
കൊച്ചി: കോൺഗ്രസ് യുവ നേതാവും അങ്കമാലി എംഎൽഎയുമായ റോജി എം ജോണിൻ്റെ വിവാഹം നിശ്ചയിച്ചു. കാലടി മാണിക്യമംഗലം സ്വദേശി ആർകിടെക്‌റ്റായ ലിപ്‌സിയാണ് വധു. നാളെ (ഒക്ടോബർ 27) കാലടി മാണിക്യമംഗലം പള്ളിയിൽ വച്ചാണ് മനസ്സമ്മതം നടക്കുക. അങ്കമാലി ബസിലിക്ക പള്ളിയിൽ വച്ച് ഈ മാസം 29 ന് വിവാഹം നടക്കും. ഇന്ന് വധുവിൻ്റെ വീട്ടിൽ വച്ചാണ് ഉറപ്പിക്കൽ ചടങ്ങ് നടന്നത്. പിന്നാലെ കോൺഗ്രസ് നേതാക്കൾ റോജിയുടെയും ലിപ്‌സിയുടെയും ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
അങ്കമാലി നിയോജക മണ്ഡലത്തിൽ നിന്ന് 2016 ലും 2021 ലും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട റോജി എം ജോൺ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് എത്തിയത്. എറണാകുളം തേവര എസ്എച്ച് കോളേജ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഉപരിപഠനത്തിനായി ദില്ലിയിലെ ജെഎൻയുവിലേക്ക് പോയി. ഇതിനിടെ എൻഎസ്‌യു നേതൃത്വത്തിലേക്ക് ഉയർന്നു. എൻഎസ്‌യു അധ്യക്ഷനായി പ്രവർത്തിച്ചിട്ടുള്ള റോജിയെ 2016 ലാണ് അങ്കമാലി മണ്ഡലം പിടിക്കാൻ കോൺഗ്രസ് ചുമതലപ്പെടുത്തിയത്. ജെഡിഎസിൻ്റെ കരുത്തനായ നേതാവ് മുൻ മന്ത്രി ജോസ് തെറ്റയിൽ ലൈംഗികാരോപണം നേരിട്ടതിനെ തുടർന്ന് മത്സരത്തിൽ നിന്ന് പിന്മാറിയ 2016 ലെ തെരഞ്ഞെടുപ്പിൽ ജെഡിഎസിൻ്റെ ജോണി മൂഞ്ഞേലിയെ പരാജയപ്പെടുത്തിയാണ് റോജി എം ജോൺ നിയമസഭയിലെത്തിയത്. 2021 ൽ ജോസ് തെറ്റയിൽ മണ്ഡലം തിരിച്ചുപിടിക്കാൻ മത്സര രംഗത്ത് ഇറങ്ങിയെങ്കിലും റോജിയെ പരാജയപ്പെടുത്താൻ സാധിച്ചിരുന്നില്ല.
കോൺഗ്രസിൻ്റെ യുവ നേതാക്കളിൽ പ്രമുഖനായ റോജി എം ജോൺ 41ാം വയസിലാണ് വിവാഹിതനാകുന്നത്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ എംവി ജോണിൻ്റെയും എൽസമ്മയുടെയും മകനായി 1984 ലാണ് ജനിച്ചത്. അങ്കമാലിക്കടുത്ത് കുറുമശേരിയിലാണ് റോജി താമസിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam