
തിരുവനന്തപുരം : 'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്' എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പുതിയ ക്യാമ്പയിനുമായി കോൺഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയുടെ ലൈംഗിക പീഡന കേസിൽ കോൺഗ്രസ് പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ശബരിമല സ്വർണ്ണക്കടത്ത് ഉപയോഗിച്ചാണ് സിപിഎമ്മിനെതിരെ കോൺഗ്രസ് പ്രതിരോധം.
പ്രതിപക്ഷനേതാവ് വി. ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ കവർ പേജ് മാറ്റി ഈ പ്രചാരണത്തിന് തുടക്കമിട്ടു. രാഹുൽ മാങ്കൂട്ടം എം.എൽ.എ.യുടെ കേസ് വലിയ ചർച്ചാവിഷയമായി നിലനിൽക്കെ, ശബരിമലയിലെ സ്വർണ്ണക്കടത്ത് വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വഴി പാർട്ടിക്ക് താത്കാലിക ആശ്വാസം കണ്ടെത്താൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ നീക്കത്തിലൂടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി മറയ്ക്കാനും ശബരിമല വിഷയത്തിൽ ഭരണപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്താനും സാധിക്കുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് യുവതി നല്‍കിയ പുതിയ പരാതിയില്‍ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം നാളെയുണ്ടാകും. സോണിയാ ഗാന്ധിക്കും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനും നല്‍കിയ പരാതി സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറുകയായിരുന്നു. പരാതി വിശദമായി പരിശോധിച്ച ശേഷം കേസെടുക്കുന്ന കാര്യത്തിൽ നാളെ തീരുമാനം ഉണ്ടാകും. ആദ്യ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നാളെ പരിഗണിക്കും.കേരളത്തിന് പുറത്ത് താമസിക്കുന്ന 23 കാരിയാണ് ഇന്ന് ഉച്ചയോടെ ഇ മെയിൽ വഴി സോണിയാ ഗാന്ധിക്കും കെപിസിസി അധ്യക്ഷനും പരാതി നൽകിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, സൗഹൃദം സ്ഥാപിച്ചു, പിന്നീട് വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു എന്നുമാണ് യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നത്.