
തിരുവനന്തപുരം: വി.ഡി. സതീശൻ ക്യാബിനറ്റിൽ കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാർ ആയിരിക്കുമെന്ന് സൂചന. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും കോൺഗ്രസിൽ നിന്നായിരിക്കും. പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാർ അനുവദിക്കും. ഏക അംഗമുള്ള കക്ഷികൾക്ക് ഫുൾ ടേം നൽകാനും ധാരണയായി. ആർക്കെക്കെയാണ് സ്ഥാനം ലഭിക്കുക എന്നതാണ് ഇനിയുടെ ആകാംക്ഷ. രമേശ് ചെന്നിത്തലയെ മന്ത്രിയാകാൻ വി.ഡി. സതീശൻ ക്ഷണിക്കും. ചെന്നിത്തല നിലപാടിൽ അയവ് വരുത്തിയെന്നാണ് സൂചന. ഇതോടെ കോൺഗ്രിലെ മുൻനിര നേതാക്കൾ മന്ത്രിസഭയിലുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. വി.ടി. ബല്‍റാം, ഐ.സി. ബാലകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍ തുടങ്ങിയ എംഎല്‍എമാരെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നു.
കെ.സി. വേണുഗോപാലിന് മുഖ്യമന്ത്രി ലഭിക്കാത്ത സാഹചര്യത്തിൽ ക്യാബിനറ്റിൽ പിടിമുറുക്കാൻ കെ.സി പക്ഷം ശ്രമിക്കും. അഞ്ച് മന്ത്രിമാർ ലഭിക്കുമെന്ന ലീഗിന്റെ പ്രതീക്ഷയും നടപ്പാകും. രണ്ട് മന്ത്രി സ്ഥാനത്തിനായി സമ്മർദ്ദവുമായി കേരള കോൺഗ്രസും രംഗത്തുണ്ട്. അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി എന്ന ഫോർമുലയാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. കോണ്‍ഗ്രസിന് മുഖ്യമന്ത്രി അടക്കം 13 പദവികൾ എന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ.
മൂന്ന് തവണ എംഎൽഎ ആയ പി കെ ബഷീർ സാധ്യതാ പട്ടികയിലുണ്ട്. കെ എം ഷാജിയെ ആണ് മൂന്നാമതായി പരിഗണിക്കുന്നത്. യുവ മുഖം എന്ന നിലയിൽ എൻ ഷംസുദ്ദീനും സാധ്യതാ പട്ടികയിലുണ്ട്. പാലക്കാട് നിന്ന് ഒരു മന്ത്രി വേണം എന്ന ചർച്ചയും ഷംസുദ്ദീനെ പരിഗണിക്കാൻ കാരണമാണ്. അഞ്ചാമതൊരു മന്ത്രി സ്ഥാനം ലഭിച്ചാൽ ആരെ പരിഗണിക്കണമെന്ന ചർച്ച നടക്കുകയാണ്. മറ്റു ജില്ലകൾക്കും പരിഗണന നൽകണം എന്നതിനാൽ കാസർകോട് നിന്നുള്ള എ കെ എം അഷ്റഫ് പരിഗണനയിലുണ്ട്. കോഴിക്കോട് നിന്നുള്ള എംഎൽഎമാരിൽ ഒരാൾക്ക് മന്ത്രി സ്ഥാനം നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പാറക്കൽ അബ്ദുള്ള, റസാഖ് മാസ്റ്റർ എന്നിവരിൽ ആര് വേണമെന്നതിൽ തർക്കമുണ്ട്.
ഏഴ് സീറ്റുകളിൽ ജയിച്ച ജോസഫ് വിഭാഗം രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെടുന്നുണ്ട്. ഒരെണ്ണം മാത്രമേ നൽകൂ എന്നാണ് സൂചന. ആർഎസ്പി ഒരു മന്ത്രി സ്ഥാനമാണ് പ്രതീക്ഷിക്കുന്നത്. സിപി ജോണ്‍, ജേക്കബ്ബ് വിഭാഗം, ആർഎംപി, സിപിഎം വിട്ടെത്തിയ ജി സുധാകരൻ അടക്കമുള്ളവർ എന്നിവരെയെല്ലാം എങ്ങനെ ഉൾക്കൊള്ളും എങ്ങനെ മന്ത്രിസ്ഥാനം വീതിക്കും എന്നതിൽ ആശയക്കുഴപ്പമുണ്ട്. മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച് ഉഭയകക്ഷി ചർച്ച ഇതുവരെ പൂർത്തിയായിട്ടില്ല. തിങ്കളാഴ്ചയ്ക്ക് മുൻപ് ഇതിലൊരു തീരുമാനമുണ്ടാകുമോ എന്നാണ് അറിയാനുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam