"റിസ്ക് എടുക്കാനാവില്ല"; കേരള കോൺഗ്രസിൽ നിന്ന് കുട്ടനാട് സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ്

By Web TeamFirst Published Feb 21, 2020, 10:15 AM IST
Highlights

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ ബലാബലം പരീക്ഷിക്കുന്ന കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ റിസ്ക് എടുക്കാനാകില്ലെന്ന് കേരളാ കോൺഗ്രസിനെ ധരിപ്പിക്കാൻ രാഷ്ട്രീയകാര്യ സമിതിയിലാണ് ധാരണയായത്. 

തിരുവനന്തപുരം: തമ്മിലടി രൂക്ഷമായ സാഹചര്യത്തിൽ കേരളാ കോൺഗ്രസിൽ നിന്ന് കുട്ടനാട് സീറ്റ് ഏറ്റെടുത്ത് ഉപതെരഞ്ഞെടുപ്പ് നേരിടാൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗത്തിൽ ധാരണ. കേരള കോൺഗ്രസിന് കുട്ടനാട് സീറ്റിലുള്ള അവകാശവാദം നിഷേധിക്കില്ല. പകരം തദ്ദേശ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് ഉപതെരഞ്ഞെടുപ്പിൽ ഭാഗ്യം പരീക്ഷിക്കാനാകില്ലെന്ന് കേരളാ കോൺഗ്രസ് നേതൃത്വങ്ങളെ ധരിപ്പിക്കും. കേരളാ കോൺഗ്രസുകൾ പല കഷ്ണങ്ങളായി ചേരി തിരിഞ്ഞ് തമ്മിലടി രൂക്ഷമായ സാഹചര്യത്തിൽ കൂടിയാണ് കോൺഗ്രസ് തീരുമാനം. 

ഉപതെരഞ്ഞെടുപ്പിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ സാഹചര്യങ്ങൾ മെച്ചപ്പെട്ടാൽ സീറ്റ് തിരിച്ച് നൽകുന്നതിനെ കുറിച്ച് ആലോചിക്കാം. അതല്ലെങ്കിൽ മറ്റേതെങ്കിലും സീറ്റ് നൽകാനും തയ്യാറാണെന്ന് കേരള കോൺഗ്രസ് നേതൃത്വങ്ങളെ ബോധ്യപ്പെടുത്താൻ രമേശ് ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും രാഷ്ട്രീയകാര്യ സമിതി ചുമതലപ്പെടുത്തിയിട്ടുണ്ട്. 

 കഴിഞ്ഞ തവണ കുട്ടനാട് സ്ഥാനാര്‍ത്ഥിയായ  ജേക്കബ് എബ്രഹാമിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് പിജെ ജോസഫ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. സീറ്റ് കേരളാ കോൺഗ്രസിന്‍റേതാണെന്നും രണ്ടില ചിഹ്നത്തിൽ സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നും ജോസ് കെ മാണിയും പറയുന്നു. ഇരുവിഭാഗങ്ങളെയും അനുനയിപ്പിച്ച് വേണം സീറ്റ് ഏറ്റെടുക്കുന്നതിനുള്ള രാഷ്ട്രീയകാര്യ സമിതി തീരുമാനം നടപ്പാക്കാൻ. 

അതിനിടെ കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗവും പിളര്‍പ്പിലേക്ക് എത്തി. ജോണി നെല്ലൂര്‍ വിഭാഗവും അനൂപ് ജേക്കബ് വിഭാഗവും വെവ്വേറെ നേതൃയോഗങ്ങൾ വിളിച്ചതും യുഡിഎഫിനും കോൺഗ്രസിനും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. മുൻമന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടിയുടെ വിയോഗത്തോടെയാണ് കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. 

click me!