പത്തനംതിട്ട പേഴുംപാറയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം; വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മ കണ്ടു

By Web TeamFirst Published May 15, 2020, 3:17 PM IST
Highlights

മയക്കുവെടി വിദഗ്‍ധര്‍ അടങ്ങുന്ന സംഘമാണ് തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞദിവസവും പേഴുംപാറയില്‍ കടുവയെ കണ്ടെത്തിയിരുന്നു. 

പത്തനംതിട്ട: പത്തനംതിട്ട പേഴുംപാറ കാവനാലില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മ കടുവയെ കണ്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തിരച്ചില്‍ നടത്തുകയാണ്. മയക്കുവെടി വിദഗ്‍ധര്‍ അടങ്ങുന്ന സംഘമാണ് തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞദിവസവും പേഴുംപാറയില്‍ കടുവയെ കണ്ടെത്തിയിരുന്നു. തണ്ണിത്തോട്ടിൽ ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തി ഒരാഴ്ച പിന്നിടുമ്പോഴും കടുവയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. തണ്ണിത്തോട് നിന്ന് മണിയാറും പിന്നീട് വടശ്ശേരിക്കരയിലും കടുവ എത്തിയിരുന്നു. ഇപ്പോള്‍ പേഴുംപാറയിലും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുകയാണ്. 

പത്തനംതിട്ട തണ്ണിത്തോട്  പ്ലാന്‍റേഷൻ കോർപ്പറേഷന്‍റെ കീഴിലുള്ള എസ്റ്റേറ്റിൽ റബ്ബർ വെട്ടാനെത്തിയ യുവാവിനെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് കടുവ ആക്രമിച്ച് കൊന്നത്. റബ്ബർ വെട്ടാൻ കരാർ ഏറ്റെടുത്തിട്ടുള്ള വിനീഷ്  തണ്ണിത്തോട്  മേടപ്പാറ സി ഡിവിഷനിൽ ടാപ്പിംഗ് ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. കരച്ചിൽ കേട്ട് സമീപത്ത് നിന്ന് മറ്റ് തൊഴിലാളികൾ എത്തിയപ്പോൾ രക്തം വാർന്ന നിലയിൽ വിനീഷിനെ കണ്ടെത്തുകയായിരുന്നു. കഴുത്തിന് പിന്നിലാണ് മുറിവേറ്റത്. തുടർന്ന് നാട്ടുകാർ പ്ലാന്‍റേഷൻ കോർപ്പറേഷൻ അധികൃതരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. മുൻപ് ഇവിടെ പുലി ശല്യം ഉണ്ടായിരുന്നതിനാല്‍ പുലിയാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. ഉച്ചതിരിഞ്ഞ് കടുവയെ ഇതിനടുത്ത് കണ്ടതോടെയാണ് കടുവയാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചത്. 

click me!