രോഗബാധയുടെ ഉറവിടം സംബന്ധിച്ച് ആശങ്ക; വയനാട്ടില്‍ കോണ്‍ടാക്റ്റ് ട്രെയിസിംഗിന് മുതിര്‍ന്ന ഉദ്യോഗസ്ഥന് ചുമതല

Published : May 15, 2020, 03:50 PM ISTUpdated : May 15, 2020, 03:52 PM IST
രോഗബാധയുടെ ഉറവിടം സംബന്ധിച്ച് ആശങ്ക; വയനാട്ടില്‍ കോണ്‍ടാക്റ്റ് ട്രെയിസിംഗിന് മുതിര്‍ന്ന ഉദ്യോഗസ്ഥന് ചുമതല

Synopsis

രോഗബാധയുടെ ഉറവിടം സംബന്ധിച്ച ആശങ്ക  നിലനില്‍ക്കുന്നതിനാല്‍ ജില്ലാ ഭരണകൂടം ജാഗ്രത കര്‍ശനമാക്കിയിരിക്കുകയാണ്. 

വയനാട്:  രോഗബാധിതർ ദിനംപ്രതി കൂടുന്ന വയനാട്ടില്‍ കോൺടാക്ട് ട്രേസിങ്ങിന് മുതിർന്ന ഉദ്യോഗസ്ഥന് ചുമതല നൽകി. കുരങ്ങുപനി പ്രതിരോധത്തിന്‍റെ ചുമതലയുള്ള മുൻ സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റ് ഡോ സുകുമാരനാണ് ഡിഎംഒ ചുമതല നല്‍കിയത്. തങ്ങൾക്ക് രോഗം ബാധിച്ച ഉറവിടത്തെ സംബന്ധിച്ചുള്ള ആശങ്ക രോഗികൾ ഇന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെ പങ്കുവച്ചിരുന്നു. രോഗബാധയുടെ ഉറവിടം സംബന്ധിച്ച ആശങ്ക  നിലനില്‍ക്കുന്നതിനാല്‍ ജില്ലാ ഭരണകൂടം ജാഗ്രത കര്‍ശനമാക്കിയിരിക്കുകയാണ്. 

മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ജില്ലയില്‍ വച്ച് ഇതുവരെ രോഗബാധയുണ്ടായത്. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥർക്ക് ആര്‍ക്കെങ്കിലും രോഗലക്ഷണം ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പിന്‍റെ നിർദേശത്തിന് കാത്തുനില്‍ക്കാതെ സ്വയം സമ്പര്‍ക്ക വിലക്കിലേക്ക് മാറാമെന്നാണ് പുതിയ നിർദേശം. നിലവില്‍ 70 പൊലീസുകാരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. അതേസമയം രോഗം സ്ഥിരീകരിച്ച പൊലീസുകാരില്‍ ഒരാൾ കോട്ടയത്തെ ബന്ധുവീട്ടില്‍ പോയിരുന്നു. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയെയും മറ്റൊരാളെയും നിരീക്ഷണത്തിലാക്കി.

രോഗം പടരുന്ന മാനന്തവാടിയില്‍ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. കളക്ടറേറ്റിലെ അവലോകനയ യോഗങ്ങളും പതിവായുള്ള വാർത്താസമ്മേളനവും താല്‍കാലികമായി നിർത്തി. ജില്ലാ പിആർഡി ഓഫീസിന്‍റെ പ്രവർത്തനം താല്‍കാലികമായി നിർത്തി. ജീവനക്കാർ വീടുകളില്‍ ജോലി തുടരും. മെയ് ഒന്‍പതിന് രോഗം സ്ഥിരീകരിച്ച യുവാവിന്‍റെ റൂട്ട്‍മാപ്പ് ഇന്ന് പുറത്തുവിട്ടിരുന്നു. 

ഇയാൾ മൂന്ന് തവണ മാനന്തവാടി പൊലീസ് സ്റ്റേഷനിലും ഒരുതവണ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലും പോയിരുന്നതായി റൂട്ട്‍ മാപ്പിലുണ്ട്. യുവാവ് വിവരങ്ങൾ കൈമാറാന്‍ തയ്യാറാകുന്നില്ലെന്ന് ജില്ലാ പൊലീസ് മേധാവി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഒരു പൊലീസുകാരന്‍റെ കൂടി പരിശോധനാ ഫലം നെഗറ്റീവായത് ആശ്വാസമായി. മാനന്തവാടി ഡിവൈഎസ്‍പിയുടെ ഫലം ഇന്നലെ നെഗറ്റീവായിരുന്നു.


 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്; മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി, ഉത്തരവ് മറ്റന്നാള്‍
ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി