
തിരുവനന്തപുരം: നാവായിക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ അട്ടിമറി. ഗ്രൂപ്പ് പോരിൽ കോൺഗ്രസിന് ഭരണനഷ്ടം. കോൺഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനാർത്ഥി തോറ്റെങ്കിലും വിമത സ്ഥാനാർത്ഥി ജയിച്ചു. എൽഡിഎഫ് പിന്തുണയോടെയാണ് കോൺഗ്രസിൻ്റെ വിമത സ്ഥാനാർത്ഥി പ്രസിഡൻ്റായത്. എൽഡിഎഫിന്‍റെ ആറ് അംഗങ്ങളും നാല് കോൺഗ്രസ് അംഗങ്ങളുടെയും പിന്തുണയോടെയാണ് വിജയം. കോൺഗ്രസിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് എട്ട് അംഗങ്ങൾ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. ബിജെപിയുടെ സ്ഥാനാർത്ഥിക്ക് ആറ് പാർട്ടി അംഗങ്ങളുടെയും പിന്തുണ ലഭിച്ചു.
ആസിഫ് കടയിലാണ് നാവായിക്കുളം പഞ്ചായത്ത് പ്രസിഡണ്ടായി അധികാരമേറ്റത്. പഞ്ചായത്തിലെ കക്ഷിനില പ്രകാരം യുഡിഎഫിൽ കോൺഗ്രസിനായിരുന്നു മുഴുവൻ സീറ്റും. 12 അംഗങ്ങളുണ്ടായിരുന്നു. എൽഡിഎഫിനും ബിജെപിക്കും ആറ് വീതം അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. എന്നാൽ പഞ്ചായത്തിൽ മേൽക്കൈ നേടിയ കോൺഗ്രസിൽ പ്രസിഡണ്ട് സ്ഥാനം സംബന്ധിച്ച് നേരത്തെ തന്നെ വൻ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ആദ്യ രണ്ടര വർഷം ജിഹാദിനും പിന്നീട് രണ്ടര വർഷം കുടവൂർ നിസാമിനും പ്രസിഡണ്ട് സ്ഥാനം നൽകാമെന്ന് ജില്ലാ നേതൃത്വം തീരുമാനിച്ചിരുന്നു. ജിഹാദിന് പ്രസിഡൻ്റ് സ്ഥാനം നൽകുന്ന തീരുമാനം അംഗീകരിക്കാനാവില്ലെന്ന് മണ്ഡലം പ്രസിഡന്റും മുതിർന്ന നേതാവുമായ കുടവൂർ നിസാമും ഇദ്ദേഹത്തോടൊപ്പമുള്ളവരും നിലപാടെടുത്തു. നിസാമിന് തന്നെ ആദ്യ രണ്ടര വർഷം നൽകണമെന്ന് എം.എം. താഹയുടെ പിന്തുണയുള്ള വിഭാഗം ആവശ്യപ്പെട്ടു. എന്നാൽ വർക്കല കഹാർ പക്ഷം ഈ ആവശ്യം തള്ളുകയും ജിഹാദിന് തന്നെ ആദ്യ രണ്ടര വർഷം പ്രസിഡണ്ട് സ്ഥാനം നൽകണമെന്ന് ഉറച്ച നിലപാട് സ്വീകരിക്കുകയും ചെയ്തു.
ഈ തീരുമാനത്തിൽ പ്രതിഷേധിച്ച എതിർ വിഭാഗം ആസിഫ് കടയിലിനെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. തുടർന്ന് എൽഡിഎഫ് പിന്തുണ നൽകിയതോടെ നടന്ന വോട്ടെടുപ്പിൽ ആസിഫ് കടയിൽ 10 വോട്ട് നേടി നാവായിക്കുളം പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. സംഭവം കോൺഗ്രസിനുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനങ്ങൾ തകർക്കപ്പെട്ടതോടെ പാർട്ടിക്കുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമായതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam