മലയാളികളുടെ മടക്കം: കര്‍ണാടകയില്‍ നിന്ന് ബസ് സര്‍വ്വീസുമായി കോണ്‍ഗ്രസ്

By Web TeamFirst Published May 10, 2020, 5:09 PM IST
Highlights

കെപിസിസിയുടെ അഭ്യര്‍ത്ഥന പ്രകാരം കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാറാണ് മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനുമുള്ള ബസ് സൗകര്യം ഒരുക്കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു. 

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് കര്‍ണാടകയില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കുന്നതിനായി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍  ബസ് സര്‍വ്വീസ്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. കെപിസിസിയുടെ അഭ്യര്‍ത്ഥന പ്രകാരം കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാറാണ് മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനുമുള്ള ബസ് സൗകര്യം ഒരുക്കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഒരു ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. എന്‍ എ ഹാരിസ് എംഎല്‍എയ്ക്കാണ് ഹെല്‍പ്പ് ഡെസ്‌കിന്റെ ഏകോപന ചുമതല. കര്‍ണാടക-കേരള സര്‍ക്കാരുകളുടെ പാസുകള്‍ കിട്ടുന്നവര്‍ക്ക് കേരളത്തിലേക്കുള്ള യാത്രയ്ക്കായുള്ള സഹായം ഹെല്‍പ്പ് ഡെസ്‌ക് വഴി ലഭിക്കും. സഹായം ആവശ്യമുള്ളവര്‍  എന്‍ എ ഹാരിസ് എംഎല്‍എയുടെ  969696 9232 എന്ന മൊബൈല്‍ നമ്പറിലോ,infomlanaharis@gmail.com എന്ന ഇമെയില്‍ ഐഡിയിലോ ബന്ധപ്പെടണമെന്നും മുല്ലപ്പള്ളി അറിയിച്ചു.

നേരത്തെ, അതിഥിതൊഴിലാളികള്‍ക്കുള്ള യാത്രാചെലവ് വഹിക്കാനുള്ള നീക്കം പാളിയതിന് പിന്നാലെ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങി മലയാളികളെ നാട്ടിലെത്തിക്കാമെന്ന വാഗ്ദാനവുമായി കെപിസിസി രംഗത്ത് വന്നിരുന്നു. ആയിരക്കണക്കിന് മലയാളികളെ ബാധിക്കുന്ന വിഷയമെന്ന നിലയില്‍, തങ്ങളുടെ ശ്രമത്തിന് ജനപിന്തുണ കിട്ടുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

സോണിയാഗാന്ധിയുടെ ആഹ്വാനപ്രകാരം അതിഥി തൊഴിലാളികളുടെ യാത്രാചെലവ് വഹിക്കാനുള്ള നീക്കം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. 10 ലക്ഷം രൂപയുടെ ചെക്കുമായി ജില്ലാ കളക്ടര്‍മാരുടെ മുന്നിലെത്തിയ ഡിസിസി അധ്യക്ഷന്‍മാരെ കളക്ടര്‍മാര്‍ മടക്കി അയക്കുകയായിരുന്നു. വിദ്യാര്‍ഥികളടക്കം പല സ്ഥലങ്ങളിലും കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിൽ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. 

മതിയായ യാത്രാപാസില്ലാതെ അതിര്‍ത്തിയിലെത്തിയ മലയാളികളെ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ പ്രതിപക്ഷ നേതാവും എംപിമാരടക്കം കോണ്‍ഗ്രസ് നേതാക്കളും സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. രോഗവ്യാപന സാധ്യത ചൂണ്ടിക്കാട്ടി ഇത്തരം നീക്കങ്ങള്‍ അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ആവർത്തിക്കുകയാണ് ചെയ്തത്. 

click me!