Omicron : കോംഗോയിൽ നിന്നെത്തിയ രോഗിയുടെ സമ്പർക്കപട്ടിക നാളെ പൂ‍ർത്തിയാകും? സംസ്ഥാനത്ത് വാക്സിനേഷൻ ഊർജിതമാക്കും

Web Desk   | Asianet News
Published : Dec 16, 2021, 11:19 PM ISTUpdated : Dec 16, 2021, 11:21 PM IST
Omicron : കോംഗോയിൽ നിന്നെത്തിയ രോഗിയുടെ സമ്പർക്കപട്ടിക നാളെ പൂ‍ർത്തിയാകും? സംസ്ഥാനത്ത് വാക്സിനേഷൻ ഊർജിതമാക്കും

Synopsis

എറണാകുളത്ത് ഇന്നലെയാണ് ഇയാൾക്ക് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന ആശ്വാസഫലം ഇതിനിടെ പുറത്തുവന്നിരുന്നു

കൊച്ചി: കോംഗോയിൽ നിന്നും കൊച്ചിയിൽ എത്തി ഒമിക്രോൺ (Omicron) സ്ഥിരീകരിച്ച രോഗിയുടെ സമ്പർക്ക പട്ടിക കണ്ടെത്തുകയെന്ന പരിശ്രമത്തിലാണ് സംസ്ഥാന ആരോഗ്യവകുപ്പ്. ഇയാളുടെ സമ്പർക്ക പട്ടിക നാളെ പൂർത്തിയാക്കാനാണ് ശ്രമം.  7 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ ഇയാൾ പോയ സ്ഥലങ്ങൾ കണ്ടെത്തിയ റൂട്ട് മാപ്പ് തയാറാക്കിയിട്ടുണ്ട്.

എറണാകുളത്ത് ഇന്നലെയാണ് ഇയാൾക്ക് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന ആശ്വാസഫലം ഇതിനിടെ പുറത്തുവന്നിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George) ആണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും അടത്ത സമ്പര്‍ക്കത്തിലുള്ളവവരുടെ ഫലമാണ് നെഗറ്റീവായതെന്ന് മന്ത്രി വ്യക്തമാക്കി. ഒരാള്‍ സഹോദരനും മറ്റേയാള്‍ എയര്‍പോര്‍ട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയയാളുമാണ്. 7 ദിവസം വരെ ഇവര്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുന്നതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

സ്വയം നിരീക്ഷണത്തില്‍ അലംഭാവം പാടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു കോംഗോയിൽ നിന്നെത്തിയ ആൾക്ക് അനുവദിച്ചത്. എന്നാല്‍ ഇദ്ദേഹം ധാരാളം ആളുകളെത്തുന്ന ഷോപ്പിംഗ് മാളിലും റസ്റ്റോറന്റുകളിലും ഉള്‍പ്പെടെ പോയിരുന്നു. അതിനാല്‍ തന്നെ ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക താരതമ്യേന വലുതാണ്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരികയാണെന്നും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

കോംഗോയില്‍ നിന്നെത്തി ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ നെഗറ്റീവ്

ഹൈറിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകള്‍ എല്ലാവരും കൃത്യമായി പാലിക്കണം. സാമൂഹിക ഇടപെടലുകള്‍, ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍, തീയറ്ററുകള്‍, മാളുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം.

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടേയും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ റാന്‍ഡം പരിശോധനയില്‍ കൊവിഡ് പോസിറ്റീവാകുന്നവരുടേയും ഇവരുടെ സമ്പര്‍ക്കത്തില്‍ വന്ന് കൊവിഡ് പോസിറ്റീവാകുന്നവരുടേയും സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയക്കുന്നത് തുടരും. ഒമിക്രോണ്‍ സാഹചര്യത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയക്കുന്നതാണ്. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന പ്രദേശങ്ങളിലെ കോവിഡ് പോസിറ്റീവ് സാമ്പിളുകളും ജനിതക പരിശോധനയ്ക്ക് അയയ്ക്കും.

ഡിസംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങള്‍ വഴി ആകെ 1,47,844 യാത്രക്കാരാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. അവരില്‍ 8,920 പേരെ വിമാനത്താവളങ്ങളില്‍ വച്ചു തന്നെ പരിശോധിച്ചു. അതില്‍ 15 പേരാണ് കൊവിഡ് പോസിറ്റീവായത്. അതില്‍ 13 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. ഇവരുടെ എല്ലാവരുടേയും സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഒമിക്രോൺ ആശങ്കയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ടു ദിവസത്തെ ഊർജിത വാക്സിനേഷൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിലാകും ഊർജിത വാക്സിനേഷൻ നടത്തുക. തിരുവനന്തപുരത്ത് ഒമൈക്രോൻ സ്ഥിരീകരിച്ച യുവതിക്ക് മറ്റാരുമായും സമ്പർക്കം ഇല്ല. വിമാനത്തിൽ കൂടെ യാത്ര ചെയ്ത റിസ്ക് വിഭാഗത്തിൽ ഉള്ളവരെല്ലാം തമിഴ്നാട് സ്വദേശികളാണ്.  ഇവർക്ക് പരിശോധന നടത്താൻ നടപടികൾ പൂർത്തിയായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൾസർ സുനിയെ കുറിച്ച് കടുത്ത ഭാഷയിൽ കോടതി; 'പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അർഹിക്കുന്നില്ല'
കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, 'തനിക്ക് അമ്മ മാത്രമാണ് ഉള്ളത്'