P C George : മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന; കേസിൽ പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും

By Web TeamFirst Published Jul 2, 2022, 12:36 AM IST
Highlights

ഗൂഢാലോചന നടത്തി വെളിപ്പെടുത്തൽ നടത്താൻ പി സി ജോർജ് തന്നെ  പ്രേരിപ്പിച്ചുവെന്ന് കേസിലെ സാക്ഷിയായ സരിത രഹസ്യമൊഴി നൽകിയിരുന്നു. രഹസ്യമൊഴി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം പിസിയെ ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷിനും നോട്ടീസ് നൽകിയെങ്കിലും ഇതേവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ മുൻ എംഎൽഎ പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും. ഇന്ന് 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോർജിന് നോട്ടീസ് നൽകിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി അറിയിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തലുകള്‍ നടത്തി കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. പി സി ജോർജും സ്വപ്ന സുരേഷുമാണ് കേസിലെ പ്രതികള്‍.

ഗൂഢാലോചന നടത്തി വെളിപ്പെടുത്തൽ നടത്താൻ പി സി ജോർജ് തന്നെ  പ്രേരിപ്പിച്ചുവെന്ന് കേസിലെ സാക്ഷിയായ സരിത എസ് നായർ രഹസ്യമൊഴി നൽകിയിരുന്നു. രഹസ്യമൊഴി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം പിസിയെ ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷിനും നോട്ടീസ് നൽകിയെങ്കിലും ഇതേവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇഡിയുടെ ചോദ്യം ചെയ്യൽ തുടരുന്നതിനാൽ പൊലീസിന് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്നാണ് സ്വപ്ന അറിയിച്ചിട്ടുള്ളത്. ഗൂഢാലോചന കേസിൽ ഇന്നലെ സ്വപ്ന ജോലി ചെയ്യുന്ന എച്ച്ആർഡിഎസിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

'കത്തിന് മറുപടി നൽകിയില്ലെന്ന രാഹുൽ ഗാന്ധിയുടെ വാദം തെറ്റ്'; വിശദീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

എച്ച്ആര്‍ഡിഎസ് ചീഫ് പ്രൊജക്ട് കോർഡിനേറ്റർ ജോയ് മാത്യു ഉൾപ്പടെയുള്ളവരുടെ മൊഴിയാണ് എടുത്തത്. പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചായിരുന്നു മൊഴിയെടുത്തത്. സ്വപ്നയെ കാണാൻ ആരൊക്കെ വന്നു തുടങ്ങിയ വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. എച്ച്ആര്‍ഡിഎസിലെ  മുൻ ജീവനക്കാരുടെ  മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. സ്വപ്നയുടെ മുൻ ഡ്രൈവർ, ഫ്ലാറ്റിലെ സഹായി എന്നിവരുടെ മൊഴിയാണ് എടുത്തത്. സരിത്തിനെ വിജിലൻസ് അപ്രതീക്ഷിതമായി കസ്റ്റഡിയിൽ എടുത്ത ദിവസമാണ് ഇരുവരും ജോലി ഒഴിഞ്ഞത്.

ഇതിനിടെ ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ് നൽകിയ ഹർജി അടുത്ത വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നായിരുന്നു സ്വപ്‍നയുടെ ആവശ്യം. തിരുവനന്തപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്‍നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തളളിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളത് എന്ന അന്വേഷണ സംഘത്തിന്റെ വാദം കണക്കിലെടുത്തായിരുന്നു നടപടി. അന്വേഷണ സംഘം പിന്നീട് കൂടുതൽ വകുപ്പുകൾ കൂട്ടി ചേർത്തതായി സ്വപ്‍‍ന കോടതിയെ അറിയിച്ചു. എന്നാൽ ഇതിന് പൊലീസിന് അധികാരമുണ്ടെന്നും ഈ അധികാരത്തെ തടയാൻ കഴിയില്ലെന്നും ജസ്റ്റീസ് സിയാദ് റഹ്മാൻ വ്യക്തമാക്കുകയായിരുന്നു.

നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു, മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴല്‍നാടന്‍ അവകാശ ലംഘന നോട്ടീസ് നൽകി

click me!