കപ്പൽ അപകടം; ജീവനക്കാരെ രക്ഷപ്പെടുത്തി, ക്യാപ്റ്റനടക്കം 3 പേർ കപ്പലിൽ തുടരുന്നു, തീരദേശങ്ങളിൽ മുന്നറിയിപ്പ്

Published : May 24, 2025, 09:51 PM IST
കപ്പൽ അപകടം; ജീവനക്കാരെ രക്ഷപ്പെടുത്തി, ക്യാപ്റ്റനടക്കം 3 പേർ കപ്പലിൽ തുടരുന്നു, തീരദേശങ്ങളിൽ മുന്നറിയിപ്പ്

Synopsis

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ എയർക്രാഫ്റ്റുകളും കപ്പലുകളും സ്ഥിതിനിരീക്ഷിക്കുന്നുണ്ട്. ക്യാപ്റ്റൻ, ചീഫ് എൻജിനീയർ ,സെക്കൻഡ് എൻജിനീയർ എന്നിവരാണ് കപ്പലിൽ തുടരുന്നത്. 

കൊച്ചി: വിഴിഞ്ഞം തുറമുഖത്തുനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടശേഷം അറബിക്കടലിൽ അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.. 24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നതെന്നും ഇവരെല്ലാം സുരക്ഷിതരാണെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. 21 ജീവനക്കാരെ രക്ഷപ്പെടുത്തിയെന്നും ക്യാപ്റ്റനടക്കം മൂന്നു പേര്‍ കപ്പലിൽ തുടരുകയാണെന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.

കപ്പലിന്‍റെ സ്ഥിരത നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ എയർക്രാഫ്റ്റുകളും കപ്പലുകളും സ്ഥിതിനിരീക്ഷിക്കുന്നുണ്ട്. ക്യാപ്റ്റൻ, ചീഫ് എൻജിനീയർ ,സെക്കൻഡ് എൻജിനീയർ എന്നിവരാണ് കപ്പലിൽ തുടരുന്നത്. ചില കണ്ടെയ്നറുകള്‍ കടലിൽ വീണ സാഹചര്യമാണുള്ളതെന്നും അധികൃതര്‍ അറിയിച്ചു. ചരക്കു കപ്പലിന്‍റെ ഒരുവശം ചെരിഞ്ഞതിനെത്തുടർന്നാണ് ഒമ്പത് കണ്ടെയ്നനറുകൾ കടലിൽ വീണത്.

കപ്പലിലുളള 24 ജീവനക്കാരും സുരക്ഷിതരാണെന്ന് നാവികസേനയയും കോസ്റ്റുഗാർഡും അറിയിച്ചു. അപകടത്തെത്തുടർന്ന് കടലിൽ മറൈൻ ഗ്യാസ് ഓയിൽ പടരാൻ സാധ്യതയുണ്ടെന്നും കണ്ടെയ്നറുകൾ തീരത്തേക്ക് ഒഴുകിയെത്തിയാൽ അടുത്തേക്ക് പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലെ തീരദേശങ്ങളിലുള്ളവര്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ജാഗ്രത നിര്‍ദേശം പുറത്തിറക്കി.കണ്ടെയ്‌നറുകകൾ തീരത്തടിഞ്ഞാൽ സ്‌പർശിക്കരുതെന്നും വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണമെന്നുമാണ് മുന്നറിയിപ്പ്. 

വിഴിഞ്ഞത്തുനിന്ന് നാനൂറോളം കണ്ടെയ്നറുകളുമായി ഇന്നലെ പുറപ്പെട്ട എംഎസ്‍സി എൽസ -3 എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. സ്വിറ്റ് സർലണ്ടിൽ രജിസ്റ്റർ ചെയ്ത ലൈബീരിയൻ പതാകവഹിക്കുന്ന ഫീഡർ വിഭാഗത്തിലുളള കപ്പലാണിത്.  കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിലാണ് അപകടമുണ്ടായത്. കപ്പൽ ചെരിഞ്ഞതോടെ ഒമ്പത് കണ്ടെയ്നറുകൾ കടലിലേക്ക് വീണു.

ഒമ്പത് ജീവനക്കാരും  ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കടലിലേക്ക് ചാടി. അപകടംവിവരം നാവികസേനയേയും കോസ്റ്റുഗാർഡിനേയും അറിയിച്ചു. സ്ഥലത്തെത്തിയ ഏജൻസികളുടെ ഡോണിയർ വിമാനങ്ങൾ, കോസ്റ്റുഗാ‍ർഡ്, നാവികസേനയുടെ കപ്പലുകൾ എന്നിവ ചേർന്ന് രക്ഷാ പ്രവർത്തന ഏകോപിപ്പിച്ചു. ബോട്ടുവഴി കടലിൽ ചാടിയവരെ ആദ്യം രക്ഷപ്പെടുത്തി.

ഇവർക്ക് വൈദ്യ സഹായം നൽകി. തുടർന്ന് 12 പേരെക്കൂടി  അപകടത്തിൽപ്പെട്ട കപ്പലിൽ നിന്ന് പുറത്തെത്തിച്ചു. റഷ്യ, ഫിലീപ്പീൻസ്, ഉക്രെയിൻ , ജോർജിയ എന്നിവടങ്ങളിൽ നിന്നുളളവരാണ് അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാർ. അപകടത്തിൽപ്പെട്ട കപ്പലിൽ നിന്ന് ചെറിയതോതിൽ സൾഫർ അടങ്ങിയ മറൈൻ ഗ്യാസ് ഓയിൽ കടലിൽ പടരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഇതിനിടെയാണ് വന്നത്.

കടലിൽ വീണ കണ്ടെയ്നറുകൾ കേരള തീരത്തടിഞ്ഞാൽ ആരും അടുത്തേക്ക് പോകരുതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. രക്ഷപ്പെടുത്തിയ ജീവനക്കാര്‍ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് കോസ്റ്റ് ഗാര്‍ഡ് അറിയിക്കുന്നത്. കടലിൽ ചാടിയവർക്കടക്കം ആവശ്യമായ വൈദ്യ സഹായം നൽകി. കൂടുതൽ ചികിസ്ത ആവശ്യമെങ്കിൽ കൊച്ചിയിലെത്തിച്ച് നൽകും.  കാലാവസ്ഥകൂടി പരിഗണിച്ച് കപ്പലിലെ കണ്ടെയ്നറുകൾ നീക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും. നാളെ രാവിലെയായിരിക്കും തുടര്‍ നടപടികള്‍.

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം