പാർട്ടിയിൽ ഒളിച്ചിരിക്കുന്ന ഒറ്റുകാർ അങ്ങനെ സ്വപ്നം കാണേണ്ട, ചിലർ വേട്ടയാടുന്നു ഭീരുക്കൾ ഇനി രക്ഷപ്പെടില്ല; വൈകാരിക കുറിപ്പുമായി ടിഎൻ പ്രതാപൻ

Published : May 26, 2026, 06:09 PM IST
TN Prathapan

Synopsis

‘കുറേ നാളുകളായി ചിലർ ബോധപൂർച്ചം  വേട്ടയാടുന്നു. ചിലർ അതിൽ ആനന്ദം കൊള്ളുന്നു. എന്നെ അപമാനിച്ചും അപകീർത്തിപ്പെടുത്തിയും ഒളിയമ്പ് ചെയ്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന്റെ പേരിൽ ആഹ്ലാദിക്കുന്നവർ അത് തുടരട്ടെ. വ്യാജ വാർത്തകൾ ഉണ്ടാക്കി മുതലെടുപ്പ് നടത്താമെന്ന് ആരും കരുതേണ്ടെ’ന്ന് പ്രതാപൻ പറഞ്ഞു. 

തൃശൂർ: കുറേ നാളുകളായി ചിലർ ബോധപൂർച്ചം കഥകൾ ചമച്ച് തന്നെ വേട്ടയാടുകയാണെന്ന് കോൺഗ്രസ് നേതാവും, എഐസിസി സെക്രട്ടറിയുമായ ടിഎൻ പ്രതാപൻ. മരിച്ചുകിടക്കുമ്പോൾ കോൺഗ്രസ് എന്ന ദേശീയ പ്രസ്ഥാനത്തിന്റെ ത്രിവർണ്ണ പതാക പുതച്ചു കിടക്കണം എന്നാഗ്രഹിക്കുന്ന ഒരു കോൺഗ്രസുകാരനാണ് താൻ. എന്നെ അപമാനിച്ചും അപകീർത്തിപ്പെടുത്തിയും ഒളിയമ്പ് ചെയ്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന്റെ പേരിൽ ആഹ്ലാദിക്കുന്നവർ അത് തുടരട്ടെ. എത്രയെത്ര വർഗ്ഗീയവാദികൾ വിചാരിച്ചാലും, അവരുടെ എത്രയെത്ര സിൽബന്ധികൾ ഗൂഡാലോചന നടത്തിയാലും, ആയിരക്കണക്കിന് വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി നുണ പടച്ചാലും എന്റെ കോൺഗ്രസിനോടുള്ള കടപ്പാടിന്റെ, പ്രതിബദ്ധതയുടെ ഉറപ്പിനെ ഒന്ന് തൊടാൻ പോലും നിങ്ങൾക്കാവില്ലെന്ന് പ്രതാപൻ പറഞ്ഞു.

ഫേസ്ബക്കിലൂടെയാണ് ടിഎൻ പ്രതാപന്‍റെ വൈകാരിക പ്രതികരണം. കോൺഗ്രസിന്റെ ശത്രുക്കളോ, പാർട്ടിയിൽ ഒളിച്ചിരിക്കുന്ന ഒറ്റുകാരോ അങ്ങനെ സ്വപ്നം കാണേണ്ട. ഞങ്ങൾ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വ്യാജ വാർത്തകൾ ഉണ്ടാക്കി മുതലെടുപ്പ് നടത്താമെന്ന് ആരും കരുതേണ്ട. എനിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങളെ പ്രതി ജില്ലാ പൊലീസ് മേധാവിക്ക് രേഖാമൂലം പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി അറിയിപ്പും ലഭിച്ചു. പിണറായി സർക്കാരിന്റെ കാലത്തേതുപോലെയാകില്ല; മറയത്തിരുന്ന് നുണ എഴുതി വിടുന്ന ഭീരുക്കൾ ഇനി രക്ഷപ്പെട്ടുപോകില്ല- പ്രതാപൻ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം 

മരിച്ചുകിടക്കുമ്പോൾ കോൺഗ്രസ് എന്ന ദേശീയ പ്രസ്ഥാനത്തിന്റെ ത്രിവർണ്ണ പതാക പുതച്ചു കിടക്കണം എന്ന ആഗ്രഹമുള്ള കോടിക്കണക്കിന് സാധാരണ കോൺഗ്രസ് പ്രവർത്തകരിൽ ഒരാളാണ് ഞാനും. ആയിരം തെരഞ്ഞെടുപ്പുകളിൽ തോറ്റാലും നിലപാടിൽ ഉറച്ചു നിൽക്കുമെന്ന് തീർച്ചപ്പെടുത്താനുള്ള ആദർശബോധം ഇക്കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകൊണ്ട് ഉണ്ടായിട്ടുണ്ട്. പുസ്തകങ്ങളിലൂടെയും നേതാക്കളുടെ ജീവിതങ്ങളിലൂടെയും പഠിച്ചെടുത്ത മൂല്യങ്ങളും, ഇതിനോടകം ഇടപഴകിയ ലക്ഷകണക്കിന് മനുഷ്യർ നൽകിയ ബോധ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളുടെ പ്രതീതി ലോകത്തിനപ്പുറമുള്ള യാഥാർഥ്യങ്ങളെ കുറിച്ച്, അവിടെയുള്ള പൊതുപ്രവർത്തനത്തെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കാൻ സഹായിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 126 വോട്ടുകൾക്ക് പരാജയപ്പെട്ടു എന്നതുകൊണ്ട് നിരാശനാവാനോ, വിശ്വസിക്കുന്ന രാഷ്ട്രീയ മൂല്യങ്ങളിൽ നിന്ന് പിറകോട്ടുപോകാനോ എന്നെ കിട്ടില്ല. ഇക്കഴിഞ്ഞ ദിവസങ്ങളിൽ വിളിച്ചവർ, മെസേജുകൾ അയച്ചവർ, നേരിൽ വന്നുകണ്ടവർ, ഒന്ന് മിണ്ടാനോ, കാണാനോ പറ്റാത്തത്ര സങ്കടമുള്ളതുകൊണ്ട് പ്രാർത്ഥനകൊണ്ട് തണലാകുന്നവർ... സുഖങ്ങളിലും സന്തോഷങ്ങളിലും മാത്രമല്ല, ദുഖങ്ങളിലും വീഴ്ച്ചകളിലും വരെ ആരൊക്കെ കൂടെയുണ്ടെന്നുകൂടി ജീവിതം പറഞ്ഞുതരികയായിരുന്നു. ജയപരാജയങ്ങളോ, പദവികളോ അല്ല നന്മയിലും മാനുഷരിലുമുള്ള വിശ്വാസമാണ് പ്രധാനമെന്ന് വിളിച്ചു പറയുന്ന സ്നേഹവും പിന്തുണയും എത്രയെത്ര മനുഷ്യരിൽ നിന്നാണ് അനുഭവിക്കാനായത്. പ്രിയപ്പെട്ടവരേ, നിങ്ങളാണ് എന്റെ കരുത്ത്.

കാലാകാലങ്ങളിൽ ജയിച്ചുമാത്രം കയറി വരുമെന്ന് കരുതിയില്ല ആരും പൊതുപ്രവർത്തനം നടത്തുന്നത്. കടലിന്റെ ഊഷരതയും ഉൾവരതയും ഒരുമിച്ചനുഭവിച്ച ഒരു കുട്ടിയിൽ നിന്ന് ഇന്നിതുവരെ വളർന്നതിനിടക്ക് അനുഭവിച്ച ഓരോ കാര്യങ്ങളും പഠിപ്പിച്ചു തന്നത് വീണുപോകുന്നത് ഒരു മോശം കാര്യമാണെന്നല്ല, വീണിടത്ത് നിന്ന് എഴുന്നേൽക്കാതിരിക്കുന്നതാണ് തെറ്റ് എന്നാണ്. കനലിലാണ് വേര് പിടിച്ചത് അതുകൊണ്ട് വെയിലൊരു പ്രശ്നമായിട്ടില്ല. കോൺഗ്രസിന്റെ മൂവർണ്ണക്കൊടി നെഞ്ചോട് ചേർത്തുപിടിച്ച് മറുകൈയിൽ പാവനമായ ഭരണഘടനയുമേന്തി ഞാൻ ഇവിടെ തന്നെയുണ്ടാവും; അവസാനശ്വാസം വരെ.

കുറേ നാളുകളായി ചിലർ ബോധപൂർച്ചം കഥകൾ ചമച്ച് എന്നെ വേട്ടയാടുന്നു. ചിലർ അതിൽ ആനന്ദം കൊള്ളുന്നു. എന്നെ അപമാനിച്ചും അപകീർത്തിപ്പെടുത്തിയും ഒളിയമ്പ് ചെയ്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന്റെ പേരിൽ ആഹ്ലാദിക്കുന്നവർ അത് തുടരട്ടെ. അങ്ങിനെയെങ്കിലും സന്തോഷിക്കാൻ ആ 'തോൽവികളുടെ' ജീവിതത്തിൽ ഒരു അവസരം ഉണ്ടാവുന്നതിൽ, അതിന് ഞാൻ കാരണമാകുന്നതിൽ ഞാൻ തൃപ്തനാണ്. അവരെ ദൈവം കാത്ത് കൊള്ളുമാറാകട്ടെ. എത്രയെത്ര വർഗ്ഗീയവാദികൾ വിചാരിച്ചാലും, അവരുടെ എത്രയെത്ര സിൽബന്ധികൾ ഗൂഡാലോചന നടത്തിയാലും, ആയിരക്കണക്കിന് വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി നുണ പടച്ചാലും എന്റെ കോൺഗ്രസിനോടുള്ള കടപ്പാടിന്റെ, പ്രതിബദ്ധതയുടെ ഉറപ്പിനെ ഒന്ന് തൊടാൻ പോലും നിങ്ങൾക്കാവില്ല. മനുഷ്യരെ മതംകൊണ്ട് ഭിന്നിപ്പിക്കുന്ന എല്ലാ പ്രത്യയശാസ്ത്രങ്ങളോടും സന്ധിയില്ലാത്ത പൊരുതുമെന്നത് ഞാൻ ദൈവത്തിനും ഭരണഘടനക്കും എന്റെ മനഃസ്സാക്ഷിക്കും കൊടുത്ത വാക്കാണ്.

ജീവിതത്തിൽ ഇന്നോളം മത്സരിച്ച തെരഞ്ഞെടുപ്പുകൾ വെച്ചുനോക്കുമ്പോൾ കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും ഏറ്റവും കൂടുതൽ പിന്തുണയുണ്ടായ തെരഞ്ഞെടുപ്പാണ് മണലൂരിലേത്. അത്രമേൽ ഒരുമയിലും ഐക്യത്തിലുമാണ് ആ ദിവസങ്ങൾ കടന്നുപോയത്. അതുകൊണ്ട് ഞങ്ങൾ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വ്യാജ വാർത്തകൾ ഉണ്ടാക്കി മുതലെടുപ്പ് നടത്താമെന്ന് ആരും കരുതേണ്ട. കോൺഗ്രസിന്റെ ശത്രുക്കളോ, പാർട്ടിയിൽ ഒളിച്ചിരിക്കുന്ന ഒറ്റുകാരോ അങ്ങനെ സ്വപ്നം കാണേണ്ട. എനിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങളെ പ്രതി ജില്ലാ പൊലീസ് മേധാവിക്ക് രേഖാമൂലം പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഫഐആർ രജിസ്റ്റർ ചെയ്തതായി അറിയിപ്പും ലഭിച്ചു. പിണറായി സർക്കാരിന്റെ കാലത്തേതുപോലെയാകില്ല; മറയത്തിരുന്ന് നുണ എഴുതി വിടുന്ന ഭീരുക്കൾ ഇനി രക്ഷപ്പെട്ടുപോകില്ല. തീർച്ച.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി, സ്വപ്ന പദ്ധതികൾക്ക് പിന്തുണ തേടി': മുഖ്യമന്ത്രി വി ഡി സതീശൻ
ബലാത്സം​ഗകേസിൽ എൽദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു; കൂറുമാറിയത് പരാതിക്കാരിയടക്കം 4 സാ​ക്ഷികൾ