
കൊച്ചി: ദേശീയപാതയിൽ കൊച്ചി കുണ്ടന്നൂർ മേല്‍പ്പാലത്തിന്‍റെ നിർമ്മാണം പുനഃരാരംഭിച്ചു. വൈറ്റില പാലത്തിന്‍റെ നിർമ്മാണം തുടരാൻ അനുമതി നല്‍കിയതിന് പിന്നാലെയാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെ നടപടി. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം ആവശ്യത്തിന് നിർമ്മാണസാമഗ്രികള്‍ എത്തിയില്ലെങ്കില്‍ നിർമ്മാണപ്രവർത്തികള്‍ പ്രതിസന്ധിയിലാകും.
90 കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന കുണ്ടന്നൂർ മേല്‍പ്പാലത്തിന്‍റെ നിർമ്മാണം അവസാനഘട്ടത്തിലായിരുന്നപ്പോഴാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മൂന്നാഴ്ചയിലധികം മുടങ്ങിക്കിടന്ന ജോലികള്‍ പുനരാരംഭിക്കാൻ ഇപ്പോഴാണ് സർക്കാർ അനുമതി നല്‍കിയത്. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ അനുസരിച്ച് തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുകയാണ്. 40 ല്‍ താഴെ തൊഴിലാളികളാണ് ഇപ്പോള്‍ ജോലിചെയ്യുന്നത്.
ഒരു സ്ഥലത്ത് ഒരുമിച്ച് ജോലി ചെയ്യാതെ, പല സ്ഥലങ്ങളിലായി അഞ്ചില്‍ താഴെ തൊഴിലാളികളെ വിന്യസിച്ചാണ് ജോലികള്‍ പുരോഗമിക്കുന്നത്. എക്സ്പാൻഷൻ ജോയിന്‍റുകളുടെയും അപ്രോച്ച് റോഡിന്‍റെ സുരക്ഷാ ഭിത്തിയുടെയും ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. എന്നാല്‍ നിർമ്മാണ സാമഗ്രികള്‍ എത്താത്തതിനാല്‍ ഇത് എത്രനാള്‍ തുടരാനാകുമെന്ന് ഉറപ്പില്ല.
ടാറിങ്ങിനുള്ള സാമഗ്രികളും ഇതുവരെ എത്തിച്ചേർന്നിട്ടില്ല. ഏപ്രില്‍ 30 വരെയാണ് കരാർ കമ്പനിക്ക് നല്‍കിയിരിക്കുന്ന സമയപരിധി. നിലവിലെ സാഹചര്യത്തില്‍ നിശ്ചിത സമയത്തിനുള്ളില്‍ നിർമ്മാണം പൂർത്തിയാക്കാനാകുമോയെന്ന കാര്യം സംശയത്തിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam