
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നല്ല രീതിയിൽ നടന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അസംബ്ലി തെരഞ്ഞെടുപ്പിന്റെ പ്രതീതിയായിരുന്നു. എൽഡിഎഫും യുഡിഎഫും ഏറ്റുമുട്ടുന്ന പോലെയായെന്നും കെ മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൈബർ ആക്രമണം പോലും നടന്നു. കോൺഗ്രസിൻറെ തെരഞ്ഞെടുപ്പിൽ ഒട്ടും അംഗീകരിക്കാൻ പാടില്ലാത്ത സൈബർ ആക്രമണം നടന്നു. മല്ലികാർജുൻ ഗാർഗയെ ചിലർ അപമാനിച്ചു, വ്യക്തിപരമായി അധിക്ഷേപിച്ചു.അതിൽ ബിജെപി - സിപിഎം പ്രവർത്തകരുണ്ടാവാമെന്നും കെ മുരളീധരൻ പറഞ്ഞു.
ശശി തരൂരിനോട് നല്ല സ്നേഹം ചില സിപിഎം നേതാക്കൾക്കുണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎസ് ശബരീനാഥൻ അന്തസ്സായി അഭിപ്രായം പറഞ്ഞു. എന്നാൽ മല്ലികാർജ്ജുൻ ഖാർഗെയെ ചിലർ മോശമായി അവതരിപ്പിച്ചു. സംഭവിക്കാൻ പാടില്ലാത്തതാണ് തെരഞ്ഞെടുപ്പിൽ നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാട്സാപ്പും യൂട്യൂബും നോക്കിയല്ല കോൺഗ്രസ് പ്രവർത്തിക്കുന്നത്. വർക്കിംഗ് കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുപ്പ് വേണമെന്ന് പറഞ്ഞാൽ നടത്തും. 13 സ്ഥാനങ്ങളിലേക്ക് നടക്കും. നെഹ്റു കുടുംബത്തിൻറെ ഉപദേശം അനുസരിച്ചായിരിക്കും കോൺഗ്രസ് പ്രവർത്തിക്കുക. പുതിയ പ്രസിഡണ്ട് നല്ല ആക്ടീവാണ്. ജോഡോ യാത്രയിൽ ഖാർഗെ നന്നായി തന്നെ നടന്നു. ആരോഗ്യത്തിന് ഒരു കുഴപ്പവും ഇല്ല. വർക്കിങും താങ്ങുമൊന്നും ആവശ്യമില്ല. സൈബറാക്രമണം നടത്തിയവരെ തരൂർ നിരുൽസാഹപ്പെടുത്തിയില്ല. അത് തരൂർ അറിയാത്തത് കൊണ്ടാവാം. മൽസരിക്കുന്നവർക്ക് പാർട്ടിയിൽ റിസർവേഷൻ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ മരണത്തിന് കാരണമായ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ കൊലക്കുറ്റം ഒഴിവാക്കിയ കോടതി നടപടിയ്ക്ക് കാരണം സുപ്രധാന തെളിവ് നഷ്ടമായതാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിനും പോലീസിനും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. സർക്കാർ തുടക്കം മുതൽ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നു. കോടതി ഉത്തരവ് വന്നതോടെ അത് കൂടുതൽ വ്യക്തമായി. മദ്യത്തിൻറെ അംശം പോകും വരെ പരിശോധന നീട്ടിയതിലൂടെ സുപ്രധാന തെളിവാണ് നഷ്ടമായത്. കുറ്റം ചെയ്തവർക്ക് ശിക്ഷ കിട്ടാത്ത സാഹചര്യമാണ്. അപ്പീൽ പോയാലും ഗുണമുണ്ടാകില്ലെന്നും കേസിൽ പ്രധാന തെളിവ് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ആവർത്തിച്ചു. സംഭവം വളരെ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam