വാളയാര്‍ പെണ്‍കുട്ടികളുടെ വീട് നാളെ കോണ്‍ഗ്രസ് സംഘം സന്ദര്‍ശിക്കും

By Web TeamFirst Published Oct 28, 2019, 8:24 PM IST
Highlights

അതേസമയം കേസിൽ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ഹാജരായ ശിശുക്ഷേമ സമിതി ചെയർമാന്‍ അഡ്വ.രാജേഷിനെ മാറ്റി. 

പാലക്കാട്: വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ വീട് കോണ്‍ഗ്രസ് സംഘം നാളെ സന്ദര്‍ശിക്കും. വി എം സുധീരന്‍റെ നേതൃത്വത്തിലാണ് സന്ദര്‍ശനം. നാളെ വൈകിട്ട് സംസ്ഥാനമെങ്ങും പ്രതിഷേധജ്വാലകള്‍ സംഘടിപ്പിക്കും. വാളയാ‌ർ കേസിൽ പ്രതികളെ വെറുതെ വിട്ടതിൽ രൂക്ഷ പ്രതിഷേധമാണ് പലകോണുകളില്‍ നിന്നായി ഉയരുന്നത്. അതേസമയം കേസിൽ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ഹാജരായ ശിശുക്ഷേമ സമിതി ചെയർമാന്‍ അഡ്വ.രാജേഷിനെ മാറ്റി. ശിശുക്ഷേമ സമിതി ചെയർമാനായി രാജേഷ് തുടരുന്നതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ നടപടി. 

വാളയാർ കേസിൽ പ്രതികൾക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയർമാൻ ഹാജരായത് സർക്കാരിനെ വലിയ തോതിൽ പ്രതിരോധത്തിൽ ആക്കിയിരുന്നു. പ്രതികൾക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയർമാൻ ഹാജരായത് ശരിയായില്ലെന്ന നിലപാടുമായി മന്ത്രി കെ കെ ശൈലജ അടക്കം രംഗത്തെത്തുകയും ചെയ്തു. വാളയാറിൽ ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ ബന്ധുക്കളും രാജേഷിനെതിരെ ആരോപണങ്ങൾ കടുപ്പിച്ചിരുന്നു. പോയ വര്‍ഷമാണ് വാളയാറില്‍ പതിനൊന്നും ഒന്‍പതും വയസുള്ള രണ്ട് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്തകൂട്ടി ലൈംഗീകചൂഷണത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നുവെങ്കിലും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നില്ല. മൂത്തകുട്ടിയുടെ മരണം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ കുട്ടിയും ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്.


 

click me!