
കൊച്ചി: പി.ടി. തോമസിന്റെ (PT Thomas) പൊതുദര്‍ശനത്തിന് തൃക്കാക്കര നഗരസഭ ചെലവാക്കിയ പണം കോണ്‍ഗ്രസ് (Congress) മടക്കി നല്‍കി. 4 ലക്ഷത്തി മൂവായിരം രൂപയുടെ ചെക്ക് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് (Muhammed Shiyas) നഗരസഭ ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പനെ ഏല്‍പ്പിച്ചു. പി.ടി. തോമസിന്റെ പൊതുദര്‍ശനത്തിന് പണം ചെലവഴിച്ചത് കൗണ്‍സില്‍ അനുമതി ഇല്ലാതെ ആണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
അന്തരിച്ച എംഎല്‍എ പി ടി തോമസിന്റെ പൊതുദര്‍ശനത്തിന് പൂക്കള്‍ വാങ്ങുന്നതിന് ഉള്‍പ്പെടെ നാല് ലക്ഷം രൂപയലിധകം തൃക്കാക്കര നഗരസഭ ചെലവഴിച്ചെന്ന് വിജിലന്‍സില്‍ പ്രതിപക്ഷം പരാതി നല്‍കിയിരുന്നു. അഞ്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാരാണ് എറണാകുളം വിജിലന്‍സ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. അടിയന്തര ഘട്ടങ്ങളില്‍ നഗരസഭക്ക് ചെലവാക്കാന്‍ അധികാരമുള്ളതിനേക്കാള്‍ കൂടുതല്‍ തുകയാണ് ചെലവാക്കിയിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. മരണാനന്തര ചടങ്ങുകള്‍ക്ക് പൂക്കള്‍ ഉപയോഗിക്കരുതെന്നത് പി ടി തോമസ് പറഞ്ഞിരുന്നെങ്കിലും മൃതദേഹം വഹിച്ച് കൊച്ചിയില്‍ നിന്ന് ഇടുക്കിയിലേക്കുള്ള യാത്രയില്‍ വാഹനം പൂക്കള്‍ കൊണ്ടലങ്കരിച്ചത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.
1.27 ലക്ഷം രൂപയുടെ പൂക്കള്‍ നഗരസഭ വാങ്ങിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് നഗരസഭ വലിയ അഴിമതി നടത്തിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. മരണാന്തര ചടങ്ങുകള്‍ക്ക് ഒരുപൂപോലും ഇറുക്കരുതെന്ന് പറഞ്ഞ പിടിയോട് നഗരസഭ അനാദരവ് കാണിച്ചെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍, പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമാണെന്നായിരുന്നു ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്റെ വിശദീകരണം. സംസ്‌കാര ചടങ്ങിന് ചെലവായ പണം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നല്‍കിയെന്നും ഭരണപക്ഷം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam