ദില്ലിയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകും, കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു: പിസി ചാക്കോ

By Web TeamFirst Published Feb 9, 2020, 12:18 PM IST
Highlights

'തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ കീർത്തി ആസാദ് പരാജയമായിരുന്നു. ദില്ലി കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വരുത്താതെ പരിഹാരമില്ല'

ദില്ലി: ദില്ലി നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ. കോണ്‍ഗ്രസിന്‍റെ സംഘടന സംവിധാനം തെരഞ്ഞെടുപ്പിന് സജ്ജമായിരുന്നില്ല. പിസിസിയും തെരഞ്ഞെടുപ്പിന് വേണ്ടി കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല. ഇതെല്ലാം തിരിച്ചടിയാണ്. തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ കീർത്തി ആസാദ് പരാജയമായിരുന്നു. ദില്ലി കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വരുത്താതെ ഇക്കാര്യത്തില്‍ പരിഹാരമില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ പ്രതികരിച്ചു. ദില്ലിയുടെ ചുമതല ഒഴിയാനുള്ള സന്നദ്ധത ഹൈക്കമൻറിന് അറിയിക്കുമെന്നും കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായും പിസി ചാക്കോ കൂട്ടിച്ചേര്‍ത്തു.  എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ചാക്കോയുടെ പ്രതികരണം. 

ഇന്നലെയാണ് ദില്ലി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ തെരഞ്ഞെടുപ്പിൽ എഎപിക്ക് തുടർ ഭരണമാണ് പ്രവചിക്കുന്നത്. മിക്ക എക്സിറ്റ് പോളുകളും കോണ്‍ഗ്രസിന് ഒന്നോ രണ്ട് സീറ്റുകള്‍ കിട്ടിയേക്കാമെന്ന് പ്രവചിക്കുന്നു. എഎപിക്ക് 44 സീറ്റുകളാണ് ടൈംസ് നൌ പ്രവചിച്ചത്. 26 സീറ്റുകൾ ബിജെപിക്കും ലഭിക്കുമെന്നാണ് പ്രവചനം. കോൺഗ്രസിന് സീറ്റ് പ്രവചിച്ചിട്ടില്ല.റിപ്പബ്ലിക് ടിവിയുടെ ഫലത്തിൽ 48 മുതൽ 61 വരെയാണ് എഎപിക്ക് പ്രവചിച്ചിരിക്കുന്നത്. ഒൻപത് മുതൽ 21 വരെ സീറ്റുകൾ ബിജെപിക്ക് പ്രവചിക്കുന്നു. കോൺഗ്രസിന് ഒരു സീറ്റ് കിട്ടിയേക്കുമെന്നാണ് പ്രവചനം. 

എഎപി 53 മുതൽ 57 സീറ്റുകൾ വരെ നേടുമെന്ന് ന്യൂസ് എക്സ്  ചാനലിന്റെ എക്സിറ്റ് പോൾ ഫലത്തിൽ പറയുന്നു. ഇന്ത്യാ ന്യൂസിന്റെ എക്സിറ്റ് പോൾ ഫലത്തിൽ ആംആദ്മി പാർട്ടിക്ക് 53 മുതൽ 57 സീറ്റ് വരെ പ്രവചിക്കുന്നു. ബിജെപിക്ക് 11-17 സീറ്റുകൾ. കോൺഗ്രസിന് രണ്ട് സീറ്റ് വരെ കിട്ടിയേക്കുമെന്നും എക്സിറ്റ് പോൾ ഫലത്തിലുണ്ട്.

 

click me!