
വയനാട് ചെമ്പ്രപീക്കിലെ സാമ്പത്തിക തിരിമറിയിൽ ഗൂഢാലോചനയുണ്ടെന്ന് സിസിഎഫ് നിയോഗിച്ച സമിതി. വിശദ അന്വേഷണത്തിന് ശുപാർശ ചെയ്ത്, അന്വേഷണ സംഘം നോർത്തേൺ സിസിഎഫ് കെ.എസ് ദീപയ്ക്ക് റിപ്പോർട്ട് കൈമാറി.
ടിക്കറ്റ് വരുമാനം കൃത്യമായി ബാങ്കിൽ അടയ്ക്കാതെ തിരിമറി നടത്തിയ കേസിൽ സിസിഎഫ് നിയോഗിച്ച സമിതി മുഴുവൻ ജീവനക്കാരുടേയും മൊഴിയെടുത്തു. സാമ്പത്തിക തിരിമറിയിൽ വൻ ഗൂഢാലോചന ഉണ്ടെന്നാണ് നിഗമനം. 16 ലക്ഷം രൂപയുടെ തിരിമറിയാണ് നടത്തിയത്. ടിക്കറ്റ് കൗണ്ടറിലുള്ള ജീവനക്കാരന് മാത്രം ഇത്രയും വലിയ തുകയുടെ ക്രമക്കേട് നടത്താന്‍ കഴിയില്ല. അതിനാൽ ഗൂഢാലോചന കണ്ടെത്താൻ വിജിലൻസ് അന്വേഷണത്തിനാണ് ശുപാർശ ചെയ്തിരിക്കുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അന്വേഷണ സംഘം നോർത്തേൺ സിസിഎഫ് കെ.എസ്. ദീപയ്ക്ക് റിപ്പോർട്ട് നൽകി.
തിരിമറി നടത്തിയ 16 ലക്ഷം രൂപയും തിരിച്ചടച്ചെങ്കിലും ഗൗരവമായ ക്രമക്കേടാണ് ചെമ്പ്രയിലേത്. എട്ട് വര്‍ഷമായി ചെമ്പ്രയില്‍ ഓഡിറ്റിങ് നടത്തിയിട്ടില്ല. ഒരു ലക്ഷം രൂപവരെ ദിവസം വരുമാനം കിട്ടാറുണ്ട്. ഈ വര്‍ഷം ആദ്യമായി ഓഡിറ്റിങ് നടത്തിയതോടെയാണ് സൗത്ത് വയനാട് ഡിഎഫ്ഒ ആയിരുന്ന എ.ഷജ്ന ക്രമക്കേട് കണ്ടെത്തിയത്. ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കി. ആരോപണ വിധേയനായ ബീറ്റ് ഓഫീസറെ സ്ഥലംമാറ്റി.
നടപടിയുണ്ടാവുമെന്ന് ഭയന്നതോടെയാണ് 16 ലക്ഷം രൂപയും തിരികെ അടച്ചത്. വനം വകുപ്പിന്റെ വിജിലന്‍സ് അന്വേഷണം ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പോലീസിനും വനംവകുപ്പ് പരാതി നല്‍കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം