KIIFB|'കിഫ്ബിക്കെതിരല്ല, അഴിമതിയും കൊള്ളയും ചർച്ച ചെയ്യണം, മുഖ്യമന്ത്രി എല്ലാം മറച്ചുവയ്ക്കുന്നു': ചെന്നിത്തല

By Web TeamFirst Published Nov 17, 2021, 6:06 PM IST
Highlights

അഴിമതിയും കൊള്ളയും വഴിവിട്ട നിയമനങ്ങളും ഗൗരവപൂർവം ചർച്ച ചെയ്യണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

തിരുവനന്തപുരം: കിഫ്ബി (KIIFB) വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala) രംഗത്ത്. താൻ കിഫ്ബിക്കെതിരെ അല്ലെന്ന് പറഞ്ഞ ചെന്നിത്തല പക്ഷേ അതിലെ അഴിമതിയും കൊള്ളയും വഴിവിട്ട നിയമനങ്ങളും ഗൗരവപൂർവം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സി എ ജി റിപ്പോർട്ടിൽ (CAG Report) കിഫ്ബിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന കാര്യങ്ങള്‍ വിശദമായി ചർച്ച ചെയ്യണം. മുഖ്യമന്ത്രി( Chief Minister Pinarayi Vijayan) എല്ലാം മറച്ച് വയ്ക്കുകയാണെന്നും വിഷയത്തിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

അതേസമയം കിഫ്ബി വിവാദത്തിൽ സിഎജിക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രംഗത്തെത്തിയിരുന്നു. സാഡിസ്റ്റ് മനോഭാവമുള്ള ചിലർ കിഫ്‌ബിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നാണ് പിണറായിയുടെ കുറ്റപ്പെടുത്തൽ. തുടക്കം കുറിച്ചതൊന്നും ഈ സർക്കാർ മുടക്കില്ലെന്നും കേരളം ഒരിഞ്ച് പോലും മുന്നോട്ട് പോകാതിരിക്കാനാണ് ചിലരുടെ ശ്രമങ്ങളെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളം അൽപം പുറകോട്ട് പോയാൽ അവർക്ക് അത്രയും സന്തോഷമാണ്. ഉന്നത വിദ്യാഭ്യാസത്തിനായി കിഫ്ബി സഹായം ഉറപ്പാക്കുമെന്നും പിണറായി കൂട്ടിച്ചേർത്തിരുന്നു. രാജ്ഭവനിൽ ചാൻസലേഴ്സ് അവാർഡ് ദാന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

'സാഡിസ്റ്റ് മനോഭാവം, കിഫ്ബിയെ തകർക്കാൻ ശ്രമം'; സിഎജിക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി

സിഎജി ലോക്കൽ ഓഡിറ്റിന്‍റെ പേരിൽ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്നായിരുന്നു ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ പ്രതികരണം. മാധ്യമങ്ങളിലൂടെ പുറത്തുവന്നത് സിഎജിയുടെ കരട് റിപ്പോർട്ട് പോലുമല്ലെന്ന നിലപാടിലൂന്നി സിഎജിക്ക് തിരിച്ചടി നൽകുകയാണ് സർക്കാർ. ലോക്കൽ ഓഡിറ്റ് വിവരങ്ങൾ പരസ്യമായപ്പോൾ വെട്ടിലായത് കിഫ്ബിയാണെങ്കിലും വിവരങ്ങൾ എങ്ങനെ പുറത്തായെന്ന ചോദ്യമുയർത്തി സിഎജിയെ കുരുക്കുകയാണ് സർക്കാർ. ലോക്കൽ ഓഡിറ്റ് റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തായത് അനാവശ്യ വിവാദങ്ങളുണ്ടാക്കാനെന്നാണ് സർക്കാരിന്‍റെ ആരോപണം.

'സ്പെഷ്യൽ ഓഡിറ്റിൽ അന്തിമ റിപ്പോർട്ട് നൽകിയിട്ടില്ല'; സിഎജി റിപ്പോർട്ടിൽ വിശദീകരണവുമായി കിഫ്ബി

അന്തിമ റിപ്പോർട്ട് പോയിട്ട് കരട് റിപ്പോർട്ട് പോലുമല്ല പുറത്തായതെന്നാണ് ധനമന്ത്രി പറയുന്നത്. ഔദ്യോഗികമായി പുറത്തുവിടുന്നത് വരെ രഹസ്യ സ്വഭാവം നിലനിർത്തേണ്ട നടപടി ക്രമങ്ങളിലെ വീഴ്ചകളാണ് സർക്കാരിന് ആയുധം. മന്ത്രിയുടെ പ്രതികരണത്തിന് ശേഷവും വിമർശനങ്ങൾ ആവർത്തിച്ചാണ് പ്രതിപക്ഷനേതാവ് വിഡി സതീശൻ രംഗത്തെത്തിയത്. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സിഎജി റിപ്പോർട്ടിന് പിന്നാലെ കിഫ്ബിക്ക് തിരിച്ചടിയായി സ്പെഷ്യൽ ഓഡിറ്റും: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സതീശൻ

tags
click me!