ചെല്ലാനത്തിന് ആശ്വാസം; കടലാക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ ടെട്രാപോഡുകൾ; നിര്‍മാണം പുരോ​ഗമിക്കുന്നു

By Web TeamFirst Published Dec 2, 2022, 3:53 PM IST
Highlights

2023 ഏപ്രിലിന് മുന്‍പായി 7.32 കിലോമീറ്റര്‍ കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കാനാണു ലക്ഷ്യം. വാക് വേ നിര്‍മാണവും പുരോഗമിക്കുന്നു.

കൊച്ചി: ചെല്ലാനം ഗ്രാമത്തെ കടലാക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ ഉള്ള ടെട്രാപോഡ് നിര്‍മാണം 71 ശതമാനം പൂര്‍ത്തിയായി. 344.2 കോടി രൂപയാണ് ജലസേചന വകുപ്പ് ആദ്യ ഘട്ടത്തിനായി അനുവദിച്ചത്. ഹാര്‍ബര്‍ മുതല്‍ പുത്തന്‍തോട് വരെയുള്ള പ്രദേശങ്ങളില്‍ നിലവില്‍ കടല്‍ ക്ഷോഭ ഭീഷണിയില്‍ നിന്ന് സംരക്ഷണം ഒരുക്കാന്‍ കടല്‍ ഭിത്തി നിര്‍മാണത്തോടെ സാധിച്ചു. കടല്‍ ക്ഷോഭം കൂടുതല്‍ ബാധിക്കുന്ന പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നത്. 2023 ഏപ്രിലിന് മുന്‍പായി 7.32 കിലോമീറ്റര്‍ കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കാനാണു ലക്ഷ്യം. വാക് വേ നിര്‍മാണവും പുരോഗമിക്കുന്നു.

ചെല്ലാനം ഹാര്‍ബർ മുതൽ കണ്ണമാലി വരെയുള്ള ഏഴ് കിലോമീറ്റര്‍ കടലോരത്താണ് ആദ്യഘട്ട നിർമാണം. മുംബൈ മറൈന്‍ ഡ്രൈവ്, പോണ്ടിച്ചേരി തുടങ്ങിയ ഇടങ്ങളിൽ സ്ഥപിച്ചിരിക്കുന്ന ടെട്രാപോഡുകള്‍ ഉപയോഗിച്ചാണ് കടൽഭിത്തി കെട്ടുന്നത്. രണ്ടര മീറ്ററോളം ഉയരത്തിൽ കരിങ്കല്ല് പാകിയതിന് മുകളിലാണ് ടെട്രോപോഡുകൾ സ്ഥാപിക്കുന്നത്. 2.5 ടണ്‍, 3.5 ടൺ ഭാരമുള്ളവയാണ് ടെട്രാപോഡുകൾ. അതുകൊണ്ട് ഇവയ്ക്ക് ശക്തമായ കടലേറ്റത്തെ ചെറുക്കാനാകും.

ചെല്ലാനം ഹാര്‍ബർ ഭാഗത്താണ് ടെട്രോപോഡുകളുടെ നിര്‍മാണം. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘത്തിനാണ് നിർമാണ ചുമതല. നാലായിരത്തിലധികം ടെട്രോപോഡുകളുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. മഴയെത്തുന്നതിന് മുമ്പ് കടലേറ്റം ശക്തമായ മേഖലയിൽ കടൽഭിത്തി നിർമാണം പൂ‍ർത്തിയാക്കുകയാണ് ലക്ഷ്യം. ടെട്രാപോഡുകള്‍ ഉപയോഗിച്ച് ഭിത്തി കെട്ടുന്നതിനാൽ സുരക്ഷിതത്വത്തിനൊപ്പം ഭാവിയിൽ മേഖലയിൽ ടൂറിസം സാധ്യതയും ഉയരുമെന്നാണ് പ്രതീക്ഷ.

കൊച്ചി ചെല്ലാനത്തിന് ഈ കാലവർഷം ആശ്വാസകാലം; തീരസംരക്ഷണ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു

click me!