'തലസ്ഥാനം കൊച്ചിയിലേക്ക്'; ഹൈബി ഈഡനെതിരെ കോൺഗ്രസിൽ വിമർശനം കടുക്കുന്നു, അപക്വമെന്ന് പാലോട് രവിയും

Published : Jul 01, 2023, 08:18 PM IST
'തലസ്ഥാനം കൊച്ചിയിലേക്ക്'; ഹൈബി ഈഡനെതിരെ കോൺഗ്രസിൽ വിമർശനം കടുക്കുന്നു, അപക്വമെന്ന് പാലോട് രവിയും

Synopsis

ഹൈബിയുടെ നിർദ്ദേശത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെഎസ് ശബരീനാഥനും തള്ളിപ്പറഞ്ഞു. ഗൗരവമുള്ള മറ്റു ഒട്ടേറെ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മാത്രമേ ഈ ചർച്ച ഉപകരിക്കൂ- ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ നിർദ്ദേശത്തിനെതിരെ കോണ്‍ഗ്രസിനുള്ളിൽ നിന്നും വിമർശനം കടുക്കുന്നു. തലസ്ഥാനമാറ്റത്തെ കുറിച്ച് ഹൈബി ഈഡൻ എം.പിയുടെ അഭിപ്രായം  അപക്വമെന്ന് തിരുവനന്തപുരം ഡി സി സി പ്രസിഡന്‍റും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പാലോട് രവി പറഞ്ഞു.

ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് പാലോട് രവി ഹൈബി ഈഡനെതിരെ രംഗത്ത് വന്നത്. എംപിയുടെ നിർദ്ദേശം തികച്ചും അപ്രായോഗികമാണെന്നും പാലോട് രവി കുറ്റപ്പെടുത്തി. നേരത്തേ  മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ. കെ. മോഹൻ കുമാറും ഹൈബി ഈഡനെ വിമർശിച്ച് ഫേസ്ബക്കിൽ പോസ്റ്റിട്ടിരുന്നു. തികച്ചും ബാലിശമായ, തെറ്റായ ഈ നീക്കത്തെ അപലപിക്കുന്നുവെന്നും നരേന്ദ്ര മോദിക്ക്, ഇതിലെല്ലാം ഇടപെടാൻ ധാരാളം സമയമുണ്ടെന്ന് കണ്ടെത്തിയ എറണാകുളം എം പിയെ സമ്മതിക്കണം. 'ഉടലിന്‍റെ മദ്ധ്യഭാഗത്തേക്ക് തല മാറ്റിവയ്ക്കണമെന്ന നിർദ്ദേശവും ഒരർത്ഥത്തിൽ ലോജിക്കൽ ആണെന്നുമായിരുന്നു മോഹൻ കുമാറിന്‍റെ പരിഹാസം.

ഹൈബിയുടെ നിർദ്ദേശത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെഎസ് ശബരീനാഥനും തള്ളിപ്പറഞ്ഞു. തലസ്‌ഥാനത്തെ സംബന്ധിക്കുന്ന ചർച്ച ഇപ്പോൾ അനാവശ്യമാണ്. തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമായതിനു പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. ഗൗരവമുള്ള മറ്റു ഒട്ടേറെ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മാത്രമേ ഈ ചർച്ച ഉപകരിക്കൂ- ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.

 ഹൈബിയുടെ സ്വകാര്യബില്ലിനെ വിമർശിച്ച് ആർഎസ്പിയും രംഗത്തെത്തി. ഇത്തരം ച‍ർച്ച തന്നെ ഗുണകരമല്ലെന്ന് പ്രേമചന്ദ്രൻ എംപി വിമർശിച്ചു. ഒരു ചെറുപ്പക്കാരന്‍റെ തോന്നല്‍ മാത്രമാണെന്നായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം. ഇത്തരം കാര്യങ്ങൾ പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്യുന്നതാണ് മര്യാദയെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. 
 
2023 മാർച്ച് 9 നാണ് ഈ കാര്യം ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം പി പാർലമെന്റിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ചത്. തുടർന്ന്, മാർച്ച് 30ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. എന്നാൽ  ഹൈബി ഈഡന്‍റെ നിര്‍ദ്ദേശത്തോട് മുഖം കേരള സര്‍ക്കാര്‍ എതിർപ്പറിയിച്ചിരിക്കുകയാണ്. വിഷയത്തില്‍ എതിർപ്പറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നല്‍കി. എംപിയുടെ നിർദ്ദേശം പ്രായോഗികമാല്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. 

Read More : 'തലസ്ഥാനം കൊച്ചിയിലേക്ക്'; ലോജിക്കൽ ആണ്, സമ്മതിക്കണം, ഹൈബി ഈഡനെ പരിഹസിച്ച് കെ. മോഹൻകുമാർ

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം