വീട് എവിടെ? ലീഗ് വാങ്ങിയത് നിയമ പ്രശ്നമുളള ഭൂമി, ഭൂമി കണ്ടെത്താതെ യൂത്ത് കോണ്‍ഗ്രസ്, എത്ര പിരിച്ചെന്ന് പറയാതെ കോണ്‍ഗ്രസ്

Published : Jul 12, 2025, 01:51 PM IST
wayanad landslide

Synopsis

മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന്റെ ഒന്നാം വാർഷികം അടുക്കുമ്പോൾ, ഭവന നിർമ്മാണ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമായില്ല. കോൺഗ്രസും ലീഗും പ്രഖ്യാപിച്ച വീടുകൾ നിർമാണം പോലും തുടങ്ങിയില്ല

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന്‍റെ ഒന്നാം വാർഷികത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കുമ്പോഴും ദുരന്ത ബാധിതര്‍ക്കായി വീടുകൾ നിർമിക്കുമെന്ന പ്രഖ്യാപനം യാഥാർത്ഥ്യമാക്കാതെ കോൺഗ്രസും മുസ്‍ലിം ലീഗും. ഭവന നിർമ്മാണത്തിനായി ലീഗ് വാങ്ങിയത് നിയമ പ്രശ്നമുളള ഭൂമിയാണെങ്കില്‍ ഇതുവരെ ഭൂമി പോലും കണ്ടെത്താൻ കോണ്‍ഗ്രസിനോ യൂത്ത് കോണ്‍ഗ്രസിനോ കഴിഞ്ഞിട്ടില്ല. പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് സര്‍ക്കാരിന്‍റെ ടൗണ്‍ഷിപ്പ് പദ്ധതി വേണ്ടെന്നു വച്ച കുടുംബങ്ങളാകട്ടെ കാത്തിരിപ്പിലുമാണ്.

ഒറ്റ രാത്രികൊണ്ട് നാനൂറിലധികം വീടുകളെയും അത്രത്തോളം തന്നെ മനുഷ്യരെയും തുടച്ചുനീക്കിയ അത്യസാധാരണമായ ദുരന്തം. കേരളം അന്നോളം കണ്ടിട്ടില്ലാത്ത ദുരന്ത കാഴ്ചകളിൽ നടുങ്ങി നിന്ന ഒരു നാടിനെ കൈപിടിച്ച് കയറ്റാൻ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഏവരും ഒരുമിക്കുന്നതായിരുന്നു പിന്നീടുള്ള കാഴ്ചകൾ. ആ ദുരന്തത്തിന്റെ ഒന്നാം വാർഷികമാകുമ്പോൾ സർക്കാർ നേതൃത്വത്തിലുള്ള ടൗൺഷിപ്പ് നിർമ്മാണം കൽപ്പറ്റയിലെ എസ്റ്റേറ്റിൽ പുരോഗമിക്കുന്നു. ഇതിനോടകം ദുരന്തബാധിതരായ ഇരുപതോളം കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകാൻ സന്നദ്ധ സംഘടനകൾക്ക് കഴിയുകയും ചെയ്തു. എന്നാൽ സ്വന്തം നിലയിൽ വീടുകൾ നൽകുമെന്ന് പ്രഖ്യാപിച്ച രാഷ്ട്രീയ, യുവജന സംഘടനകളുടെ പ്രഖ്യാപനം എത്രകണ്ട് യാഥാർത്ഥ്യമായി?

ദുരന്തബാധിതര്‍ക്ക് 25 വീടുകള്‍ ഡിവൈഎഫ്ഐ പ്രഖ്യാപിച്ചപ്പോള്‍ 30 വീടുകള്‍ നൽകുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 100 വീതം വീടുകള്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും പ്രഖ്യാപിച്ചു. സർക്കാർ ടൗൺഷിപ്പ് പദ്ധതി പ്രഖ്യാപിക്കുകയും സംഘടനകൾ സമാഹരിച്ച് തുക സർക്കാരിന് കൈമാറി ടൗൺഷിപ്പ് പദ്ധതിയുടെ ഭാഗമാകാം എന്നും അറിയിച്ചതോടെ 100 വീടുകൾ നിർമ്മിക്കാൻ ആവശ്യമായ 20 കോടി രൂപ നൽകി ഡിവൈഎഫ്ഐ സർക്കാരിനൊപ്പം നിന്നു.

ദുരന്ത ഭൂമിയിലെ സർക്കാറിന്റെ പ്രവർത്തനങ്ങൾ നിരന്തരം ഓഡിറ്റ് ചെയ്യുകയും സ്വന്തം നിലയിൽ ഭവന നിർമ്മാണം പ്രഖ്യാപിക്കുകയും ചെയ്ത പ്രതിപക്ഷ പാർട്ടികളുടെയും യുവജന സംഘടനകളുടെയും ഭവന നിർമ്മാണം എവിടെ വരെയായി എന്ന ചോദ്യം ഉയരാൻ തുടങ്ങിയത് അടുത്തിടെയാണ്. ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് ക്യാമ്പോട് കൂടി ഈ ചോദ്യത്തിന് കൂടുതൽ ശക്തിയും ശ്രദ്ധയും കിട്ടി. സമാഹരിച്ച പണം വക മാറ്റി എന്ന ആരോപണത്തെ തെളിവുകൾ നിരത്തി പ്രതിരോധിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വം രംഗത്തിറങ്ങിയെങ്കിലും പ്രഖ്യാപിച്ച പദ്ധതി എന്ന് യാഥാർത്ഥ്യമാക്കാൻ ആകുമെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ല.

ഭൂമിയാണ് പ്രശ്നമെന്നും, ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ തേടി മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെ കത്ത് നൽകിയിട്ടും കാര്യമുണ്ടായില്ലെന്നുമാണ് യൂത്ത് കോൺഗ്രസിന്‍റെ പരാതി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 100 വീടുകൾ പ്രഖ്യാപിച്ച കോൺഗ്രസ് നേതൃത്വത്തിനും പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് കൃത്യമായ മറുപടിയില്ല. ഭൂമി കണ്ടെത്താൻ ഊർജ്ജിത ശ്രമങ്ങൾ നടത്തുന്നു, വൈകാതെ ഭൂമി വാങ്ങി തറക്കല്ലിടും എന്നാണ് ഇക്കാര്യത്തിലുള്ള മറുപടി. യൂത്ത് കോൺഗ്രസ് ഇതുവരെ വയനാട് ഭവന നിർമ്മാണത്തിനായി 87 ലക്ഷം രൂപ സമാഹരിച്ചതായി പറയുമ്പോൾ കോൺഗ്രസ് ഈ ലക്ഷ്യത്തിനായി എത്ര തുക സമാഹരിച്ചു എന്നതിലും വ്യക്തതയില്ല.

അതേസമയം, ദുരന്തബാധിതർക്കായി 8 സെൻറ് ഭൂമിയിൽ 1000 സ്ക്വയർഫീറ്റ് വീട് പ്രഖ്യാപിക്കുകയും ദ്രുതഗതിയിൽ കാര്യങ്ങൾ നീക്കുകയും ചെയ്ത മുസ്ലിം ലീഗിന്റെ ഭവന നിർമ്മാണ പദ്ധതി മറ്റൊരു കുരുക്കിലാണ്. തൃക്കൈപ്പറ്റ വില്ലേജിൽ ലീഗ് വാങ്ങിയ ഭൂമിയിൽ ഒരു ഭാഗം നിർമ്മാണങ്ങൾക്ക് വിലക്കുള്ള പ്ലാന്‍റേഷൻ ഭൂമിയുടെ സർവ്വേ നമ്പറിൽ ഉൾപ്പെട്ടതാണെന്ന് കാട്ടി വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ടിന്മേൽ വൈത്തിരി താലൂക്ക് ലാൻഡ് ബോർഡ് ഭൂ ഉടമകളിൽ നിന്ന് വിശദീകരണം തേടിയിരിക്കുകയാണ്. 11ഏക്കർ ഭൂമിയാണ് പദ്ധതിക്കായി ലീഗ് വാങ്ങിയിട്ടുള്ളത്.എന്നാൽ നിയമ പ്രശ്നങ്ങൾ ഇല്ലെന്നും ഉടൻതന്നെ നിർമ്മാണത്തിലേക്ക് കടക്കുമെന്നുമാണ് ലീഗിൻറെ വിശദീകരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓട്ടോ ഡ്രൈവറെ പൊലീസ് മർദിച്ചെന്ന് പരാതി; ഭാര്യയുടെ പരാതിയിൽ അന്വേഷണത്തിനെത്തിയപ്പോൾ മർദനം, കമ്മീഷണർക്ക് പരാതി നൽകും
'ബീഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി