
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാൻ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് പാർട്ടിയുടെ തീരുമാനം. കോൺഗ്രസ് പ്രവർത്തക സമിതിയിലാണ് തീരുമാനം. എസ്ഐആറിലൂടെ പുറത്താക്കപ്പെട്ട 13 കോടി പേരെ വോട്ടർപട്ടികയിൽ തിരികെ കൊണ്ടുവരണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി രാജിവെക്കണമെന്നും എസ്ഐെആർ റദ്ദാക്കണമെന്നും കോൺഗ്രസ് പ്രമേയത്തിൽ വ്യക്തമാക്കി. തുടർ പ്രതിഷേധ പ്രഖ്യാപനം നാളത്തെ ഇന്ത്യ സഖ്യ യോഗത്തിന് ശേഷമായിരിക്കും. തുടർനടപടികൾ ഒറ്റക്ക് പ്രഖ്യാപിക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. ഇംപീച്ച്മെൻ്റ് നടപടികളിലടക്കം നാളെ ചർച്ചയുണ്ടാകും. അതേസമയം, സഖ്യത്തിലെ മുഖ്യ നേതാവായ അഖിലേഷ് യാദവ് യോഗത്തിൽ പങ്കെടുക്കാനാകില്ലെന്ന് അറിയിച്ചു.
പ്രായോഗിക ബുദ്ധിമുട്ടുകളാണെന്നും പ്രതിനിധിയയെ അയയ്ക്കാമെന്നും അദ്ദേഹം അറിയിച്ചു. കെ.സി. വേണുഗോപാൽ, മല്ലികാർജുൻ ഖർഗെ എന്നിവരുമായി അഖിലേഷ് ആശയവിനിമയം നടത്തി. തമിഴ്നാട്ടിലെ പ്രധാന കക്ഷിയായ ഡിഎംകെയെ തിരികെ കൊണ്ടുവരുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു. ഈ വിഷയം നാളെ ചർച്ച ചെയ്യും. ജനാധിപത്യത്തെ തകർക്കുന്ന കാഴ്ച അവർക്ക് കണ്ടുനിൽക്കാനാവില്ലെന്ന് കെ.സി വ്യക്തമാക്കി. മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിൻ്റെ വെളിപ്പെടുത്തലും പ്രവർത്തക സമിതിയിൽ ചർച്ചയായി. രമേശ് ചെന്നിത്തലയാണ് വിഷയം ഉന്നയിച്ചത്.
ഗ്യാനേഷ് കുമാർ ബിജെപി ഏജൻ്റ് എന്നതിന് എന്തിന് വേറെ തെളിവെന്ന് ചെന്നിത്തല ചോദിച്ചു. തുടർ നീക്കങ്ങളിൽ ഇക്കാര്യം ആയുധമാക്കും. യോഗത്തിൽ ശശി തരൂരിനെ ഖാർഗെ ട്രോളി. ഗാന്ധിജയന്തി ദിനത്തിൽ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് തരൂർ പറഞ്ഞതോടെയാണ് ഖാർഗെ തരൂരിനെ ട്രോളിയത്. പ്രതിഷേധം നടത്താം, പക്ഷേ സമര സ്ഥലത്ത് കാണണമെന്നും വിദേശത്തേക്ക് കടന്നേക്കരുതെന്നും ഖർഗെ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam