
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ശശി തരൂർ ഉണ്ടാക്കിയ മുന്നേറ്റം, ഖർഗെയെ കൂട്ടത്തോടെ പിന്തുണച്ച സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് ഉണ്ടാക്കിയത് വലിയ അമ്പരപ്പ്. കേരളത്തിൽ നിന്നും 130ൽ ഏറെ വോട്ട് കിട്ടിയെന്നാണ് തരൂർ പക്ഷത്തിന്റെ കണക്ക്. തരൂരിന്റെ വർദ്ധിച്ച സ്വീകാര്യതയിലും ഇനിയുള്ള പദവികളിലും കേരള നേതാക്കൾക്കുള്ള ആശങ്ക ചെറുതല്ല.
'പാരമ്പര്യമില്ല, എഴുത്തല്ല രാഷ്ട്രീയം, ട്രെയിനി'... മാറ്റം പറഞ്ഞ് രാജ്യത്തെ ഇളക്കി മറിച്ചുള്ള പ്രചാരണത്തിൽ തരൂരിന് ഏറ്റവുമധികം കല്ലേറ് കൊണ്ടത് സ്വന്തം നാട്ടിൽ നിന്ന്. ഒളിഞ്ഞും തെളിഞ്ഞും കുറ്റപ്പെടുത്തിയ മുതിർന്ന നേതാക്കളുടെ കണക്കിൽ തരൂരിനാകെ ഇട്ടത് 300 വോട്ട്. പക്ഷേ വോട്ടെണ്ണലിന് ഒടുവിൽ തരൂരിന്റെ പോക്കറ്റിലെത്തിയത് 1072 വോട്ട്. ചെറിയ വോട്ട് കിട്ടി തരൂർ ഒതുങ്ങിപ്പോകുമെന്ന് കരുതിയ നേതാക്കൾക്കുള്ളത് നിരാശ മാത്രമല്ല പേടിയും. ആയിരവും കടന്നുള്ള മുന്നേറ്റത്തിൽ കേരളത്തിൽ നിന്ന് നല്ലൊരു പങ്കുണ്ടെന്ന തരൂർ പക്ഷ കണക്ക് സീനിയേഴ്സ്, പക്ഷേ അംഗീകരിക്കുന്നില്ല. ഇല്ലെങ്കിൽ അങ്ങനെ ഭാവിക്കുന്നു.
ഒറ്റയ്ക്ക് പൊരുതി ശക്തി കാണിച്ച തരൂരിന് ഹൈക്കമാൻഡ് കൈ കൊടുക്കുമ്പോൾ ദില്ലിയിൽ മാത്രമല്ല ഷോക്ക് തിരുവനന്തപുരത്തുമുണ്ട്. ആന്റണി കേരളത്തിലേക്ക് മടങ്ങിയതോടെ ദില്ലിയിലെ കരുത്തനായ മലയാളി നിലവിൽ കെ.സി.വേണുഗോപാൽ, പാർട്ടിയിലെ വരും മാറ്റത്തിൽ ദില്ലി സ്വപ്നം കാണുന്ന പല നേതാക്കൾക്കും തരൂരിന്റെ ഭാവി പദവിയിലുള്ളത് ആശങ്ക. ദില്ലിയിൽ മാത്രമല്ല ഗ്രൂപ്പുകൾ നയിക്കുന്ന കേരളത്തിലെ പാർട്ടിയിലും തരൂരിന്റെ സ്വീകാര്യത വാനോളം ഉയർന്നു. ദേശീയ നേതാവായി മാറിയ തിരുവനന്തപുരം എംപി ഇനി കൈ ഞൊടിച്ചാൽ ഗ്രൂപ്പ് മാനേജർമാരെ വിടാൻ പോലും നേതാക്കാൾക്ക് മടി കാണില്ല. കേരളത്തിലെ മുഖ്യമന്ത്രി പദം വരെ സ്വപ്നത്തിലുണ്ടെന്ന തരൂരിന്റെ പഴയ വാക്കുകൾ പലരുടെയും ഉറക്കം കെടുത്തുന്നത് അതുകൊണ്ടൊക്കെ തന്നെയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam