
ദില്ലി: കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ മാർച്ചിൽ പലയിടത്തും സംഘർഷം. ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്കും തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്കുമാണ് മാർച്ച് നടത്തിയത്. നേതാക്കൾ അഭിസംബോധന ചെയ്ത് കഴിഞ്ഞതിന് പിന്നാലെ പ്രവർത്തകർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിക്കുകയായിരുന്നു.
ഒരു മണിക്കൂറോളം മലപ്പുറം എസ്പി ഓഫീസിന് മുന്നിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. ലാത്തിചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ തിരിച്ചയച്ചു. യാതൊരു മുന്നറിയിപ്പും ഇല്ലാതെ വനിതാ പ്രവർത്തകരെ ഉൾപ്പടെ പൊലീസ് തല്ലിയെന്ന് ഡിസിസി പ്രസിഡന്റ് ആരോപിച്ചു. പൊലീസ് യാതൊരു പ്രകോപനവുമില്ലാതെ മർദ്ദിച്ചതാണെന്ന് കാസർകോട് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മലപ്പുറത്തും കാസർകോട്ടും കണ്ണൂരിലും പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായി. മലപ്പുറത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഏറെ നേരം സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നു. തിരുവനന്തപുരത്ത് ഡിജിപി ഓഫീസ് മാർച്ച് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ മുരളീധരൻ ഉൾപ്പടെ പ്രധാന നേതാക്കളാണ് വിവിധ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലെ മാർച്ചിന് നേതൃത്വം നൽകിയത്. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമെതിരായ കള്ളക്കേസുകൾ രാഷ്ട്രീയ വേട്ടയുടെ ഭാഗമെന്ന് ആരോപിച്ചാണ് സംസ്ഥാന വ്യാപക സമരം നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam