
തിരുവനന്തപുരം: പിണറായി വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി വരുമെന്ന് ഉറപ്പായതോടെ, സമാന കേസുകളിൽ പ്രതികളായ കമ്മ്യൂണിസ്റ്റുകളെ ഉൾപ്പെടുത്തി ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കാനാണ് പിണറായിയുടെ ശ്രമമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. ഈ ഗ്രൂപ്പിന്റെ അഡ്മിനാവാനാണ് പിണറായി ശ്രമിക്കുന്നതെന്നും ഷോൺ ജോർജ് പരിഹസിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഡി രാഷ്ട്രീയപ്രേരിതമായി കളിക്കുകയാണെന്ന പിണറായിയുടെ പ്രസ്താവന ഇതിന്റെ ഭാഗമാണ്. പിണറായി വിജയന് അൽപമെങ്കിലും ഉളുപ്പുണ്ടെങ്കിൽ പ്രതിപക്ഷ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസ്-സിപിഎം രഹസ്യധാരണയാണ് ഈ വിഷയത്തിലെ കോൺഗ്രസിന്റെ മൗനത്തിന് പിന്നിലെന്നും ഷോൺ ജോർജ് ആരോപിച്ചു. ഡൽഹിയിൽ ഒന്നിച്ചു സമരം ചെയ്യുന്നവരാണ് ഇവർ. പിണറായിക്ക് എതിരായ വിഷയങ്ങളിൽ മുഖ്യമന്ത്രി നിശബ്ദനാണ്. പ്രതിപക്ഷ നേതാവിന്റെ ഭാവി മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും കൈയിലാണ്. സർക്കാർ സഹായിച്ചാൽ സർക്കാരിനെതിരായ കാര്യങ്ങളിൽ പ്രതിപക്ഷ നേതാവ് മിണ്ടാതിരിക്കും. മാത്യു കുഴൽനാടൻ മാത്രമാണ് ഈ വിഷയത്തിൽ വൈകാരികമായി പ്രതികരിക്കുന്നത്. മറ്റ് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചാൽ അത് അവർക്ക് നേരെ തന്നെ തിരിയും എന്ന് അറിയാവുന്നത് കൊണ്ടാണ് മൗനം പാലിക്കുന്നത്. കോൺഗ്രസ് ഈ വിഷയത്തിൽ പുലർത്തുന്ന നിശബ്ദത കടുത്ത സംശയങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പണം കൈപ്പറ്റിയ പട്ടികയിലുള്ള ചുരുക്കപ്പേരുകാർ എല്ലാവരും പണം വാങ്ങിയിട്ടുണ്ട്. അവർ നേരായ വഴിയിലൂടെയല്ല പണം വാങ്ങിയതെങ്കിൽ കുടുങ്ങും. മാത്യു കുഴൽനാടൻ ഈ കേസിൽ പോയ വഴി ശരിയായിരുന്നില്ലെന്നും, അന്ന് വിജിലൻസ് കേസ് ആയിരുന്നില്ല വേണ്ടതെന്നും ഷോൺ ജോർജ് അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ അന്വേഷണം നടത്തി കേസ് എടുത്തില്ലെങ്കിൽ തങ്ങൾ മറ്റ് നിയമനടപടികളിലേക്ക് കടക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള തന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും, സംസ്ഥാന സർക്കാരിന് അന്വേഷിക്കാൻ കഴിയില്ലെങ്കിൽ അത് തുറന്നുപറയണമെന്നും, എങ്കിൽ തങ്ങൾ വേറെ വഴി നോക്കിക്കൊള്ളാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam