ജോസ് കെ മാണി പാലായില്‍ തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. എന്നാല്‍, താന്‍ മത്സരിക്കുമോ എന്ന് പോലും ഉറപ്പില്ലെന്ന് ജോസ് കെ മാണി.

കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലയില്‍ നിന്ന് ജോസ് കെ മാണി തന്നെ മത്സരിക്കുമെന്ന് ആവർത്തിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. നേരത്തെ പറഞ്ഞത് പെട്ടെന്നുള്ള ചോര തിളപ്പിൽ പറഞ്ഞത് അല്ല. താൻ ഇടുക്കിയിൽ ഉണ്ടാകുമെന്ന് റോഷി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇടുക്കി ജനതയ്ക്ക് ഒപ്പമാണ്. പിന്നെന്തിന് താൻ ഇടുക്കിയിൽ നിന്നും മാറി നിൽക്കണം. തെരഞ്ഞെടുപ്പിൽ മത്സരിച്ചാലും ഇല്ലെങ്കിലും ഇടുക്കിക്കാര്‍ക്കൊപ്പം ഉണ്ടാകുമെന്നും റോഷി പറഞ്ഞു. കേരള കോൺഗ്രസ് നാഥനില്ലാത്ത കളരി അല്ലെന്നും പാർട്ടിക്ക് വേണ്ടത് ലീഡർഷിപ്പാണെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേര്‍ത്തു. അതേസമയം, താൻ മത്സരിക്കുമെന്ന കാര്യത്തിൽ പോലും ഉറപ്പില്ലെന്ന് ജോസ് കെ മാണി കൊച്ചിയില്‍ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ദിവസം പാർട്ടി ചെയർമാന്റെ മൈക്ക് തട്ടിയെടുത്ത് റോഷി അഗസ്റ്റിൻ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിൽ കേരള കോൺഗ്രസ് എമ്മിൽ അതൃപ്തി ഉയര്‍ന്നിരുന്നു. ജോസ് കെ മാണി നയിക്കുന്ന എൽഡിഎഫ് മധ്യമേഖല ജാഥ അടിമാലിയിൽ എത്തിയപ്പോൾ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സംഭവം. ജോസ് കെ മാണി എവിടെ മത്സരിക്കുമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മൈക്ക് തട്ടിയെടുത്ത് മറുപടി പറഞ്ഞ റോഷി അഗസ്റ്റിന്റെ നിലപാടാണ് കേരള കോൺഗ്രസിൽ വീണ്ടും ഒരു അധികാര തർക്കത്തിലേക്ക് വഴിയൊരുക്കുന്നത്. പാർട്ടി ഔദ്യോഗികമായി തീരുമാനിക്കും മുമ്പ് പ്രഖ്യാപനം നടത്തിയതിലാണ് പ്രവർത്തകർക്ക് നീരസം. റോഷിക്ക് സ്നേഹം കൂടുതലും ചോരതിളപ്പും കൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

ചെയർമാനെ നിർത്തിക്കൊണ്ട് റോഷി അഗസ്റ്റിൻ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നെന്ന ആക്ഷേപം നേരത്തെ പാർട്ടിയിലുണ്ട്. എൽഡിഎഫ് വിടാനുള്ള കേരള കോൺഗ്രസ് നീക്കത്തിന് തടയിട്ടതും റോഷി അഗസ്റ്റിന്റെ പിടിവാശിയായിരുന്നു. പാലായിൽ മത്സരിക്കുന്ന കാര്യതിൽ ജോസ് കെ മാണി അന്തിമ തീരുമാനം എടുത്തിട്ടില്ല. പാല വേണോ മറ്റേതെങ്കിലും സുരക്ഷിത മണ്ഡലം വേണോ എന്ന കാര്യത്തിൽ ആലോചന തുടങ്ങുകയാണ്. ഇതിനിടയിൽ ചെയർമാനെയും പാർട്ടിയെയും കൂടുതൽ ആശയക്കുഴപ്പത്തിൽ ആക്കുന്നതാണ് റോഷി അഗസ്റ്റിന്റെ പ്രസ്താവന എന്നാണ് ജോസ് കെ മാണിയെ അനുകൂലിക്കുന്നവരുടെ വിലയിരുത്തൽ. റോഷി മൈക്ക് തട്ടിയെടുത്തതിൽ പരസ്യ മറുപടി ചിരിയിലൊതുക്കുന്ന ജോസ് കെ മാണിക്ക് കടുത്ത അതൃപ്തിയുണ്ട്.

YouTube video player