Latest Videos

പാലായില്‍ ഏറ്റവും പ്രബലനായ സ്ഥാനാര്‍ത്ഥി വരുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

By Web TeamFirst Published Aug 25, 2019, 1:17 PM IST
Highlights

തങ്ങളെ എതിര്‍ക്കേണ്ട മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ വീട് വീടാന്തരം ക്ഷമാപണം പറഞ്ഞ് നടക്കുകയാണ്. മര്യാദയ്ക്ക് പെരുമാറണമെന്ന് പാര്‍ട്ടിക്കാരെ പറഞ്ഞ് മനസിലാക്കുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പാലാ: കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് നടക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രബലനായ സ്ഥാനാര്‍ത്ഥി തന്നെയാകും യുഡിഎഫിന്‍റേതെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പൂര്‍ണ സജ്ജമാണ്. കെ എം മാണിയുടെ മരണത്തിന് ശേഷം അവിടെ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ചെയ്തിട്ടുണ്ട്.

അത് വലിയ ആള്‍ക്കൂട്ടമുണ്ടാക്കിയോ പബ്ലിസിറ്റി ഉണ്ടാക്കിയോ അല്ല. മറിച്ച്, ഒരു മുന്നണി എന്ന രീതിയില്‍ എല്ലാം ചിട്ടയായി മുന്നോട്ട് കൊണ്ട് പോകുകയായിരുന്നു. ഈ തെരഞ്ഞെടുപ്പ് ഏത് നിമിഷവും വരുമെന്ന് തങ്ങള്‍ കരുതിയിരുന്നു. കേരളത്തില്‍ ഒരു തെരഞ്ഞെടുപ്പും ലളിതമല്ല.

പക്ഷേ, പാലായിലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് എല്ലാം അനുകൂലമാകും. സംസാരിക്കേണ്ട വിഷയങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്ത ശേഷം ഒന്നിച്ച് മുന്നോട്ട് പോകും. പാലായിലേതിനേക്കാള്‍ തര്‍ക്കമുള്ള സീറ്റുകളില്‍ പോലും എല്ലാം പരിഹരിച്ച് മുന്നോട്ട് പോകാന്‍ മുന്നണിക്ക് സാധിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

തങ്ങളെ എതിര്‍ക്കേണ്ട മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ വീട് വീടാന്തരം ക്ഷമാപണം പറഞ്ഞ് നടക്കുകയാണ്. മര്യാദയ്ക്ക് പെരുമാറണമെന്ന് പാര്‍ട്ടിക്കാരെ പറഞ്ഞ് മനസിലാക്കുകയാണ്. അപ്പോള്‍ ആരുടെ ഒപ്പം നില്‍ക്കണമെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാലായില്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി വലിയ ഭൂരിപക്ഷത്തില്‍ തന്നെ വിജയം നേടുമെന്ന് കോട്ടയും ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജോഷി ഫിലിപ്പ് പറഞ്ഞു. വളരെ പ്രതീക്ഷയോടെയാണ് പാലാ ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. യുഡിഎഫ് നേതാക്കളും കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും പ്രശ്നങ്ങള്‍ സംബന്ധിച്ച് എല്ലാം പറഞ്ഞു കഴിഞ്ഞതാണ്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പിക്കാന്‍ മുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും ഡിസിസി പ്രസിഡന്‍റ് വ്യക്തമാക്കി. കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന പാലാ നിയോജകമണ്ഡലത്തില്‍ സെപ്റ്റംബര്‍ 23നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഓഗസ്റ്റ് 28ന് പാലയടക്കം നാല് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറക്കും. സെപ്റ്റംബര്‍ നാല് വരെ സ്ഥാനാര്ത്ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. പത്രികയുടെ സൂഷ്മപരിശോധന അഞ്ചിന് നടക്കും. സെപ്റ്റംബര്‍ ഏഴ് വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം.  23ന് വോട്ടെടുപ്പ് കഴിഞ്ഞ് സെപ്റ്റംബര്‍ 27ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

click me!