ലൈഫ് ഭവന പദ്ധതിയുടെ ധാരണാപത്രം തയ്യാറാക്കിയത് റെഡ്‍ക്രസന്‍റ് ഏകപക്ഷീയമായി; നീക്കങ്ങള്‍ നടന്നത് തിടുക്കത്തില്‍

By Web TeamFirst Published Aug 19, 2020, 11:25 AM IST
Highlights


ലൈഫ് മിഷനും യുഎഇ റെഡ്‍ക്രസന്‍റും തമ്മിൽ 2019 ജൂലൈ പതിനൊന്നിനാണ് ധാരണാപത്രം ഒപ്പിട്ടത്. 

തിരുവനന്തപുരം: വ‍ടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിയുടെ ധാരണാപത്രം തയ്യാറാക്കിയത് യുഎഇ റെഡ്ക്രസന്‍റ് ഏകപക്ഷീയമായി. ധാരണപത്രം ഒപ്പിടുന്നതിന് മണിക്കൂറുകൾ മുമ്പ് മാത്രമാണ് ലൈഫ് സിഇഒ പോലും വിദേശ സഹകരണത്തെ കുറിച്ച് അറിഞ്ഞത്. തിടുക്കത്തിൽ നടപടികൾ പൂർത്തിയാക്കാൻ തദ്ദേശ സെക്രട്ടറി ലൈഫ് സിഇഒക്ക് നൽകിയ നിർദ്ദേശം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

ദുരൂഹതകൾ ബലപ്പെടുത്തുന്നതാണ് തദ്ദേശ സെക്രട്ടറി ടി കെ ജോസ് ലൈഫ് മിഷൻ സിഇഒക്ക് നൽകുന്ന നിർദേശം. ധാരണാപത്രം ഒപ്പിട്ട 2019 ജൂലൈ 11ന് തന്നെയാണ് ഈ കത്തും നൽകുന്നത്. പ്രളയബാധിതർക്ക് വീട് വച്ച് നൽകാൻ ധാരണാപത്രവുമായി യുഎഇ റെഡ്ക്രസന്‍റ് എത്തിയിട്ടുണ്ടെന്നും വൈകിട്ട് സംഘം മുഖ്യമന്ത്രിയെ കാണുമെന്നുമാണ് കത്തിൽ പറയുന്നത്. സ്വന്തം മിഷന് കീഴിലെ ഇത്രയും വലിയ പദ്ധതി സിഇഒ യു വി ജോസ് പോലും അറിയുന്നത് മണിക്കൂറുകൾക്ക് മുമ്പ് മാത്രം.

യുഎഇ റെഡ് ക്രസന്‍റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാപത്രം തീർത്തും ദുർബലമാണ്. തുടർക്കരാറുണ്ടാകുമെന്ന് പരാമർശിക്കുന്നുണ്ടെങ്കിലും ഉപകരാറൊന്നും സർക്കാർ പുറത്തുവിട്ടിട്ടില്ല. 2019 ജൂലൈ 11ന് യുഎഇ റെഡ്ക്രസന്‍റ് ധാരണാപത്രവുമായി എത്തുമ്പോൾ നിയമ വകുപ്പും വ്യക്തത തേടിയിരുന്നു. നയപരമായ തീരുമാനം ആവശ്യമാണെന്നും ,നഷ്ടം സംഭവിച്ചാൽ ആര് ഏറ്റെടുക്കണമെന്ന് വ്യക്തമാക്കണമെന്നും നിയമ വകുപ്പ് ആവശ്യപ്പെട്ടു. 

 


 

click me!