
മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജിക്കെതിരെ അഴിമതി ആരോപണക്കേസില്‍ വിജിലന്‍സ് കേസെടുത്ത നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരായ ഷാഫി പറമ്പില്‍, കെ എസ് ശബരീനാഥന്‍ എന്നിവര്‍ രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇരുവരും പ്രതിഷേധമറിയിച്ചത്. കൊവിഡ് 19 പ്രതിരോധത്തില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സര്‍ക്കാറിന് പിന്തുണ അറിയിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഷാഫി പറമ്പലിന്റെ വിമര്‍ശനം.
'സുരേന്ദ്രന് തെറ്റിയിട്ടില്ല. കേരളത്തിലെ അമിത് ഷായെ തന്നെയാണയാള്‍ പിന്തുണച്ചത്. കേരളത്തില്‍ ഇനി മറ്റൊരു അമിത് ഷാ വേണ്ട. മുണ്ടുടുത്ത മോദിക്കും അസഹിഷ്ണുതയോട് ആസക്തിയാണ്. കെ എം ഷാജിയെ വേട്ടയാടാന്‍ അനുവദിക്കില്ല'- എന്നായിരുന്നു ഷാഫി പറമ്പിലിന്റെ പോസ്റ്റ്. ആര്‍ജ്ജവമുണ്ടെങ്കില്‍ സ്പ്രിങ്ക്‌ളറിലും അന്വേഷണം പ്രഖ്യാപിക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് രാഷ്ട്രീയം പറയരുത്, പക്ഷേ വെല്ലുവിളിച്ചവനെതിരെ വിജിലന്‍സ് കേസെടുത്തു രാഷ്ട്രീയം കാണിക്കാമെന്നായിരുന്നു ശബരീനാഥന്റെ പ്രതികരണം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ഇടവേളകളിലാക്കിയത് ഷാജി എഫക്ടാണെന്ന തരത്തില്‍ ഇവര്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു.
ഷാഫി പറമ്പില്‍ എംഎല്‍എയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം
സുരേന്ദ്രന് തെറ്റിയിട്ടില്ല..
കേരളത്തിലെ അമിത് ഷായെ തന്നെയാണയാള്‍ പിന്തുണച്ചത്.
കേരളത്തില്‍ ഇനി മറ്റൊരു അമിത് ഷാ വേണ്ട.
മുണ്ടുടുത്ത മോദിക്കും അസഹിഷ്ണുതയോട് ആസക്തിയാണ്.
ഏകാധിപതികളുടെ വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതക്ക് മരുന്ന് പി ആര്‍ ഏജന്‍സിക്ക് കുറിക്കാന്‍ കഴിയില്ല. തല്‍ക്കാലത്തേക്ക് മറച്ച് പിടിക്കാനെ കഴിയൂ. അതിനുള്ള ചികിത്സ ജനത്തിന്റെ പക്കലുണ്ട്. പിണറായി വിജയനെ ഞങ്ങളും ഓര്‍മ്മപെടുത്തുന്നു 'ഇത് കേരളമാണ് '.
സ്പ്രിംഗ്ളറിലും നിശബ്ദത ആഗ്രഹിക്കുന്നുണ്ടെന്നറിയാം. അത് ഈ വേട്ടയാടലുകള്‍ കൊണ്ട് ഒന്നും നടക്കില്ല. ആര്‍ജ്ജവത്തിന്റെ ഒരംശം ഉണ്ടെങ്കില്‍ സ്പ്രിംഗ്ളറിലും പ്രഖ്യാപിക്കൂ ഒരന്വേഷണം.
വിജിലന്‍സില്‍ എന്തെങ്കിലും നിഷ്പക്ഷത ബാക്കിയുണ്ടോ എന്ന് ഒന്ന് കാണട്ടെ.
കെഎം ഷാജിയെ വേട്ടയാടാന്‍ അനുവദിക്കില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam