൽ അതാവും വി.ഡി. സതീശന് വലിയ ബഹുമാനക്കുറവെന്ന് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറിയായ രാജു പി നായർ പറഞ്ഞു.
മാന്യവും സഭ്യവുമായ ആശയവിനമയവും വിശേഷണങ്ങൾക്കുമപ്പുറം യാതൊരു പ്രിവിലേജും ആഗ്രഹിക്കാത്തതും, ആ പ്രിവിലേജിൽ അസ്വസ്ഥനാവുകയും ചെയ്യുന്ന വ്യക്തിയാണ് സതീശൻ. പലർക്കും അയാൾ വി.ഡി.യാണ്, ചിലർക്ക് സതീശനും, ബഹുഭൂരിപക്ഷം ആളുകൾക്കും സതീശേട്ടനുമാണ് അയാൾ. സാധാരണ മനുഷ്യരോടൊപ്പം അവരുടെ ഭാഷയിലും സംസ്കാരത്തിലും ഇടപെടാൻ ആഗ്രഹിക്കുന്നയാൾ- രാജു പി നായർ പറയുന്നു.
മിമിക്രി ഒരു കലയാണ്, ആക്ഷേപഹാസ്യമാണ് അതിൽ പ്രധാനം. മാന്യമായ വിമർശനം സർക്കാരിനെതിരെ ഉന്നയിക്കേണ്ട മാധ്യമം കൂടിയാണ് മിമിക്രി. മുഖ്യമന്ത്രി അദ്ദേഹത്തെ കുറിച്ച് ഒരു ആക്ഷേപഹാസ്യം നേരിട്ട് കണ്ടാൽ അത് ആസ്വദിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. മഹേഷ് കുഞ്ഞുമോനെതിരെ അത്തരത്തിൽ ഏതെങ്കിലും വിമർശനം ഉണ്ടായിട്ടുണ്ടെങ്കിൽ അത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. മഹേഷിന് അതിന്റെ പേരിൽ മാപ്പ് പറയേണ്ടി വന്നിട്ടുണ്ടെങ്കിൽ അതാവും വി.ഡി. സതീശന് വലിയ ബഹുമാനക്കുറവ്- രാജു പി നായർ ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രി വിഡി സതീശന്‍റെ പേര് പരാമർശിച്ചപ്പോൾ ബഹുമാനിച്ചില്ലെന്ന് ആരോപിച്ച് തനിക്കെതിരെ ഒരു സംഘം സൈബറാക്രമണം നടത്തുന്നുവെന്ന് മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അധിക്ഷേപ കമന്‍റുകളുടെ സ്ക്രീൻഷോട്ടുകൾ മഹേഷ് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു . അയർലണ്ടിൽ നടന്ന ഒരു സ്റ്റേജ് പരിപാടിക്കിടെ വി.ഡി. സതീശന്‍റെ ശബ്ദം അനുകരിച്ചപ്പോൾ മുഖ്യമന്ത്രി വിഡി സതീശൻ എന്ന് പറയാതെ, വിഡി സതീശൻ എന്ന് മാത്രം അഭിസംബോധന ചെയ്തെന്ന് ആരോപിച്ചാണ് മിമിക്രി താരത്തിന് നേരെ സൈബറാക്രമണം. എന്നാൽ താൻ അത് ബഹുമാനക്കുറവ് കാണിക്കാനോ അദ്ദേഹത്തെ അപമാനിക്കാനോ വേണ്ടിയല്ല, സാങ്കേതിക ആവശ്യത്തിനായി ഫയലിന്റെ പേര് മാത്രം പറഞ്ഞതാണെന്ന് മഹേഷ് കുഞ്ഞുമോൻ പറഞ്ഞു. തനിക്കെതിരെ അധിക്ഷേപം നടത്തുന്നവർ അഭിപ്രായവ്യത്യാസങ്ങൾ മാന്യതയോടെ പ്രകടിപ്പിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നുവെന്നും മഹേഷ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam