
മലപ്പുറം: ബലാത്സംഗ കേസിൽ ജയിലിലായ രാഹുൽ മാങ്കൂട്ടത്തിലിനെ എം എൽ എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള നീക്കത്തിൽ നിലപാട് വ്യക്തമാക്കാതെ കോൺഗ്രസ്. അയോഗ്യതാ നീക്കം നിയമസഭയിൽ വന്നാൽ അപ്പോൾ പാർട്ടി നിലപാട് വ്യക്തമാക്കാമെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് എ പി അനിൽകുമാർ എം എൽ എ പറഞ്ഞു. സർക്കാർ ഈ വിഷയത്തിൽ നിയമോപദേശം തേടുന്നു എന്നാണ് അറിയുന്നതെന്നും രാജ്യത്ത് എല്ലാവർക്കും ഒരേ നിയമമാണ് ഉള്ളതെന്ന് ഭരണകൂടം ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണപക്ഷ എം എൽ എക്കും പ്രതിപക്ഷ എം എൽ എക്കും നിയമം ഒരുപോലെ ബാധകമാണെന്നും രാഷ്ട്രീയ പകപോക്കലുകൾ അനുവദിക്കില്ലെന്നും അനിൽകുമാർ കൂട്ടിച്ചേർത്തു.
മൂന്നാമത്തെ ബലാത്സംഗ കേസിൽ ജയിലിലായതോടെ രാഹുൽ മാങ്കൂട്ടത്തിൽ, എം എൽ എ പദവിയിൽ തുടരുന്നതിൽ ചോദ്യങ്ങൾ ഉയരുകയാണ്. എം എൽ എ സ്ഥാനം സ്വയം ഒഴിയുന്നില്ലെങ്കിൽ നിയമസഭയ്ക്ക് രാഹുലിനെ പുറത്താക്കാൻ അധികാരമുണ്ട്. അംഗങ്ങൾക്കുണ്ടാവേണ്ട പൊതു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാട്ടി, എത്തിക്സ് കമ്മിറ്റി ശുപാർശ നൽകി സഭ അംഗീകരിച്ചാൽ രാഹുൽ പുറത്തായേക്കാം. ഇന്നലെ തന്നെ സ്പീക്കർ അതിന്‍റെ സൂചന നൽകിയിരുന്നു. വിവാഹ വാഗ്ദാനം നൽകി ക്രൂരപീഡനം മുതൽ സാമ്പത്തിക ചൂഷണം വരെയുള്ള പരാതികളാണ് രാഹുലിനെതിരെ ഉള്ളത്. നികുതിപ്പണം പറ്റുന്ന നിയമസഭാംഗം ക്രിമിനൽ കേസുകളിൽ തുടർച്ചയായി പ്രതിയായാൽ, അയാൾക്കെതിരെ സഭയ്ക്ക് എന്ത് നടപടിയെടുക്കാൻ കഴിയും? എം എൽ എമാർക്ക് ഉണ്ടായിരിക്കേണ്ട പെരുമാറ്റച്ചട്ടം എന്തെന്ന് കേരള നിയമസഭയുടെ നടപടിക്രമം സംബന്ധിച്ച ചട്ടങ്ങൾ വ്യക്തമാക്കുന്നു. അനുബന്ധം രണ്ടിൽ പേജ് 144 മുതൽ സഭയ്ക്ക് അകത്തും പുറത്തുമുളള പെരുമാറ്റച്ചട്ടവും സദാചാര തത്വങ്ങളും എന്തൊക്കെയെന്ന് പറയുന്നു. അംഗങ്ങൾ പൊതുജീവിതത്തിൽ ഉയർന്ന നിലവാരത്തിലുളള സാന്മാർഗികതയും അന്തസ്സും മര്യാദയും മൂല്യങ്ങളും നിലനിർത്തണമെന്ന് ചട്ടം. പദവി ജനങ്ങളുടെ പൊതുനന്മ വളർത്തുന്നതിന് ഉപയോഗിക്കണം എന്നുമുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്യത്തിൽ ഈ സദാചാര തത്വലംഘനം പരാതിയായി സ്പീക്കർ മുന്നിൽ വരാം. അംഗങ്ങൾക്കോ പൊതുജനങ്ങൾക്കോ പരാതി നൽകാം. പരാതി നൽകിയാൽ നടപടിക്രമം എന്താണ്? സ്പീക്കർക്ക് പരാതിയുടെ വസ്തുത പരിശോധിച്ച് എത്തിക്സ് ആന്‍റ് പ്രിവിലേജസ് കമ്മിറ്റിക്ക് വിടാം. അതല്ലെങ്കിൽ സഭയുടെ അനുമതിയോടെ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാം. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് സ്പീക്കറുടെ അംഗീകാരത്തോടെ സഭയിൽ വെക്കണം. അത് പാസായാൽ അംഗത്തിനെതിരെ കമ്മിറ്റി ശുപാർശ ചെയ്ത നടപടിയെടുക്കാം. ഗവർണറുടെ അംഗീകാരം വാങ്ങാം. സഭയിൽ നിന്ന് നീക്കാനാണ് ശുപാർശയെങ്കിൽ അത് നടപ്പാക്കാം. പിന്നെ അയാൾ എംഎൽഎയല്ല. നിലവിലെ സഭയുടെ കാലയളവ് വരെയാകും സാധുത. മത്സരിക്കുന്നതിന് അയോഗ്യതയുണ്ടാകില്ല. സഭയ്ക്ക് ഒരംഗത്തെ പുറത്താക്കാൻ അധികാരമുണ്ടോ എന്നത് പലപ്പോഴും തർക്കവിഷയമായിട്ടുണ്ട്. കോടതി കയറിയിട്ടുണ്ട്. നിലവിലെ സഭയ്ക്ക് ഈ മാസം ഇരുപതിന് തുടങ്ങുന്ന ഒരു സമ്മേളന കാലയളവാണ് ശേഷിക്കുന്നത്. രാഹുലിനെതിരെ നടപടിയെടുക്കണമെങ്കിൽ പരാതിയെത്തി, റിപ്പോർട്ട് തയ്യാറാക്കി, ഈ സമയം പാസാക്കണം. അതിവേഗ നടപടിയിലേക്ക് സ്പീക്കർ കടക്കുമോ എന്നാണ് അറിയേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam