കരാർ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം; പണി എവിടെയുമെത്താതെ തിരുവല്ല ബൈപ്പാസ്

By Web TeamFirst Published Oct 2, 2019, 3:29 PM IST
Highlights

ബൈപ്പാസിലൂടെ യാത്ര ചെയ്യാൻ ഇനിയുമൊരു ആറ് മാസം കൂടി കാത്തിരിക്കണമെന്നാണ് അധികൃതർ പറയുന്നത്. കാൽ നൂറ്റാണ്ടോളം പഴക്കമുണ്ട് തിരുവല്ലയുടെ ബൈപ്പാസ് എന്ന സ്വപ്‍നത്തിന്. 

തിരുവല്ല: കരാർ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴും പണി എവിടെയുമെത്താതെ തിരുവല്ല ബൈപ്പാസ്. കഴിഞ്ഞ മാർച്ചിൽ ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോഴും ഇഴഞ്ഞ് നീങ്ങുന്നത്. ബൈപ്പാസിലൂടെ യാത്ര ചെയ്യാൻ ഇനിയുമൊരു ആറ് മാസം കൂടി കാത്തിരിക്കണമെന്നാണ് അധികൃതർ പറയുന്നത്. കാൽ നൂറ്റാണ്ടോളം പഴക്കമുണ്ട് തിരുവല്ലയുടെ ബൈപ്പാസ് എന്ന സ്വപ്‍നത്തിന്. 

എംസി റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് നഗരത്തിൽ കയറാതെ ലക്ഷ്യ സ്ഥാനത്തേക്ക് പോകാനുള്ള വഴിയാണിത്. രാവിലെയും വൈകുന്നേരവും മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കാണ് നഗരത്തിൽ. അതിനുള്ള ഏക പരിഹാരവും രണ്ടരക്കിലോമീറ്റർ വരുന്ന ഈ ബൈപ്പാസാണ്. പക്ഷേ പണി നടക്കുന്നത് ഒച്ചിഴയുന്നതിലും പതിയെയാണ്. പലവട്ടം മുടങ്ങിയ പണികൾ പുനരാരംഭിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ ബൈപ്പാസ് തുറന്നു നൽകുമെന്നായിരുന്നു അവസാനത്തെ പ്രഖ്യാപനം. അതും നടന്നില്ല. 

നിർമ്മാണ കരാർ കാലാവധി തീരാൻ ഇനിയുള്ളത് അഞ്ചുദിവസം മാത്രം. എന്നാല്‍ ഇനിയും ഒരു ആറ് മാസം കൂടി കാത്തിരിക്കണമെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ വാദം. പണിതിട്ടും പണിതിട്ടും തീരാത്ത ബൈപ്പാസ് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.  എന്നാൽ കരാർ കാലാവധി നീട്ടിക്കൊടുക്കാൻ തടസ്സമില്ലെന്നും 2020 മാർച്ചിൽ ബൈപ്പാസ് തുറന്നു കൊടുക്കുമെന്നാണ് കെഎസ്ടിപിയുടെ ഇപ്പോഴത്തെ നിലപാട്.


click me!