
കൊച്ചി: സർക്കാർ ആശുപത്രികളിൽ മുഴുവൻ സമയ സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്നതിൽ സർക്കാരും ഡോക്ടർമാരുടെ സംഘടനയും തമ്മിൽ സമവായം. സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ നികത്താമെന്നും പ്രമോഷൻ നടപടികൾ വേഗത്തിലാക്കാമെന്നും സർക്കാർ ഉറപ്പ് നൽകി. ആരോഗ്യമന്ത്രി കെജിഎംഒഎയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കെജിഎംഒഎയുടെ എതിർപ്പിൽ ആരോഗ്യമന്ത്രി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനുള്ള തീരുമാനത്തിൽ ഒഴിവുകൾ നികത്തണമെന്നും കൂടുതൽ നിയമനം വേണമെന്നുമായിരുന്നു കെജിഎംഒഎ തുടക്കം മുതലെടുത്ത നിലപാട്. ആവശ്യത്തിന് ഡോക്ടർമാർ സിസ്റ്റത്തിനുള്ളിൽ തന്നെയുണ്ടെന്നും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് സ്പെഷ്യലിസ്റ്റുമാരെ വിന്യസിച്ച് പദ്ധതി നടപ്പാക്കാമെന്നും എന്നുമായിരുന്നു സർക്കാർ നിലപാട്. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി കെജിഎംഒഎയുമായി ചർച്ച നടത്തിയത്. ഒഴിവുകൾ നികത്താമെന്നുംപ്രമോഷൻ വേഗത്തിലാക്കാമെന്നും സർക്കാർ ഉറപ്പ് നൽകി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ പുനർവിന്യസിക്കുമ്പോൾ അവരോട് സമ്മതം ചോദിക്കും. പുനർവിന്യസിക്കുന്ന സ്പെഷ്യലിസ്റ്റുമാർക്ക് പകരം ഡോക്ടർമാരെ ഉറപ്പാക്കും. പുനർവിന്യസിക്കുന്ന സ്പെഷ്യലിസ്റ്റുകൾക്ക് സ്പെഷ്യൽ അലവൻസ് വേണമെന്ന കെജിഎംഒഎ ആവശ്യം പരിഗണിക്കാമെന്നും സർക്കാർ അറിയിച്ചു.
പ്രശ്ന പരിഹാരമായതോടെ പുനലൂർ ആശുപത്രിയിൽ പദ്ധതി പൂർണതോതിൽ ഉടൻ തുടങ്ങും. ഓർത്തോ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ, സർജറി വിഭാഗങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8വരെ മുഴുവൻ സമയവും ഒരു സ്പെഷ്യലിസ്റ്റ് ഉണ്ടാകും. രാത്രി 8 മുതൽ ഓൺ കോൾ ഡ്യൂട്ടിയിൽ സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam