
തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്. കേരളത്തിൽ എൽഡിഎഫും ദേശീയ തലത്തിൽ ബിജെപിയും കോൺഗ്രസിനെതിരെ രാഷ്ട്രീയ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് പിന്തുണയിൽ നയം വ്യക്തമാക്കി കോൺഗ്രസ് നേതൃത്വം എത്തിയത്. വര്‍ഗ്ഗീയ ശക്തികളുടെ പിന്തുണ വേണ്ടെന്നും അത് കോണഗ്രസിന്‍റെ പ്രഖ്യാപിത നിലപാടാണെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എംഎം ഹസ്സനും പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്തമാക്കി.
ബിജെപിയെ പ്രതിരോധിക്കാൻ ബദൽ നീക്കങ്ങൾക്ക് മുന്നിൽ നിൽക്കുന്നത് കോൺഗ്രസ്. ആ കോൺഗ്രസിനും യുഡിഎഫിനും പിന്തുണ. ഇതായിരുന്നു എസ് ഡിപിഐ നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ അതിശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ അത്യാവശ്യ വോട്ടുള്ള സംഘടനയെയും അവര്‍ പ്രഖ്യാപിച്ച പിന്തുണയേയും തള്ളാനും വയ്യ കൊള്ളാനും വയ്യ എന്ന വിഷമവൃത്തത്തിലായി കോൺഗ്രസ് നേതൃത്വം. പിന്നാലെ കോൺഗ്രസ് വിമുക്ത ഭാരതം ലക്ഷ്യമിടുന്ന ബിജെപി ദേശീയ തലത്തിലും, തീവ്ര നിലപാടുള്ള സംഘടനയുടെ വോട്ട് വാങ്ങുന്നതിനെതിരെ കേരളത്തിലെ ഇടതുമുന്നണിയും കോൺഗ്രസിനെ കടന്നാക്രമിച്ചു.
രാഹുൽ ഗാന്ധിയുടെ മത്സരം എസ്ഡിപിഎയുടെ പിന്തുണയോടെയാണെന്ന് വരെ അമിത് ഷാ വരെ പറയാനിടയായ സാഹചര്യത്തിൽ കൂടിയാണ് പുനരാലോചനക്ക് കോൺഗ്രസ് നേതൃത്വം തയ്യാറായത്. ഭൂരിപക്ഷ വര്‍ഗ്ഗീയതയേയും ന്യൂനപക്ഷ വര്‍ഗ്ഗീയതയേയും ഒരു പോലെ എതിര്‍ക്കും , വ്യക്തികൾക്ക് പക്ഷെ സ്വതന്ത്രമായി വോട്ടിടാമെന്നുമാണ് കോൺഗ്രസ് നിലപാട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam