'പിണറായിക്ക് അധികാരത്തിൻറെ ഹുങ്ക്'; സിൽവർലൈൻ മംഗലാപുരം വരെ നീട്ടി ബിജെപിയുമായി ധാരണയ്ക്ക് നീക്കമെന്ന് മുരളീധരൻ

By Web TeamFirst Published Sep 5, 2022, 3:25 PM IST
Highlights

'സിൽവർലൈൻ മംഗലാപുരം വരെ നീട്ടിയാലും സമരത്തിൽ നിന്ന് പിന്മാറില്ല. കോൺഗ്രസ്, സമരം താർക്കാലികമായി മാറ്റി വച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ യാത്ര തിരുവനന്തപുരം കഴിഞ്ഞ ശേഷം സമരം ശക്തമാക്കും'

തിരുവനന്തപുരം: സിൽവർലൈൻ മംഗലാപുരം വരെ നീട്ടി സിപിഎം, ബിജെപിയുമായി ധാരണയുണ്ടാക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി. വള്ളംകളിക്ക് അമിത് ഷായെ ക്ഷണിച്ചത് ഇത് മുന്നിൽക്കണ്ടാണ്.  മൂന്നാഴ്ചത്തെ മുഖ്യമന്ത്രിയുടെ നീക്കങ്ങൾ ശ്രദ്ധിക്കേണ്ടതാണെന്നും മുരളീധരൻ പറഞ്ഞു. സിൽവർലൈൻ മംഗലാപുരം വരെ നീട്ടിയാലും സമരത്തിൽ നിന്ന് പിന്മാറില്ല. കോൺഗ്രസ്, സമരം താർക്കാലികമായി മാറ്റി വച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ യാത്ര തിരുവനന്തപുരം കഴിഞ്ഞ ശേഷം സമരം ശക്തമാക്കും. പദ്ധതി ഉപേക്ഷിച്ചു എന്ന് പറയും വരെ സമരം തുടരുമെന്നും കെ.മുരളീധരൻ പറഞ്ഞു. സിൽവർലൈനിനായി കുറ്റിയടിച്ച സ്ഥലങ്ങളിൽ ആളുകൾ ദുരിതത്തിലാണ്. ലോൺ കിട്ടുന്നില്ല, സ്ഥലം വിൽക്കാനാകുന്നില്ല. കമ്മീഷൻ പറ്റാനുള്ള ഏർപ്പാട് മാത്രമാണ് സിൽവർലൈൻ. മുഖ്യമന്ത്രിക്കെതിരായ കേസുകളിൽ നിന്ന് കേന്ദ്ര ഏജൻസികളെ പിൻമാറ്റാൻ ശ്രമം നടക്കുന്നതായും മുരളീധരൻ ആരോപിച്ചു.

'പിണറായിക്ക് അധികാരത്തിന്റെ ഹുങ്ക്'

വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കുകയല്ല, പാക്കേജ് നടപ്പിലാക്കുകയാണ് വേണ്ടതെന്ന് കെ.മുരളീധരൻ. യുഡിഎഫ് ആണ് പദ്ധതി തുടങ്ങിയത്. അന്ന് മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തിയാണ് തുടങ്ങിയത്. അന്ന് യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കണമായിരുന്നു എന്നും മുരളീധരൻ പറഞ്ഞു. വികസന കാര്യത്തിൽ പിണറായിക്ക് അധികാരത്തിൻറെ ഹുങ്കാണ്.ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തയ്യാറാകുന്നില്ല . ഇതാണ് വിഴിഞ്ഞത്ത് ബിഷപ്പുമാരെ വരെ സമരത്തിനിറക്കിയത് എന്നും കെ.മുരളീധരൻ ആരോപിച്ചു

'സിൽവർലൈൻ മംഗലാപുരത്തേക്ക്', കേരളത്തിന്റെ ആവശ്യത്തിൽ മുഖ്യമന്ത്രിതല ചർച്ച; കൂടിക്കാഴ്ച ഈ മാസം തന്നെ


സിൽവർലൈൻ മംഗലാപുരം വരെ നീട്ടണമെന്ന ആവശ്യത്തിൽ കേരള-കർണാടക ചർച്ച നടക്കും. മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും തമ്മിലാണ് ചർച്ച നടക്കുക. ഈ മാസം തന്നെ ചർച്ച ഉണ്ടാകും. തിരുവനന്തപുരത്ത് നടക്കുന്ന സതേണ്‍ സോണല്‍ കൗണ്‍സിലില്‍ സിൽവർ ലൈൻ പാത മംഗലാപുരം വരെ നീട്ടുന്നത് കേരളം അജണ്ടയായി വച്ചിരുന്നു. തുടർന്നാണ് വിഷയത്തിൽ ആദ്യം ഇരു സംസ്ഥാനങ്ങളും തമ്മിൽ ചർച്ച നടത്താൻ ധാരണയായത്. സംസ്ഥാനങ്ങൾ തമ്മിൽ ധാരണയിൽ എത്തിയ ശേഷമേ മറ്റു ചർച്ചകളുമായി മുന്നോട്ടു പോകൂ. ഈ സാഹചര്യത്തിൽ കേരളത്തിന്റെ ആവശ്യത്തിൽ ഇപ്പോൾ സതേണ്‍ സോണല്‍ കൗണ്‍സിൽ യോഗത്തിൽ ചർച്ചയുണ്ടാകില്ല. തലശ്ശേരി-മൈസൂരു, നിലമ്പൂർ -നഞ്ചൻകോട് പാതയുടെ കാര്യവും വിഷയത്തിൽ ചർച്ചയാകും. 

സില്‍വര്‍ലൈനില്‍ കര്‍ണാടകയെ കളത്തിലിറക്കി പിണറായി; അപ്രതീക്ഷിത നീക്കത്തില്‍ വീഴുമോ കേന്ദ്രം

click me!