Dileep Case : വധഗൂഢാലോചന കേസ്; ഫോണിലെ തെളിവുകൾ ദിലീപ് നശിപ്പിച്ചു, പ്രോസിക്യൂഷൻ കോടതിയിൽ

By Web TeamFirst Published May 19, 2022, 12:30 PM IST
Highlights

തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടി അഭിഭാഷകർ മുംബൈയിൽ പോയതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിയെ അറിയിച്ചു. മുംബൈ എയർ പോർട്ടിലെ സിസിടിവി ദൃശ്യങ്ങളും വിമാന ടിക്കറ്റും കിട്ടിയിട്ടുണ്ട്. ദിലീപിന്‍റെ ഫോണ്‍ മറ്റൊരാളുടെ ഐമാക്കുമായി ബന്ധിപ്പിച്ചതിന് തെളിവുണ്ട്.

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ (Actress Attack case) അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് ശേഷം ദിലീപ് (Dileep) ഫോണിലെ തെളിവുകൾ നശിപ്പിച്ചതായി പ്രോസിക്യൂഷൻ. തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടി അഭിഭാഷകർ മുംബൈയിൽ പോയതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിയെ അറിയിച്ചു. മുംബൈ എയർ പോർട്ടിലെ സിസിടിവി ദൃശ്യങ്ങളും വിമാന ടിക്കറ്റും കിട്ടിയിട്ടുണ്ട്. ദിലീപിന്‍റെ ഫോണ്‍ മറ്റൊരാളുടെ ഐമാക്കുമായി ബന്ധിപ്പിച്ചതിന് തെളിവുണ്ട്. ഇതെല്ലാം തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. ഫോണുകൾ ഹൈക്കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ദിലീപ് വാട്സാപ്പ് ചാറ്റുകൾ നശിപ്പിച്ചുവെന്നും അന്വേഷണസംഘം കോടതിയിൽ പറഞ്ഞു.

സാക്ഷികളെ ദിലീപ് സ്വാധീനിച്ചു എന്നതിന് നേരിട്ടുള്ള തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലന്ന് കഴിഞ്ഞ ദിവസം കോടതി ചൂണ്ടി കാണിച്ചിരുന്നു.  സാക്ഷികളെ എട്ടാം പ്രതിയായ ദിലീപ് സ്വാധീനിച്ചു എന്നതിന് എന്ത് തെളിവുണ്ടെന്ന് ചോദിച്ച കോടതി പുകമറ സൃഷ്ടിച്ച് കോടതിയുടെ കണ്ണുകെട്ടാൻ ശ്രമിക്കരുതെന്നും പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലെ വാദങ്ങൾ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വ൦ പ്രോസിക്യൂഷനുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.  ഇത് തെളിയിക്കുന്ന രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കണമെന്നു൦ കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

Also Read: നടിയെ ആക്രമിച്ച കേസിൽ 'വിഐപി' അറസ്റ്റില്‍; പിടിയിലായത് ദിലീപിന്‍റെ സുഹൃത്ത്

നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകൾ നശിപ്പിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരെവരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചാണ്  ദിലീപിന്‍റെ ജാമ്യം റദ്ദാക്കാൻ  പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. എന്നാൽ പ്രോസിക്യൂഷൻ നിരത്തിയ വാദങ്ങൾക്ക് ആധാരമായ തെളിവുകൾ എവിടെയെന്നായിരുന്നു വിചാരണക്കോടതിയുടെ ചോദ്യം. നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ ആരോപണം ഉന്നയിക്കരുത്. ശക്തമായ തെളിവുകളാണ് വേണ്ടത്. ഗണേഷ് കുമാറിന്‍റെ സഹായിയായ പ്രദീപ് കോട്ടാത്തല സാക്ഷിയായ വിപിൻ ലാലിനെ സ്വാധീനിക്കാൻ ശ്രമിച്ചത് എട്ടാം പ്രതിയായ ദിലീപിന് വേണ്ടിയാണെന്ന് സ്ഥാപിക്കാൻ പറ്റിയ പുതിയ തെളിവുകളെന്തുണ്ടെന്നും കോടതി ചോദിച്ചിരുന്നു. 

Also Read: നടി ആക്രമിക്കപ്പെട്ട കേസ്: 'ഒരു കുറ്റവും ചെയ്തിട്ടില്ല'; ബാലചന്ദ്രകുമാർ നൽകിയ മൊഴി കള്ളമെന്നും ശരത്

ദിലീപിന് വേണ്ടിയാണ് പ്രദീപ് കോട്ടാത്തലയുടെ നീക്കങ്ങളെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നത്. ആരെങ്കിലും സ്വാധീനിക്കാൻ ശ്രമിച്ചതായി സാക്ഷികളാരും വിചാരണഘട്ടത്തിൽ പറഞ്ഞിട്ടില്ലെന്നും ജസ്റ്റീസ് ഹണി വർഗീസ് മറുപടി നൽകിയിരുന്നു. പൊതുജനാഭിപ്രായം നോക്കിയല്ല തെളിവുകൾ മുൻനിർത്തിയാണ് കോടതി തീരുമാനമെടുക്കുന്നത്. കോടതിയുടെ ചോദ്യങ്ങളോട് എന്തിനാണിത്ര അസ്വസ്തത എന്ന് ചോദിച്ച കോടതി പ്രോസിക്യൂട്ടറോട് സഹതാപമുണ്ടെന്നും പറഞ്ഞിരുന്നു. കേസ് വാദിക്കുമ്പോൾ പൊലീസ് പ്രോസിക്യൂട്ടറല്ല പബ്ലിക് പ്രോസിക്യൂട്ടറാണെന്ന് ഓർമവേണമെന്നും കോടതി പറഞ്ഞിരുന്നു.

click me!