
കല്‍പ്പറ്റ: ആത്മഹത്യ ചെയ്ത വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻ എം വിജയന്‍റെ അർബൻ ബാങ്കിലെ ബാധ്യത കോൺഗ്രസ് അടച്ച് തീർത്തു. കുടുംബവുമായി ഉണ്ടായിരുന്ന കരാർ പ്രകാരമാണ് 58 ലക്ഷം രൂപ ബാങ്കിൽ അടച്ചത്. നേരത്തെ 30 ലക്ഷം രൂപയുടെ ബാധ്യത കോൺഗ്രസ് തീർത്തിരുന്നു.സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 10 ലക്ഷം രൂപ നൽകി ബാധ്യതയും തീർത്തിരുന്നു. കടം അടച്ച് തീര്‍ക്കാത്തതിനെ തുര്‍ന്ന് വിജയന്‍റെ മരുമകൾ ഡിസിസി ഓഫീസിന് മുന്നിൽ സത്യഗ്രഹമിരിക്കുമെന്ന് പ്രഖ്യാപിച്ചത് വിവാദമായിരുന്നു. സെപ്റ്റംബർ 30 നുള്ളിൽ തന്നെ അർബൻ ബാങ്കിലെ ബാധ്യത തീർക്കണമെന്നും അല്ലാത്തപക്ഷം ഒക്ടോബർ 2 ന് ഡിസിസിക്ക് മുൻപിൽ സത്യാഗ്രഹം ഇരിക്കുമെന്നുമായിരുന്നു പത്മജയുടെ നിലപാട്.
എൻ എം വിജയൻ്റെ ആത്മഹത്യ കുറിപ്പിലെ കോൺഗ്രസ് നേതാക്കൾക്കെതിരായ പരാമർശം വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ബാധ്യത പാർട്ടി ഏറ്റെടുക്കണമെന്ന കുടുംബം ആവശ്യപ്പെട്ടത്. ചർച്ചകൾക്കൊടുവിൽ കുടുംബവുമായി കോൺഗ്രസ് കരാർ ഉണ്ടാക്കി. ഇതുപ്രകാരം 20 ലക്ഷം രൂപ പാർട്ടി നേരിട്ട് നൽകി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 10 ലക്ഷം രൂപയും അടച്ചുതീർത്തു. എന്നാൽ അർബൻ ബാങ്കിലെ വീടും സ്ഥലവും എടുത്തു നൽകാമെന്ന കരാർ പാലിക്കപ്പെട്ടില്ല. കോൺഗ്രസിനെതിരെ കുറിപ്പ് എഴുതിവെച്ച എൻ എം വിജയൻറെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചത് വിഷയം വഷളാക്കി. ഓഫീസിന് മുന്നിൽ സത്യഗ്രഹം ഇരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ന് ബാങ്കിലെ പണം അടച്ചു തീർത്തത്.
നിയമപരമായി നടപടിക്രമങ്ങൾ കൂടി പൂർത്തിയാക്കിയ ശേഷം ആയിരിക്കും കുടുംബത്തിന് ആധാരം നൽകുക. വിജയൻറെ കുടുംബത്തിൻ്റെ ബാധ്യത തീർക്കാൻ കെപിസിസിക്ക് എഐസിസി സാമ്പത്തിക സഹായം നൽകിയിരുന്നു. അതേസമയം, പണം അടച്ചതിനെ കുറിച്ച് ഔദ്യോഗികമായി പാർട്ടി അറിയിച്ചിട്ടില്ലെന്ന് എന്‍ എം വിജയന്‍റെ മരുമകള്‍ പത്മജ പറയുന്നു. മാധ്യമങ്ങളിലെ വിവരങ്ങൾ മാത്രമേ അറിയൂ. വാക്ക് പാലിക്കപ്പെടാതെ വന്നപ്പോഴാണ് മാധ്യമങ്ങളിൽ പ്രതികരിക്കേണ്ടി വന്നത്. വീടും സ്ഥലവും പണയം വയ്ക്കേണ്ടി വന്നത് പാർട്ടിക്ക് വേണ്ടി എന്ന് ആത്മഹത്യക്കുറിപ്പിൽ ഉണ്ടെന്നും പത്മജ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് വയനാട് മുൻ ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മകന്‍ ജിജേഷും ആത്മഹത്യ ചെയ്തത്. ബത്തേരിയിലെ സഹകരണ ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെ പാര്‍ട്ടിക്കായി പണം വാങ്ങിയെന്നും എന്നാല്‍ നിയമനം നടക്കാതെ വന്നപ്പോള്‍, ബാധ്യത മുഴുവന്‍ തന്റെ തലയിലായി എന്നുമാണ് എന്‍ എം വിജയന്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. വിജയനും മകന്‍ ജിജേഷും ആത്മഹത്യ ചെയ്ത കേസില്‍ ഐ സി ബാലകൃഷ്ണന്‍, എന്‍ ഡി അപ്പച്ചന്‍, ഡിസിസി മുന്‍ ട്രഷറര്‍ കെ കെ ഗോപിനാഥ്, തുടങ്ങിയവരെ പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കെ.പി.സി.സി. പ്രസിഡന്റിന് നല്‍കാന്‍ വിജയന്‍ എഴുതിയ കത്തില്‍ ഇവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നുവെന്നാണ് പറയുന്നത്.