Latest Videos

ജിഎസ്ടി റിട്ടേണ്‍ ജനുവരി 10നകം ഫയല്‍ ചെയ്യണമെന്ന് പുല്ലേല നാഗേശ്വര റാവു

By Web TeamFirst Published Dec 21, 2019, 1:13 PM IST
Highlights

2017 ജൂലൈ മുതല്‍ 2019 നവംബര്‍ വരെ ജിഎസ്ടി റിട്ടേണ്‍ഫയല്‍ ചെയ്യാത്തവര്‍ ഈ അവസരം പാഴാക്കരുത്. അവസാന തിയതിക്കു ശേഷം ഫയല്‍ ചെയ്താല്‍ ദിവസം 200 രൂപ എന്ന കണക്കില്‍ പിഴ ഈടാക്കും

കൊച്ചി: ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ ജനുവരി 10നകം റിട്ടേണ്‍ ഫയല്‍ ചെയ്ത് പിഴയില്‍നിന്ന് ഒഴിവാകണമെന്ന് സെന്‍ട്രല്‍ ടാക്സ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ കലൂര്‍ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ വിവിധ ടാക്സുകളെ സംബന്ധിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2017 ജൂലൈ മുതല്‍ 2019 നവംബര്‍ വരെ ജിഎസ്ടി റിട്ടേണ്‍ഫയല്‍ ചെയ്യാത്തവര്‍ ഈ അവസരം പാഴാക്കരുത്. അവസാന തിയതിക്കു ശേഷം ഫയല്‍ ചെയ്താല്‍ ദിവസം 200 രൂപ എന്ന കണക്കില്‍ പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സര്‍വീസ് ടാക്സില്‍ അപ്പീല്‍ ഫയല്‍ ചെയ്തവരും നോട്ടീസ് കിട്ടിയവരും ഡിസംബര്‍ 31നു മുമ്പ് ടാക്സിന്റെ 30 ശതമാനം അടച്ച് പിഴ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് ചെയര്‍മാന്‍ പി.ആര്‍.ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ജിത്ത് വാര്യര്‍ പ്രസംഗിച്ചു. ജിഎസ്ടി ഇന്‍പുട് ടാക്സ് ക്രെഡിറ്റിനെക്കുറിച്ച് വി.ശങ്കരനാരായണനും ന്യൂ കോഡ് ഓഫ് എത്തിക്സിനെക്കുറിച്ച് ജി.രംഗരാജനും കോടതിയില്‍ തീര്‍പ്പായ കേസുകളും അതിന്റെ നിയമവശങ്ങളെക്കുറിച്ചു അഡ്വ. രഘുറാമനും ക്ലാസുകള്‍ നയിച്ചു.

click me!