
കോട്ടയം: കോൺഗ്രസിന്റെ കേരളത്തിലെ സമുന്നതനായ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ നാട്ടിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണ ശശി തരൂരിന്. കോട്ടയം പുതുപ്പള്ളിൽ ശശി തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കി. തോട്ടയ്ക്കാട് 140, 141 നമ്പർ ബൂത്ത് കമ്മിറ്റികളാണ് തരൂരിനെ അനുകൂലിക്കുന്നത്. ഇവർ കോട്ടയം ഡിസിസിക്കും കെപിസിസിക്കും എഐസിസിക്കും പ്രമേയം അയച്ചു. കോൺഗ്രസിന്റെ വളർച്ചയ്ക്ക് തരൂർ അധ്യക്ഷനാകണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
അധ്യക്ഷ തെരഞ്ഞെടുപ്പിൽ പ്രവർത്തകർ റോളില്ലെന്ന ബോധ്യത്തിലാണ് പ്രമേയം പാസാക്കിയത്. ഇലക്ഷൻ വരുമ്പോൾ പ്രവർത്തകരാണ് എല്ലാം എന്ന് പറയുന്ന നേതാക്കളെല്ലാം പ്രമേയം കാണണമെന്ന മുന്നറിയിപ്പോടെയാണ് പ്രമേയം മേൽക്കമ്മറ്റികൾക്ക് അയച്ചത്. കോൺഗ്രസ് സംസ്ഥാന നേതൃത്വം ശശി തരൂരിന്റെ സ്ഥാനാർഥിത്വത്തിനെതിരായ പൊതുനിലപാട് സ്വീകരിക്കുമ്പോഴും താഴെ തട്ടിലെ അണികളിലും അനുഭാവികളിലും നിന്ന് തരൂരിന് കിട്ടുന്ന പിന്തുണ നേതൃത്വത്തെ അമ്പരപ്പിക്കുകയാണ്. തിരഞ്ഞെടുപ്പിൽ തരൂർ പരാജയപ്പെട്ടാൽ പോലും താഴെ തട്ടിൽ നിന്ന് ഇപ്പോൾ അദ്ദേഹത്തിനു കിട്ടുന്ന പിന്തുണ സംഘടനയിൽ ആഭ്യന്തര പ്രശ്നങ്ങൾക്കും വഴിവച്ചേക്കാം.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡോ.ശശി തരൂർ ഇന്ന് മഹാരാഷ്ട്രയിൽ നേതാക്കളെ കണ്ട് വോട്ട് തേടും. രാവിലെ മുതിർന്ന നേതാവ് സുശീൽകുമാർ ശിൻഡെയുടെ വസതിയിലെത്തും. തുടർന്ന് 12 മണിയോടെയാണ് മുംബൈയിലെ പിസിസി ആസ്ഥാനത്ത് എത്തുക. മല്ലികാർജുൻ ഖാർഗെയ്ക്ക് ലഭിച്ച പോലെ വലിയ സ്വീകരണം പിസിസി ആസ്ഥാനത്ത് ലഭിക്കാനുള്ള സാധ്യത വിരളമാണ്.ഇന്നലെ വിമാനത്താവളത്തിൽ ശശിതരൂർ എത്തിയപ്പോൾ സ്വീകരിക്കാൻ നേതാക്കളാരും എത്താതിരുന്നത് ശ്രദ്ധേയമായിരുന്നു. നേതാക്കളെത്താത്തതിൽ പരിഭവമില്ലെന്നും താൻ സാധാരണക്കാരുടെ പ്രതിനിധിയാണെന്നുമായിരുന്നു തരൂരിന്‍റെ പ്രതികരണം. പിസിസി ഓഫീസിലെ സന്ദർശനത്തിന് ശേഷം മുംബൈ കോൺഗ്രസ് ഓഫീസിലും തുടർന്ന് തരൂർ പോവും.