യുവതിയേയും കുഞ്ഞിനേയും വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ ഇന്ന് അറസ്റ്റുണ്ടായേക്കും

Published : Oct 09, 2022, 07:29 AM IST
യുവതിയേയും കുഞ്ഞിനേയും വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ ഇന്ന് അറസ്റ്റുണ്ടായേക്കും

Synopsis

കുട്ടിയേയും അമ്മയേയും ഒരു രാത്രി മുഴുവൻ പുറത്തു നിർത്തിയിട്ടും അനങ്ങാതിരുന്ന പൊലീസ് മാധ്യമങ്ങളിൽ വാര്‍ത്ത വന്നതിന് പിന്നാലെയാണ് അതുല്യയുടെ മൊഴിയെടുത്തതും പിന്നീട് കേസ് നടപടകിളിലേക്ക് നീങ്ങിയതും.

കൊല്ലം: തഴുത്തലയിൽ അമ്മയേയും കുഞ്ഞിനെയും ഭർതൃവീട്ടുകാർ വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ  ഇന്ന് അറസ്റ്റുണ്ടായേക്കും. ഇന്നലെ അതുല്യയുടെ ഭർത്താവ് പ്രതീഷ് ലാൽ, അമ്മായി അമ്മ അജിതകുമാരി, ഭർതൃ സഹോദരി പ്രസീത എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊട്ടിയം പൊലീസ് കേസെടുത്തിരുന്നു. 

കുട്ടിയേയും അമ്മയേയും ഒരു രാത്രി മുഴുവൻ പുറത്തു നിർത്തിയിട്ടും അനങ്ങാതിരുന്ന പൊലീസ് മാധ്യമങ്ങളിൽ വാര്‍ത്ത വന്നതിന് പിന്നാലെയാണ് അതുല്യയുടെ മൊഴിയെടുത്തതും പിന്നീട് കേസ് നടപടകിളിലേക്ക് നീങ്ങിയതും.  സ്ത്രീധന പീഡനത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കൊട്ടിയം പൊലീസ് കേസെടുത്തത്. 100 പവൻ സ്വര്‍ണവും പണവും സ്ത്രീധനായി നൽകിയിട്ടും ഭര്‍ത്താവും അമ്മായി അമ്മയും ഭര്‍തൃ സഹോദരിയും ചേര്‍ന്ന് കൂടുതൽ പണം കൊണ്ടുവരാൻ ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് അതുല്യയുടെ പരാതിയിൽ പറയുന്നത്. 

ഒപ്പം അഞ്ചരവയസുകാരനെ വീടിന് പുറത്ത് നിര്‍ത്തിയതിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. വ്യഴാഴ്ച്ച വൈകിട്ട് മൂന്നരക്ക് സ്കൂളിൽ നിന്നെത്തിയ മകനെ വിളിക്കാൻ അതുല്യ പുറത്തു പോയ സമയത്താണ് ഭർതൃമാതാവ് അജിതകുമാരി വീട് പൂട്ടിയിട്ടത്. 20 മണിക്കൂറിന് ശേഷം ചാത്തന്നൂർ എസിപി, സിഡബ്ല്യൂസി ജില്ലാ ചെയര്‍മാൻ,  വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ എന്നിവർ ചര്‍ച്ച നടത്തിയ ശേഷം മാത്രമാണ് അതുല്യയേയും കുഞ്ഞിനേയും ഭര്‍തൃ മാതാവ് വീടിന് അകത്തേക്ക് കയറ്റിയത്. 

കുഞ്ഞിനും അമ്മയ്ക്കും സംരക്ഷണം നൽകാതിരുന്ന പൊലീസ് നടപടി വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. കുട്ടിയെ പുറത്ത് നിർത്തിയതിന് ഭർതൃ മാതാവിനെതിരെ നിയമ നടപടി ഉണ്ടാകുമെന്നും സിഡബ്ല്യുസി വ്യക്തമാക്കി. സ്ത്രീധനത്തിന്റെ പേരിൽ പീഡനമുണ്ടായെന്ന് രണ്ട് മരുമക്കളും പരാതി പറഞ്ഞതിനെത്തുടര്‍ന്ന് വനിതാ കമ്മീഷനും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി