
കല്‍പ്പറ്റ: എല്‍സ്റ്റണില്‍ തയ്യാറാവുന്ന വയനാട് മുണ്ടക്കൈയ ഉരുള്‍പൊട്ടൽ പുനരധിവാസ ടൗൺഷിപ്പിലെ മാതൃക വീടിന്‍റെ നിര്‍മ്മാണ പ്രവൃത്തി അവസാനഘട്ടത്തില്‍. വീടിന്‍റെ നിലം ഒരുക്കല്‍ പൂര്‍ത്തീകരിച്ച് ടൈല്‍സ് പാകുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്ന മാതൃക വീടിന്‍റെ നിര്‍മ്മാണം ജൂലൈ 30ഓടെ പൂര്‍ത്തീകരിക്കും.
ശുചിമുറി, സിറ്റ് ഔട്ട്, അടുക്കള സ്ലാബ് സ്ഥാപിക്കല്‍ പ്രവൃത്തികളാണ് ഇനി ചെയ്യാനുള്ളത്. കാലാവസ്ഥ അനുകൂലമെങ്കില്‍ വീടിന്‍റെ പെയിന്‍റടി നാളെ ആരംഭിക്കുമെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി പ്രതിനിധികള്‍ അറിയിച്ചു.
ജില്ലയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വീടിന്‍റെ ചുമരുകള്‍ നനയുന്നത് പെയിന്റടിക്ക് പ്രതിസന്ധിയാവുകയാണ്. ഹീറ്റര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ചുമര്‍ ചൂടാക്കിയശേഷം ചുമരില്‍ പുട്ടിയും പെയിന്റുമടിക്കാനാണ് തീരുമാനം. 1000 ചതുരശ്രയടിയിലില്‍ ഒറ്റ നിലയില്‍ പണി തീരുന്ന വീടിന് ഭാവിയില്‍ ഇരുനില നിര്‍മ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയത്.
കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് മാതൃക വീട്ടില്‍ പൂര്‍ത്തിയാവുന്നത്.
കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത അതിജീവിതര്‍ക്കായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്നാണ് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ നേരത്തെ അറിയിച്ചത്.
ടൗണ്‍ഷിപ്പില്‍ ഒരുക്കുന്ന 410 വീടുകളിലായി 1662 ലധികം ആളുകള്‍ക്കാണ് തണലൊരുങ്ങുന്നത്. ഇതില്‍ 140 വീടുകള്‍ക്ക് ഏഴ് സെന്‍റ് വീതമുള്ള അതിര്‍ത്തി നിശ്ചയിച്ചു. 51 വീടുകളുടെ അടിത്തറയും 54 വീടുകളുടെ ഡൈനാമിക് കോണപെനട്രേഷന്‍ ടെസ്റ്റും 41 വീടുകളുടെ പ്ലെയിന്‍ സിമന്‍റ് കോണ്‍ക്രീറ്റും പൂര്‍ത്തിയാക്കി. 19 വീടുകള്‍ക്കായുള്ള ഫൗണ്ടേഷന്‍ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ സ്ഥലമൊരുക്കല്‍ വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam