Asianet News MalayalamAsianet News Malayalam

'സിൽവർലൈൻ മംഗലാപുരത്തേക്ക്', കേരളത്തിന്റെ ആവശ്യത്തിൽ മുഖ്യമന്ത്രിതല ചർച്ച; കൂടിക്കാഴ്ച ഈ മാസം തന്നെ

സതേണ്‍ സോണല്‍ കൗണ്‍സിലില്‍ സിൽവർ ലൈൻ പാത മംഗലാപുരം വരെ നീട്ടുന്നത് കേരളം അജണ്ടയായി വച്ചിരുന്നു. തുടർന്നാണ് വിഷയത്തിൽ ആദ്യം ഇരു സംസ്ഥാനങ്ങളും തമ്മിൽ ചർച്ച നടത്താൻ ധാരണയായത്. 

Kerala and Karnataka Cm's to discuss Silverline
Author
First Published Sep 3, 2022, 3:08 PM IST

തിരുവനന്തപുരം: സിൽവർലൈൻ മംഗലാപുരം വരെ നീട്ടണമെന്ന ആവശ്യത്തിൽ കേരള-കർണാടക ചർച്ച നടക്കും. മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും തമ്മിലാണ് ചർച്ച നടക്കുക. ഈ മാസം തന്നെ ചർച്ച ഉണ്ടാകും. തിരുവനന്തപുരത്ത് നടക്കുന്ന സതേണ്‍ സോണല്‍ കൗണ്‍സിലില്‍ സിൽവർ ലൈൻ പാത മംഗലാപുരം വരെ നീട്ടുന്നത് കേരളം അജണ്ടയായി വച്ചിരുന്നു. തുടർന്നാണ് വിഷയത്തിൽ ആദ്യം ഇരു സംസ്ഥാനങ്ങളും തമ്മിൽ ചർച്ച നടത്താൻ ധാരണയായത്. സംസ്ഥാനങ്ങൾ തമ്മിൽ ധാരണയിൽ എത്തിയ ശേഷമേ മറ്റു ചർച്ചകളുമായി മുന്നോട്ടു പോകൂ. ഈ സാഹചര്യത്തിൽ കേരളത്തിന്റെ ആവശ്യത്തിൽ ഇപ്പോൾ സതേണ്‍ സോണല്‍ കൗണ്‍സിൽ യോഗത്തിൽ ചർച്ചയുണ്ടാകില്ല. തലശ്ശേരി-മൈസൂരു, നിലമ്പൂർ -നഞ്ചൻകോട് പാതയുടെ കാര്യവും വിഷയത്തിൽ ചർച്ചയാകും. 

ചർച്ചയിൽ അതിവേഗ റെയിൽവേ ഇടനാഴി എന്ന ആവശ്യം തമിഴ‍്‍നാട് മുന്നോട്ടുവച്ചിരുന്നു. കോയമ്പത്തൂർ, ചെന്നൈ, മധുര, തൂത്തുക്കൂടി നഗരങ്ങളെ ബന്ധിപ്പിച്ച് അതിവേഗ റെയിൽവേ ഇടനാഴി വേണം. അയൽസംസ്ഥാനങ്ങളെ കൂടി ബന്ധിപ്പിക്കണം എന്ന ആവശ്യവും തമിഴ‍്‍നാട് മുന്നോട്ടു വച്ചു. വികസന വിഷയങ്ങൾക്കൊപ്പം, ഫെഡിറലിസവും സംസ്ഥാനങ്ങളുടെ അധികാരവും നേരിടുന്ന വെല്ലുവിളികൾ കേരളമുൾപ്പടെ പ്രധാന സംസ്ഥാനങ്ങൾ ഉയർത്തി.  വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യ കമ്പനികളെ അനുവദിക്കുന്ന വൈദ്യുതി നിയമ ഭേദഗതി പിൻവലിക്കണമെന്നും, വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് ആനുപാതിക വരുമാനം ഉറപ്പാക്കണമെന്നും ഉള്ള സുപ്രധാന ആവശ്യങ്ങൾ തമിഴ‍്‍നാട് ഉയർത്തി. മയക്കുമരുന്ന് കേസുകൾ ഗൗരവത്തോടെ കാണുന്നുവെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. സംസ്ഥാനങ്ങൾ നാർകോ കോർഡിനേഷൻ സെന്റർ യോഗങ്ങൾ പതിവായി ചേരണമെന്നും ഇവ ജില്ലാതലത്തിലേക്ക് വ്യാപിപ്പിക്കണമെന്നും അമിത് ഷാ നിർദേശിച്ചു. സംസ്ഥാനങ്ങൾ തമ്മിലുള്ള വെള്ളം പങ്കുവയ്ക്കുന്നതിലെ തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനും അദ്ദേഹം നിർദേശിച്ചു. 

കോവളം റാവിസ് കൺവൻഷൻ സെന്‍ററിലാണ് കേന്ദ്രവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും തമ്മിലുമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൗൺസിൽ നടന്നത്. കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് യോഗം. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം, തമിഴ‍്‍നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവർ കൗൺസിലിൽ പങ്കെടുത്തു. കൗൺസിലിൽ പങ്കെടുക്കാനായി ഇന്നലെ കോവളത്ത് എത്തിയ അമിത് ഷായെ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു. സ്വീകരണത്തോട് അനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറിയിരുന്നു. 

. സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കാതെ സര്‍ക്കാര്‍; സാമൂഹികാഘാത പഠനം തുടരാമെന്ന് എജിയുടെ നിയമോപദേശം

കെ റെയിലിനുള്ള സാമൂഹിക ആഘാത പഠനം തുടരാനൊരുങ്ങി സംസ്ഥാന സർക്കാർ. വിവിധ ജില്ലകളിൽ പഠനം നടത്തുന്ന ഏജൻസികളെ കൊണ്ട് പഠനം തുടരാമെന്ന് അഡ്വക്കേറ്റ് ജനറൽ റവന്യൂവകുപ്പിന് നിയമോപദേശം നൽകി. ആറ് മാസത്തിനുള്ളിൽ സാമൂഹിക ആഘാത പഠനം പൂർത്തിയാക്കണമെന്നായിരുന്നു ചട്ടം. എന്നാൽ കഴിഞ്ഞ മാസം, ആറ് മാസമെന്ന കാലാവധി അവസാനിച്ചതിനാൽ പഠനം നിലച്ചപ്പോഴാണ് റവന്യൂവകുപ്പ് നിയമോപദേശം തേടിയത്. ഏജൻസികളുടെ പ്രശ്നം കൊണ്ടല്ല പഠനം പൂർത്തിയാക്കാൻ കഴിയാത്തതെന്ന് വിലയിരുത്തിയ എജി, അതേ ഏജൻസികളെ കൊണ്ട് പഠനം തുടരാമെന്ന് നിയമപദേശം നൽകി. വിവിധ ജില്ലകളിൽ ജില്ലാ കളക്ടർമാ‍ർ വിവിധ ഏജൻസികളെ കൊണ്ടാണ് പഠനം നടത്തുന്നത്. നിയമോപദേശം ഉള്‍പ്പെടെ സാമൂഹിക ആഘാത പഠനം തുടരാൻ അനുമതി തേടി റവന്യൂ വകുപ്പ് മുഖ്യമന്ത്രിക്ക് ഫയൽ കൈമാറി.

 

Follow Us:
Download App:
  • android
  • ios