
ദില്ലി: രാജസ്ഥാനിൽ അശോക് ഗെല്ലോട്ട് സർക്കാരിനെ ന്യൂനപക്ഷമാക്കി കൊണ്ട് സച്ചിൻ പൈലറ്റ് നടത്തുന്ന വിമത നീക്കങ്ങൾക്ക് തടയിടാൻ കോൺഗ്രസ് നേതൃത്വം ശ്രമം തുടരുന്നു. സച്ചിനെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കളെല്ലാം നേരിട്ട് രംഗത്തിറങ്ങി. അതേസമയം കഴിഞ്ഞ ആറ് മാസമായി സച്ചിൻ പൈലറ്റും ബിജെപി നേതൃത്വവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഹമ്മദ് പട്ടേൽ, എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ എന്നിവരെല്ലാം ഇന്ന് സച്ചിൻ പൈലറ്റുമായി നേരിട്ട് സംസാരിച്ചു. പ്രശ്നം സംഘടനാപരമായി പരിഹരിക്കാമെന്നും തിരക്കിട്ട് തീരുമാനങ്ങളിലേക്ക് നീങ്ങരുതെന്നും സച്ചിനോട് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേരിട്ടുള്ള നിർദേശം അനുസരിച്ചാണ് മുതിർന്ന നേതാക്കളുടെ ഒത്തുതീർപ്പ് നീക്കം.
അടിയന്തരസാഹചര്യം മുൻനിർത്തി കോൺഗ്രസ് എംഎഎമാരെയൊല്ലം റിസോർട്ടിലേക്ക് മാറ്റാൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. സ്വതന്ത്ര എംഎൽഎമാർ ഉൾപ്പടെ 107 പേരെയാണ് റിസോർട്ടിലേക്ക് മാറ്റുന്നത്. മുപ്പതോളം എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്ന് സച്ചിൻ പൈലറ്റ് പറയുന്നുവെങ്കിലും പതിനഞ്ച് പേർ മാത്രമേ അദ്ദേഹത്തിനൊപ്പമുള്ളൂവെന്നാണ് ഹൈക്കമാൻഡിൻ്റെ വിലയിരുത്തൽ.
ഭൂരിപക്ഷം എംഎൽഎമാരും ഗെല്ലോട്ടിനെ അനുകൂലിച്ച് നിൽക്കുന്നതും വസുന്ധരാജ സിന്ധ്യയുള്ളതിനാൽ സച്ചിൻ എളുപ്പം സ്വീകരിക്കാൻ ബിജെപിക്ക് സാധിക്കില്ല എന്നതും കോൺഗ്രസിനെ താത്കാലം ആശ്വാസം നൽകുന്നുണ്ട്. അതേസമയം സ്ഥിതിഗതികൾ ഏതറ്റം വരെ പോകും എന്ന നിരീക്ഷിക്കുകയാണ് ബിജെപി നേതൃത്വം. പാർട്ടി അധ്യക്ഷൻ ജെപി നഡ്ഡയെ ഇന്ന് സച്ചിൻ കണ്ടേക്കും എന്ന് വാർത്തയുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. നേരത്തെ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ ഇന്നലെ സച്ചിനെ കണ്ട് ചർച്ച നടത്തിയിരുന്നു.
ദില്ലി/ജയ്പൂർ: ഭരണപ്രതിസന്ധി നേരിടുന്ന രാജസ്ഥാനിൽ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിൻ്റെ വിമതനീക്കത്തെ വിട്ടുവീഴ്ചയില്ലാതെ നേരിടാനൊരുങ്ങി കോൺഗ്രസ്. സച്ചിനെതിരെ നടപടി എടുക്കാൻ പാർട്ടി ആലോചിക്കുന്നതായാണ് സൂചന. മുഖ്യമന്ത്രി അശോക് ഗെല്ലോട്ട് ഇന്ന് നിയമസഭാ കക്ഷിയോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്. രാജസ്ഥാനിൽ പാർട്ടിക്കൊപ്പം 109 എംഎൽഎമാരുണ്ടെന്നാണ് ദേശീയ നേതൃത്വം പറയുന്നത്.
ഇതിനിടെ ഗുരുഗ്രാമിലേക്ക് സച്ചിൻ പൈലറ്റിനൊപ്പം പോയ 23 എംഎൽഎമാരിൽ മൂന്ന് പേർ ഇന്ന് രാവിലെ ജയ്പൂരിൽ തിരിച്ചെത്തി. നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കുമെന്ന് ഈ എംഎൽഎമാർ അറിയിച്ചിട്ടുണ്ട്. സച്ചിനൊപ്പം 15-ൽ താഴെ എംഎൽഎമാർ മാത്രമേ ഉണ്ടാവൂ എന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് ഇപ്പോൾ. അൽപം സമയം മുൻപ് അശോക് ഗെല്ലോട്ടുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യവസായിയുടെ ജയ്പൂരിലേയും ദില്ലിയിലേയും ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്.
സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഇതിനിടെ ജയ്പൂരിൽ എത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ നിർദേശം അനുസരിച്ചാണ് കെസി വേണുഗോപാൽ പ്രശ്നപരിഹാരത്തിനായി ജയ്പൂരിൽ എത്തിയിരിക്കുന്നത്. ഇന്ന് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് എംഎൽഎമാർക്ക് ഇതിനോടകം വിപ്പ് ലഭിച്ചിട്ടുണ്ട്. രാഹുലിൻ്റെ വിശ്വസ്തരായ രൺദീപ് സുർജെവാല, അജയ് മാക്കൻ എന്നിവർ ജയ്പൂരിലെത്തി. അശോക് ഗലോട്ടുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam