
തിരുവനന്തപുരം: അനുനയ നീക്കവുമായി ഹൈക്കമാൻഡ് പ്രതിനിധി ചർച്ച നടത്തിയതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വിഎം സുധീരൻ. ഹൈക്കമാൻഡ് പ്രതിനിധി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ പുതിയ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് സുധീരൻ ഉന്നയിച്ചത്. വലിയ പ്രതീക്ഷയോടെ ചുമതലയേറ്റ നേതൃത്വം തെറ്റായ ശൈലിയും അനഭിലഷണീയമായ പ്രവർത്തനവുമാണ് നടത്തുന്നതെന്നും പ്രതീക്ഷിച്ച പോലെ നന്നായില്ലെന്നും സുധീരൻ കുറ്റപ്പെടുത്തി. കോൺഗ്രസിൻറെ നൻമയ്ക്ക് ഉപകരിക്കാത്ത രീതി തുടരുന്നതിനാലാണ് താൻ പ്രതികരിക്കുന്നതെന്നും സുധീരൻ പറഞ്ഞു.
കോൺഗ്രസ് പാർട്ടിയിൽ തെറ്റായ പ്രവർത്തന ശൈലി ഉണ്ടാകുന്നു. ഹൈക്കമാൻഡിനോട് ഇതെല്ലാം പറഞ്ഞ് കത്ത് അയച്ചിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. താരിഖ് അൻവർ ചർച്ചയ്ക്ക് എത്തിയതിൽ നന്ദിയറിയിച്ച സുധീരൻ, തെറ്റായ രീതി തിരുത്താനാവശ്യമായ നടപടി ഹൈക്കമാൻഡിൽ നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തു. കോൺഗ്രസിനെ ദുർബലപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കരുത്. ഇപ്പോഴത്തെ നിലയിൽ മുന്നോട്ട് പോയാൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാകും. തെറ്റ് തിരുത്തൽ നടപടി ഹൈക്കമാൻഡ് സ്വീകരിക്കണം. തന്റെ നിലപാടിൽ മാറ്റമില്ലെന്നും തുടർ നടപടി എങ്ങനെയാകുമെന്നും താൻ പറഞ്ഞ രീതിയിൽ പരിഹാരമുണ്ടാകുമോ എന്നും ഉറ്റ് നോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജി പിൻവലിപ്പിക്കാനുള്ള ഹൈക്കമാൻഡിന്റെ അനുനയ നീക്കം പാളി. എഐസിസിയിൽ നിന്നും രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നുമുള്ള തന്റെ രാജികൾ നിലനിൽക്കുമെന്നും സുധീരൻ അറിയിച്ചു.
"രാജി പിൻവലിക്കില്ല. കേരളത്തിലെ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് ഇടപെടൽ കാത്തിരിക്കുകയാണ്. താൻ ഇന്നേവരെ ഒരു സ്ഥാനവും ആഗ്രഹിച്ചിട്ടില്ല. എഐസിസി പദവിയും ആഗ്രഹിച്ചിട്ടില്ല. അതിന് വേണ്ടിയല്ല ഇപ്പോൾ പ്രതികരിക്കുന്നത്. കേരളത്തിലെ കോൺഗ്രസിന് ഗുണകരമായ മാറ്റം ഹൈക്കമാൻഡിൽ നിന്നുണ്ടാകണമെന്നും സുധീരൻ ആവർത്തിച്ചു. പുനസംഘടനയിൽ ആരുടെ പേരും പറഞ്ഞിട്ടില്ല. പട്ടിക പുറത്ത് വരുന്നത് വരെ ഒരു തരത്തിലുള്ള ചർച്ചയും നടന്നിട്ടില്ല. തന്നോട്ട് ചർച്ച ചെയ്തില്ലെന്നും പട്ടിക കൈമാറിയാലും ചർച്ച നടത്താമായിരുന്നല്ലോ എന്നും സുധീരൻ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam