
കോട്ടയം: സിൽവർലൈൻ പദ്ധതി (silver line project)ഏറ്റവും അധികം ബാധിക്കുന്ന പഞ്ചായത്തുകളിൽ ഒന്നാണ് കോട്ടയം ജില്ലയിലെ മാടപ്പള്ളി(madappally). എട്ട് വാർഡുകളിലൂടേയും പദ്ധതി കടന്നുപോകുമ്പോൾ പഞ്ചായത്തിലെ മൂന്നിലൊന്ന് പ്രദേശം കുടിയൊഴിപ്പിക്കേണ്ടി വരും. ഗ്രാമപ്രദേശത്തെ ചില കവലകൾ അപ്രത്യക്ഷമാകും.
മാടപ്പള്ളിയിലെ 350 വീടുകൾ പൂർണമായും നഷ്ടപ്പെടും. 200 വീടുകൾ ഭാഗികമായും നഷ്ടമാകും. 50 ലേറെ കടകൾ ഒഴിയേണ്ടി വരും. വീടുകളും കടകളും മണ്ണടിയുമ്പോൾ അത് 3000 ത്തിലേറെ പേരെ നേരിട്ട് ബാധിക്കും. രണ്ട് സെന്‍റ് മുതൽ രണ്ടേക്കർ സ്ഥലം വരെ വിട്ടുകൊടുക്കേണ്ടി വരുന്നവരും ഇടത്തരം കർഷകരുടെ പഞ്ചായത്തായ മാടപ്പള്ളിയിലുണ്ട്. ചിലരുടെ പുരയിടങ്ങളുടെ ഒത്ത നടുവിലൂടെയാണ് പദ്ധതിയുടെ പോക്ക്.
എഴുത്തുപള്ളി പോലെയുള്ള മുന്ന് കവലകളാണ് ഇല്ലാതാകുക. നൂറിലേറെപേർ തിങ്ങിപ്പാർക്കുന്ന കൊട്ടാരംകുന്ന് കോളനിയെ പൂർണമായും പദ്ധതി വിഴുങ്ങും. മരിയൻ ലൈൻ കോളനിയുടെ പകുതിയും.ഇങ്ങനെ ഏഴര കിലോമീറ്ററിൽ മാടപ്പള്ളിയുടെ ഹൃദയവും ആത്മാവുമെല്ലാം സിൽവർലൈൻ കൊണ്ടുപോകും. മാടപ്പള്ളി തന്നെ ഭൂമുഖത്ത് നിന്ന് മാഞ്ഞുപോകുമെന്നാണ് ആശങ്ക
ഇതിനിടെ കെ റെയിൽ അതിരടയാള കല്ലിടലും പ്രതിഷേധവും ഇന്ന് തുടർന്നേക്കും . മലപ്പുറത്ത് കെ റെയില്‍ സര്‍വേ ഇന്ന് തവനൂരില്‍ നടക്കും. ഇന്നലെ സര്‍ക്കാര്‍ ഭൂമിയിലാണ് സര്‍വേയും അതിരടയാളക്കല്ല് സ്ഥാപിക്കൽ നടന്നത്.കാര്‍ഷിക സര്‍വകലാശാല ഭൂമിയിലെ സര്‍വേക്കെതിരെ ഇന്നലെ പ്രതിഷേധമുണ്ടായിരുന്നില്ല.ഇന്ന് പുറത്ത് സ്വകാര്യ വ്യക്തികളുടെ ഭൂമിയിലാണ് സര്‍വേയും അതിരാടയാളക്കല്ല് സ്ഥാപിക്കലും സർവേയും തീരുമാനിച്ചിട്ടുള്ളത്.ഇതിനെതിരെ ശക്തമായ പ്രതിഷേധം നാട്ടുകാരുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും ഭാഗത്തുനിന്നും ഇന്ന് തവനൂരിലുണ്ടാവും.പ്രതിഷേധം കണക്കിലെടുത്ത് കനത്ത പൊലീസ് കാവൽ തവനൂരില്‍ ഏര്‍പെടുത്തിയിട്ടുണ്ട്.
എറണാകുളം ചോറ്റാനിക്കരയിലും കെ റെയിൽ പ്രതിഷേധം തുടരുകയാണ്. കല്ലിടാൻ എത്തുന്ന ഉദ്യോഗസ്ഥരെ തടയാൻ ചോറ്റാനിക്കര തെക്കിനിയേത്ത് നിരപ്പിൽ നാട്ടുകാർ പന്തൽ കെട്ടി രാപ്പകൽ സമരം നടത്തുകയാണ്. പ്രദേശത്ത് അതിരടയാള കല്ല് സ്ഥാപിക്കാൻ കെറെയിൽ ഉദ്യോഗസ്ഥർ ഇന്ന് വീണ്ടുമെത്തും. പക്ഷേ ഒരു കാരണവശാലും കല്ല് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. കോൺഗ്രസിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം. കഴിഞ്ഞ മൂന്ന് ദിവസവും ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ല് കോൺഗ്രസ് പ്രവർത്തകർ പിഴുത് കുളത്തിൽ എറിഞ്ഞിരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam