പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് സമരം; സംഘർഷം

By Web TeamFirst Published Dec 21, 2019, 1:51 PM IST
Highlights

മതേതര ഇന്ത്യ ഒരുമിച്ച് സമരത്തിനിറങ്ങണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് സംയുക്ത സമരത്തിനെതിരായ വിമർശനങ്ങൾ തള്ളിയപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ട് വെച്ച മതേതര ഐക്യം പൊളിച്ചതിന് മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾ മാപ്പ് പറഞ്ഞിട്ട് മതി സംയുക്തസമരമെന്ന് കെപിസിസി പ്രസിഡന്‍റ് 

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് സംഘടിപ്പിച്ച മാര്‍ച്ചുകളില്‍ പലയിടത്തും സംഘര്‍ഷം. തിരുവനന്തപുരത്ത് ജിപിഒ ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മലപ്പുറത്ത് പ്രതിപക്ഷ നേതാവ് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കാഞ്ഞങ്ങാടും പത്തനംതിട്ടയിലും കൊച്ചിയിലും സംഘർഷം. കോഴിക്കോട് കോൺഗ്രസിന്റെ പോസ്റ്റ് ഓഫീസ് മാർച്ചും സംഘർഷത്തിലാണ് കലാശിച്ചത് . 

മതേതര ഇന്ത്യ ഒരുമിച്ച് സമരത്തിനിറങ്ങണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് സംയുക്ത സമരത്തിനെതിരായ വിമർശനങ്ങൾ തള്ളിയപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ട് വെച്ച മതേതര ഐക്യം പൊളിച്ചതിന് മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾ മാപ്പ് പറഞ്ഞിട്ട് മതി സംയുക്തസമരമെന്ന് കെപിസിസി പ്രസിഡന്‍റ് വിശദമാക്കി. ഭാരത് ബച്ചാവോ എന്ന മുദ്രാവാക്യം ഉയർത്തിയാണ് സംസ്ഥാനത്തുടനീളം പൗരത്വ നിയമഭേദഗതിക്കെതിരെ കോൺഗ്രസ് തെരുവിലിറങ്ങിയത്.

മലപ്പുറത്ത് ഡിസിസി ആസ്ഥാനത്തു നിന്നും കലക്ടറേറ്റിലേക്കുള്ള സമരം നയിച്ച് പ്രതിപക്ഷനേതാവായിരുന്നു. കാഞ്ഞങ്ങാട് കെപിസിസി പ്രസിഡന്‍റും, തൃശൂരില്‍ യുഡിഎഫ് കൺവീനറും, എറണാകുളത്ത് വിഡി സതീശനും കോഴിക്കോട് ശശി തരൂരും തിരുവനന്തപുരത്ത് എംഎം ഹസ്സനും അടക്കം വിവിധ ജില്ലകളിൽ നേതാക്കൾ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മലപ്പുറത്ത് റോഡിൽ കുത്തിയിരുന്ന സമരം ചെയ്ത പ്രതിപക്ഷനേതാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി. 

കോഴിക്കോട് ജിപിഒയിലേക്ക് തള്ളിക്കയറാനുള്ള പ്രവർത്തകരുടെ ശ്രമം സംഘർഷത്തിലാണ് കലാശിച്ചത്. എറണാകുളത്ത് ഹൈബി ഈഡന്‍റെ നേതൃത്വത്തിൽ ജനറൽ പോസ്റ്റ് ഓഫീസിലേക്ക് പ്രവർത്തകർ തള്ളിക്കയറി. പത്തനംതിട്ടയിലും വയനാട്ടിലും തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജിപിഒ മാർച്ചിലും സംഘർഷമുണ്ടായി. ഭാരത് ബച്ചാവോ എന്ന പേരിൽ ഒരു മാസം നീണ്ട് നീൽക്കുന്ന തുടർ സമരം ആഹ്വാനം ചെയ്ത കെപിസിസി പ്രസി‍ന്‍റ്  എംപിമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ലോംഗ് മാർച്ച് നടത്തുമെന്നും വിശദമാക്കി. 
 

click me!