തെരഞ്ഞെടുപ്പ്: കോൺഗ്രസ് യോഗം ഇന്ന് കൊച്ചിയിൽ, ഓൺലൈൻ ചർച്ചയുമായി തരൂർ

By Web TeamFirst Published Feb 6, 2021, 7:10 AM IST
Highlights

ഘടകക്ഷികളുമായുള്ള സീറ്റ് വിഭജനം, സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സരിക്കുന്നതിലെ തീരുമാനം തുടങ്ങി വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്യും

കൊച്ചി: തെരഞ്ഞെടുപ്പ് വിഷയങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് നേതാക്കൾ ഇന്ന് കൊച്ചിയിൽ യോഗം ചേരും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എല്ലാ ജില്ലകളിലെയും ഡിസിസി പ്രസിഡന്‍റുമാർ, ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. ഘടകക്ഷികളുമായുള്ള സീറ്റ് വിഭജനം, സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സരിക്കുന്നതിലെ തീരുമാനം തുടങ്ങി വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്യും. എറണാകുളം ഡിസിസി ഓഫീസിൽ പത്തര മണിക്കാണ് യോഗം ആരംഭിക്കുക.

അതേസമയം യുഡിഎഫ് പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി നവ ആശയങ്ങൾ തേടി ശശി തരൂർ ഓൺലൈൻ ചർച്ചയ്ക്ക് ഒരുങ്ങുകയാണ്. ടോക്ക് റ്റു തരൂർ എന്നു പേരിട്ടിരിക്കുന്ന ഓൺലൈൻ ചർച്ചകളിലൂടെ യുഡിഎഫ് പ്രകടന പത്രികയിലേക്കുള്ള നിർദ്ദേശങ്ങൾ തേടാനാണ് ശ്രമം. തെരഞ്ഞെടുത്ത ആളുകളുമായി നേരിട്ടും ചർച്ചയുണ്ട്. ടോക് റ്റു തരൂരിന്റെ ഭാഗമായി ആദ്യ ചർച്ച ഇന്ന് നാലരയ്ക്ക് തിരുവനന്തപുരത്ത് നടക്കും. ലോകോത്തര കേരളത്തിനായി ഒത്തൊരുമിച്ച് കൈകോർക്കാം എന്നതാണ് സന്ദേശം.

click me!