വിജിലൻസ് അന്വേഷണം; ആരിഫിന്‍റെ പരാതി പിടിവള്ളിയാക്കി കോൺഗ്രസ്, ചെന്നിത്തല ഇന്ന് പരാതി നൽകും, സിപിഎമ്മിലും ചർച്ച

By Web TeamFirst Published Aug 17, 2021, 1:01 AM IST
Highlights

സമഗ്രമായ വിജിലൻസ് അന്വേഷണം വേണം. സർക്കാർ തയ്യാറല്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് തീരുമാനമെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: അരൂർ-ചേർത്തല ദേശീയപാത പുനർനിർമാണ വിവാദത്തിൽ എ എം ആരിഫ് എം പിയുടെ പരാതി ഏറ്റെടുത്ത് കോൺഗ്രസ്. അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്ക് ഇന്ന് കത്ത് നൽകും. ആരിഫിലൂടെ വീണു കിട്ടിയ അവസരം, സർക്കാരിനെതിരെ ആയുധമാക്കുകയാണ് കോൺഗ്രസ്.

ദേശീയപാത പുനർനിർമാണത്തിൽ അഴമിതിയുണ്ടെന്നും, വിജിലൻസ് അന്വേഷണം വേണമെന്നും ഇടത് എംപി തന്നെ പറയുമ്പോൾ, അത് സിപിഎമ്മിലെ ആഭ്യന്തര പ്രശ്നമായി മാത്രം കാണുരുത്. സമഗ്രമായ വിജിലൻസ് അന്വേഷണം വേണം. സർക്കാർ തയ്യാറല്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് തീരുമാനമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

അതേസമയം സർക്കാരിനെ വിജിലൻസ് അന്വേഷണത്തിൽ കുരുക്കാൻ, പ്രതിപക്ഷത്തിന് അവസരം നൽകിയതിൽ ആരിഫിനെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുകയാണ്. സ്വന്തം ഘടകം ആയ ജില്ലാ കമ്മിറ്റിയെ പോലും മറികടന്നുള്ള എംപിയുടെ നീക്കത്തിൽ ശക്തമായ നടപടിയാണ് സുധാകര പക്ഷ നേതാക്കൾ ആവശ്യപ്പെടുന്നത്.

എന്തായാലും സുധാകരനെതിരെ പാർട്ടിക്കുള്ളിൽ പടനയിച്ച് മുന്നേറിയ, എതിർചേരിയുടെ നീക്കങ്ങൾക്ക് കൂടി തിരിച്ചടിയായി ആരിഫിന്‍റെ കത്ത് വിവാദം. സിപിഎം സംസ്ഥാന സമിതി ഇന്ന് വിഷയം ചർച്ച ചെയ്യ്തേക്കും. അതേസമയം ജി സുധാകരൻ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായില്ലെന്ന പരാതിയുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പൂർത്തിയാകാത്ത സാഹചര്യത്തിൽ ഇത്തവണത്തെ സംസ്ഥാന സമിതിയിൽ ചർച്ചക്ക് എടുക്കുന്നതിലുള്ള  സാധ്യത മങ്ങി. കരിവന്നൂർ ബാങ്ക് തട്ടിപ്പ് പാർട്ടിക്ക് നാണക്കേടായതോടെ സിപിഎം  നയിക്കുന്ന സഹകരണ സ്ഥാപനങ്ങളിൽ സുതാര്യത ഉറപ്പാക്കാനുള്ള മാർഗനിർദേശം സംസ്ഥാന സമിതി ചർച്ച ചെയ്തിരുന്നു. ബ്രാഞ്ച് മുതൽ സംസ്ഥാന സമ്മേളനം വരെയുള്ള നടത്തിപ്പിലും ഇന്നവസാനിക്കുന്ന സംസ്ഥാന സമിതി തീരുമാനമെടുക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona‍‍‍

click me!